ലോകകപ്പില്‍ ആഫ്രിക്കന്‍ വീരഗാഥ

ബ്രിസ്‌ബെയ്ന്‍ - പുരുഷ ലോകകപ്പ് ഫുട്‌ബോളില്‍ മൊറോക്കൊ ചരിത്രമെഴുതിയതിന് പിന്നാലെ വനിതാ ലോകകപ്പിലും ആഫ്രിക്കന്‍ വീരഗാഥ. ആതിഥേയരും കിരീടപ്രതീക്ഷകളുമായ ഓസ്‌ട്രേലിയയെ അഞ്ച് ഗോള്‍ ത്രില്ലറില്‍ നൈജീരിയ 3-2 ന് അട്ടിമറിച്ചു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേയില്‍ അമേരിക്കയെ നെതര്‍ലാന്റ്‌സ് 1-1 ന് തളച്ചു. പോര്‍ചുഗല്‍ 2-0 ന് വിയറ്റ്‌നാമിനെ തോല്‍പിച്ചു. 
ബ്രിസ്‌ബെയ്‌നില്‍ അര ലക്ഷം കാണികള്‍ക്കു മുന്നില്‍ പകരക്കാരിയായി ഇറങ്ങിയ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ അസീസത് ഒഷോലയണാണ് ആഫ്രിക്കന്‍ ചരിത്രമെഴുതിയത്. 63ാം മിനിറ്റില്‍ കളത്തിലിറങ്ങി രണ്ടു മിനിറ്റിനകം നൈജീരിയ 2-1 ന് മുന്നിലെത്തി. ഒമ്പതു മിനിറ്റിനു ശേഷം വിജയ ഗോളടിച്ച ഒഷോല കുപ്പായമൂരിയാണ് അത് ആഘോഷിച്ചത്. തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പിലാണ് ഒഷോല സ്‌കോര്‍ ചെയ്യുന്നത്. കഴിഞ്ഞ 11 കളികളില്‍ പത്തും ജയിച്ച ടീമാണ് ഓസ്‌ട്രേലിയ. 
നൈജീരിയ ആദ്യ കളിയില്‍ ഒളിംപിക് ചാമ്പ്യന്മാരായ കാനഡയെ സമനിലയില്‍ തളച്ചിരുന്നു. തിങ്കളാഴ്ച കാനഡയെ തോല്‍പിച്ചാലേ ഓസ്‌ട്രേലിയക്ക് മുന്നേറാനാവൂ. ഓസ്‌ട്രേലിയ ആദ്യ കളിയില്‍ അയര്‍ലന്റിനെ 1-0 ന് തോല്‍പിച്ചിരുന്നു. അരങ്ങേറ്റക്കാരായ അയര്‍ലന്റിനെയാണ് നൈജീരിയക്ക് നേരിടേണ്ടത്. 

Latest News