ജപ്പാന്‍ ഓപണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍

ടോക്കിയൊ - ഇന്ത്യക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ കിഡംബി ശ്രീകാന്തിനെ 19-21, 21-9, 21-9 ന് തകര്‍ത്ത് മലയാളി താരം എച്ച്.എസ് പ്രണോയ് ജപ്പാന്‍ ഓപണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലക്ഷ്യ സെന്നും സത്വിക് സായരാജ്-ചിരാഗ് ഷെട്ടി ജോഡിയും ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 
18-18 വരെ ഒപ്പത്തിനൊപ്പം നീങ്ങിയ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം പ്രണോയ് ഉജ്വല ഫോമിലേക്കുയര്‍ന്നു. ഒമ്പത് കളികളില്‍ മൂന്നാം തവണയാണ് ശ്രീകാന്തിനെ പ്രണോയ് തോല്‍പിക്കുന്നത്. ലക്ഷ്യ 21-14, 21-16 ന് ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡലുകാരന്‍ കാന്‍ഡ സുനെയാമയെ തോല്‍പിച്ചു. ജപ്പാന്‍കാരന്‍ ആദ്യ റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ആന്റണി സിനിസുക ഗിന്‍ഡിംഗിനെ തോല്‍പിച്ച ആവേശത്തിലായിരുന്നു. 
കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്മാരായ സത്വികും ചിരാഗും 21-17, 21-11 ന് ഡെന്മാര്‍ക്കിന്റെ ജെപ് ബേ-ലാസ് മോള്‍ഹിഡ് സഖ്യത്തെ തോല്‍പിച്ചു. ഒളിംപിക് ചാമ്പ്യന്മാരായ ചൈനയുടെ ലീ യാംഗ്-വാംഗ് ചിലിന്‍ സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. 

Latest News