ബ്രിജ്ടൗണ് - വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വിളയാട്ടം. രവീന്ദ്ര ജദേജയും (6-0-37-3) കുല്‍ദീപ് യാദവും (3-2-6-4) ചേര്‍ന്ന് ആതിഥേയരെ എറിഞ്ഞിട്ടു. 23 ഓവറില്‍ 114 ന് വിന്‍ഡീസ് ഓളൗട്ടായി. അഞ്ച് വിക്കറ്റ് തുലച്ചെങ്കിലും ഇരുപത്തിരണ്ടോവറില് ഇന്ത്യ ജയം പിടിച്ചു. ഇശാന് കിഷന് അര്‍ധ ശതകം നേടി (46 പന്തില്‍ 52). ശുഭ്മന്‍ ഗില്ലും (7) സൂര്യകുമാര്‍ യാദവും (19) ഹാര്‍ദിക് പാണ്ഡ്യയും (5) അവസരം പാഴാക്കി. രോഹിത് ശര്‍മ അഞ്ചാമനായാണ് ബാറ്റിംഗിന് വന്നത്. വിരാട് കോലി ഇറങ്ങിയില്ല.
ക്യാപ്റ്റന്‍ ഷായ് ഹോപും (43) പുതുമുഖം അലിക് അതനാസെയും (22) മൂന്നിന് 88 ലെത്തിച്ച ശേഷമാണ് വിന്‍ഡീസ് നാടകീയമായി തകര്‍ന്നത്. 26 റണ്‍സിന് ഏഴു വിക്കറ്റ് നിലംപൊത്തി. ജദേജയുടെയും കുല്‍ദീപിന്റെയും ഇടങ്കൈയന്‍ സ്പിന്നിനു മുന്നില്‍ ആതിഥേയര്‍ക്ക് മറുപടിയില്ലായിരുന്നു. ആറാമതായി കുല്‍ദീപ് ബൗളിംഗിന് വന്നതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. പെയ്സ്ബൗളര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും (3-0-17-1) അരങ്ങേറ്റക്കാരന്‍ മുകേഷ്കുമാറും (5-1-22-1) ശാര്‍ദുല്‍ താക്കൂറും (3-1-14-1) അവശേഷിച്ച വിക്കറ്റുകള്‍ പങ്കുവെച്ചു. ഹോപ് ഒമ്പതാമനായാണ് പുറത്തായത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സഞ്ജു സാംസണിനെ പുറത്തിരുത്തിയ ഇന്ത്യ ഇശാന് കിഷനെയാണ് വിക്കറ്റ്കീപ്പിംഗ് ചുമതല ഏല്പിച്ചത്. ഏകദിന അരങ്ങേറ്റത്തില്‍ ആദ്യ ഓവര്‍ മെയ്ഡനാക്കിയ മുകേഷ് നാലാം ഓവറില്‍ അതനാസെയെ പുറത്താക്കി അക്കൗണ്ട് തുടങ്ങി.
പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പെയ്സ്ബൗളര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. വിശ്രമം നല്കാന് വേണ്ടിയാണ് ഇത്. സിറാജ് നാട്ടിലേക്കു മടങ്ങി. പകരം ആരെയും ടീമിലുള്‍പെടുത്തിയിട്ടില്ല. ടെസ്റ്റ് കളിക്കാരായ ആര്. അശ്വിന്, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത്, നവദീപ് സയ്നി എന്നിവരും നാട്ടിലേക്ക് തിരിച്ചു. സിറാജിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ താക്കൂറാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളര്‍. 35 കളികളില്‍ 50 വിക്കറ്റ്. അവശേഷിച്ച പെയ്സര്‍മാരായ ഉംറാന്‍ മാലിക്, ജയ്ദേവ് ഉനാദ്കത്, മുകേഷ്കുമാര്‍ എന്നിവര്‍ മൊത്തം കളിച്ചത് 15 ഏകദിനങ്ങളാണ്.
ഏഷ്യാ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയും ലോകകപ്പും വരാനിരിക്കെയാണ് സിറാജിന് വിശ്രമം നല്‍കിയിരിക്കുന്നത്. രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു പെയ്സര്‍.






