ബ്രിജ്ടൗണ്‍ - മുക്കിയും മുടന്തിയും മുന്നോട്ടുപോവുന്ന വണ്ടിയെ പോലെയാണ് സഞ്ജു സാംസണിന്റെ രാജ്യാന്തര കരിയര്‍. 11 ഏകദിനങ്ങള്‍ മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചത്. വെറും 17 ട്വന്റിയും. ഏതാണ്ട് ഒരു പതിറ്റാണ്ടായി സഞ്ജു ദേശീയ ടീമിന്റെ ചുറ്റുവട്ടത്തുണ്ട്. ഒരു ദിനം കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം, അടുത്ത ദിനം കണ്ണ് തള്ളുന്ന തകര്‍ച്ച. അതാണ് മലയാളി വിക്കറ്റ്കീപ്പറുടെ രീതി. കെ.എല്‍ രാഹുലും റിഷഭ് പന്തും വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വെസ്റ്റിന്‍ഡീസില്‍ മൂന്ന് ട്വന്റി20 കളും മൂന്ന് ഏകദിനങ്ങളും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്ന് ഈ കളികള്‍ നിശ്ചയിക്കും.
രാഹുല്‍ പരിക്ക് മാറി എത്തിയാലും ഇന്ത്യക്ക് ഒരു റിസര്‍വ് വിക്കറ്റ്കീപ്പറെ ആവശ്യമായി വരും. റിഷഭ് പന്ത് അടുത്തൊന്നും തിരിച്ചെത്താന്‍ സാ്ധ്യതയില്ല. ആ സ്ഥാനത്തിനായാണ് സഞ്ജുവും ഇശാന്‍ കിഷനും മത്സരിക്കുക. ഇടങ്കൈയനാണെന്നത് ഇശാന് അനുകൂല ഘടകമാണ്. മുന്‍നിര ബാറ്ററാണെന്നത് പ്രതികൂലവും. ഇശാനെ കളിപ്പിച്ചാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തണം. രോഹിത് ശര്‍മക്കും ശുഭ്മന്‍ ഗില്ലിനും വിരാട് കോലിക്കുമിടയില്‍ ഇശാനെ കളിപ്പിക്കാന്‍ പ്രയാസപ്പെടും. സഞ്ജുവിന് വേണമെങ്കില്‍ മുന്‍നിരയിലും മധ്യനിരയിലും കളിക്കാനാവും. ഫിനിഷറുടെ റോളും ചേരും. അതീവ റിസ്‌കുള്ള ശൈലിയാണെന്നതാണ് സഞ്ജുവിന്റെ ദൗര്‍ബല്യം.
ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് 12 ഏകദിനങ്ങളാണ് കളിക്കാനാവുക. ഈ കളികളില്‍ സഞ്ജുവിന് അവസരം ലഭിക്കുമോ, ലഭിച്ചാലും സ്ഥിരത പുലര്‍ത്താനാവുമോ എന്നതിനെ ആശ്രയിച്ചിരിക്കും താരത്തിന്റെ ഭാവി.






