ന്യൂദല്‍ഹി - ഇന്ത്യയുടെ പുരുഷ, വനിതാ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി. ഒമ്പത് വര്‍ഷത്തിനിടയിലാദ്യമായാണ് ഇന്ത്യന്‍ ടീം ഏഷ്യാഡില്‍ കളിക്കുക. ഏഷ്യയില്‍ ആദ്യ എട്ട് റാങ്കിലെത്തിയാലേ ഏഷ്യാഡില്‍ കളിക്കാന്‍ അനുമതി നല്‍കൂ എന്ന നിബന്ധനയില്‍ സ്പോര്‍ട്സ് മന്ത്രാലയം ഇളവ് നല്‍കുകയായിരുന്നു. ഇന്ത്യന്‍ ടീമിന് ഏഷ്യാഡില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാച് അഭ്യര്‍ഥിച്ചിരുന്നു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സര്‍ക്കാരിനും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും നന്ദി പറഞ്ഞു. ഇന്ത്യന്‍ പുരുഷ ടീം തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടിയിരുന്നു, ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലും സാഫ് ചാമ്പ്യന്‍ഷിപ്പിലും.






