ലിവര്‍പൂള്‍ -ഒരു വ്യാഴവട്ടക്കാലം ചെലവിട്ട ലിവര്‍പൂളിനോടും ആരാധകരോടും വിട ചോദിച്ച് ക്യാപ്റ്റന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്‍. സൗദി ക്ലബ്ബ് അല്‍ഇത്തിഫാഖില്‍ ചേരാനൊരുങ്ങുകയാണ് മുപ്പത്തിമൂന്നുകാരന്‍. ലിവര്‍പൂളും അല്‍ഇത്തിഫാഖും 1.55 കോടി ഡോളറിന്റെ കരാറിലെത്തിയെന്നാണ് സൂചന. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലിവര്‍പൂള്‍ ആരാധകരോട് വിട ചോദിച്ച് മിഡ്ഫീല്‍ഡര്‍ വീഡിയൊ പോസ്റ്റ് ചെയ്തു. ലിവര്‍പൂളിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും മരണം വരെ താന്‍ ലിവര്‍പൂളിന്റെ ചെങ്കുപ്പായത്തിന്റെ ആരാധകരനായി തുടരുമെന്നും ഹെന്‍ഡേഴ്‌സന്‍ പറഞ്ഞു. 2019 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും പിറ്റേ വര്‍ഷം പ്രീമിയര്‍ ലീഗ് കിരീടവും നേടിയ ടീമിനെ നയിച്ചത് ഹെന്‍ഡേഴ്‌സനാണ്.
ലിവര്‍പൂള്‍ മധ്യനിരയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായിരുന്ന സ്റ്റീവന്‍ ജെറാഡിനെ ഈയിടെ ഇത്തിഫാഖിന്റെ കോച്ചായി നിയമിച്ചിരുന്നു. ഇത്തിഫാഖില്‍ പ്രതിവാരം ഹെന്‍ഡേഴ്‌സന് ഏഴ് ലക്ഷം പൗണ്ട് പ്രതിഫലം ലഭിക്കും. 2011 ല്‍ സന്ദര്‍ലാന്റില്‍ നിന്നാണ് ഹെന്‍ഡേഴ്‌സന്‍ ലിവര്‍പൂളിലെത്തിയത്. ജെറാഡിന്റെ പിന്‍ഗാമിയായി 2015 ല്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു.






