പ്രിസീസണ്‍: ഇന്ററിനെയും  തളച്ച് അന്നസ്ര്‍

ഒസാക്ക - സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ സൗദിയിലെ അന്നസ്ര്‍ ക്ലബ്ബ് ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനുമായി 1-1 സമനില പാലിച്ചു. ചാമ്പ്യന്‍സ് ലീഗ് റണ്ണേഴ്‌സ്അപ്പാണ് ഇന്റര്‍. ജപ്പാനില്‍ തന്നെ നടന്ന ആദ്യ മത്സരത്തില്‍ പി.എസ്.ജിയുമായും അന്നസ്ര്‍ ഗോള്‍രഹിത സമനില നേടിയിരുന്നു. 
ഇന്ററിനെതിരെ ഇടവേളക്കു ശേഷം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെ അന്നസ്ര്‍ കളിപ്പിച്ചില്ല. ആദ്യ പകുതിയുടെ മധ്യത്തോടെ അന്നസ്‌റാണ് ലീഡ് നേടിയത്. അബ്ദുറഹമാന്‍ ഗരീബ് സ്‌കോര്‍ ചെയ്തു. ഇടവേളക്ക് ഒരു മിനിറ്റ് മുമ്പ് ഡേവിഡ് ഫ്രറ്റേസി ഗോള്‍ മടക്കി. 
ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് അന്നസ്‌റില്‍ ചേര്‍ന്ന ബ്രസീല്‍ ഡിഫന്റര്‍ അലക്‌സ് ടെലിസ് പുതിയ ക്ലബ്ബിനായി ആദ്യ മത്സരത്തിന് ഇറങ്ങി. ഇരുപതാം മിനിറ്റില്‍ അന്നസ്‌റിന് ആദ്യ അവസരമൊരുക്കിയത് ടെലിസാണ്. ബ്രസീലുകാരന്‍ തന്നെയായ ടാലിസ്‌കയുടെ ഹെഡര്‍ ഇന്റര്‍ ഗോളി ഫിലിപ് സ്റ്റാന്‍കോവിച് രക്ഷിച്ചു. രണ്ടു മിനിറ്റിനു ശേഷം ക്രിസ്റ്റിയാനോയുടെ ലോംഗ്‌റെയ്ഞ്ചര്‍ ലക്ഷ്യം തെറ്റി. തൊട്ടുടനെ ടാലിസ്‌ക ചിപ്പ് ചെയ്ത പന്തില്‍ നിന്നാണ് ഗരീബ് സ്‌കോര്‍ ചെയ്തത്. 
ലൗതാരൊ മാര്‍ടിനേസും ജോവാക്വിന്‍ കൊറിയയും അവസരങ്ങള്‍ തുലച്ച ശേഷമാണ് ഫ്രറ്റേസി ഇന്ററിന്റെ രക്ഷകനായത്. ഡെന്‍സല്‍ ഡെംഫ്രീസിന്റെ ക്രോസ് ഹെഡറിലൂടെ ഫ്രറ്റേസി വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ ലൗതാരൊ രണ്ട് തുറന്ന അവസരങ്ങള്‍ കൂടി തുലച്ചു. 
 


 

Latest News