സാദിയോയും സൗദിയിലേക്ക്, അന്നസ്‌റില്‍ ചേരുമെന്ന് സൂചന 

ടോക്കിയൊ - ബയേണ്‍ മ്യൂണിക്കിന്റെ സെനഗളീസ് സ്‌ട്രൈക്കര്‍ സാദിയൊ മാനെ സൗദി ഫുട്‌ബോളിലേക്ക്. ബയേണുമായി രണ്ടു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ ആദ്യ സീസണ്‍ തീര്‍ത്തും നിരാശാജനകമായ സാഹചര്യത്തിലാണ് സ്‌ട്രൈക്കറെ ക്ലബ്ബ് കൈയൊഴിയുന്നത്. അന്നസ്‌റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കൂടെ ചേരാനാണ് മുപ്പത്തൊന്നുകാരന് ക്ഷണം ലഭിച്ചിരിക്കുന്നത്. മാനെയുടെ ഉപദേഷ്ടാവ് അന്നസ്ര്‍ പ്രതിനിധികളുമായി ചര്‍ച്ചയാരംഭിച്ചതായാണ് സൂചന. ലിവര്‍പൂളില്‍ നിന്നാണ് മാനെ കഴിഞ്ഞ വര്‍ഷം ബയേണിലെത്തിയത്. ബയേണില്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഒഴിവ് നികത്തുമെന്ന് കരുതിയ മാനെ പരിക്കുകളാല്‍ വലയുകയായിരുന്നു. സഹതാരം ലിറോയ് സാനെക്കെതിരായ മോശം പെരുമാറ്റത്തിന് ഒരു കളിയില്‍ വിലക്ക് ലഭിക്കുകയും ചെയ്തു. 38 കളികളില്‍ 12 ഗോളാണ് ബയേണില്‍ മാനെയുടെ സമ്പാദ്യം. നവംബറില്‍ കാലിന് പരിക്കേല്‍ക്കുകയും ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്ത ശേഷം ഒരു ഗോളാണ് അടിച്ചത്. 

Latest News