ഒളിംപിക് ഗോളടിച്ച് ഐറിഷ് കളിക്കാരി 

പെര്‍ത്ത് - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അപൂര്‍വമായ ഒളിംപിക് ഗോളടിച്ച് അയര്‍ലന്റിന്റെ കെയ്തി മക്കാബെ. ഒളിംപിക് ചാമ്പ്യന്മാരായ കാനഡക്കെതിരായ മത്സരത്തിലാണ് കോര്‍ണര്‍ കിക്ക് നേരെ മക്കാബെ ഗോളാക്കിയത്. വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ അയര്‍ലന്റിന്റെ ആദ്യ ഗോളാണ്. ടൂര്‍ണമെന്റ് ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ചതും. നാലാം മിനിറ്റില്‍ ലീഡ് നേടിയെങ്കിലും മത്സരം അയര്‍ലന്റ് 1-2 ന് തോറ്റു. കോര്‍ണര്‍ കിക്ക് നേരെ ഗോളാവുന്നത് ഫുട്‌ബോളില്‍ അപൂര്‍വമാണ്.

കോസ്റ്ററീക്കയെ 2-0 ന് തോല്‍പിച്ച് ജപ്പാനും സാംബിയയെ 5-0 ന് തരിപ്പണമാക്കി സ്‌പെയിനും വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടിലേക്ക് മുന്നേറി. നോക്കൗട്ടിലെത്തുന്ന ആദ്യ ടീമുകളാണ് ഇവ. ഗ്രൂപ്പില്‍ ആര് മുന്നിലെത്തുമെന്ന് നിശ്ചയിക്കാന്‍ ഈ ടീമുകള്‍ തിങ്കളാഴ്ച ഏറ്റുമുട്ടും. സമനിലയായാല്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനം നേടും. 
തന്റെ നൂറാം മത്സരത്തില്‍ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസൊ രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സ്‌പെയിനിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരിയാണ് ഹെര്‍മോസൊ. പതിമൂന്നാം മിനിറ്റില്‍ അലക്‌സിയ പുടേലാസിന്റെ ക്രോസില്‍ നിന്നാണ് ഹെര്‍മോസൊ ആദ്യ ഗോള്‍ കണ്ടെത്തിയത്. എഴുപതാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ചെയ്തു. ആല്‍ബ റിഡോണ്ടോയും രണ്ടു ഗോളടിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള കിടിലന്‍ ഷോട്ടോടെ തെരേസ അബലീരിയയാണ് ഗോള്‍മഴ തുടങ്ങിവെച്ചത്. സാംബിയയുടെ ആദ്യ രണ്ടു ഗോളിക്ക് പരിക്കേല്‍ക്കുകയും രണ്ടാം ഗോളി ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്തതിനാല്‍ മൂന്നാം ഗോളിയാണ് വല കാത്തത്. 
ആദ്യ പകുതിയില്‍ രണ്ട് മിനിറ്റിനിടയിലാണ് കോസ്റ്ററീക്കക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ജപ്പാന്‍ രണ്ടു ഗോളുമടിച്ചത്. തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പിലാണ് ജപ്പാന്‍ നോക്കൗട്ടിലേക്ക് മുന്നേറുന്നത്. ഇരുപത്തഞ്ചാം മിനിറ്റില്‍ ഹികാരു നവോമിതോയും രണ്ടു മിനിറ്റിനു ശേഷം ടീനേജര്‍ അവോബ ഫൂജിനോയും സ്‌കോര്‍ ചെയ്തു. 25 തവണ നിറയൊഴിച്ചിട്ടും ജപ്പാന് കൂടുതല്‍ ഗോള്‍ നേടാനായില്ല. 

Latest News