ക്വാലാലംപൂര് - ഒരു രാജ്യാന്തര ട്വന്റി20 മത്സരത്തില് ഏഴു വിക്കറ്റെടുത്ത് മലേഷ്യന് പെയ്സ്ബൗളര് സ്യാസുറുല് ഇദറൂസ് ചരിത്രം സൃഷ്ടിച്ചു (4-1-8-7). ചൈനയുടെ ഏഴ് ബാറ്റര്മാരെ ഇദറൂസ് ബൗള്ഡാക്കുകയായിരുന്നു. കൗണ്ടി ക്രിക്കറ്റില് ലെസ്റ്റഷയറിന്റെ കോളിന് അക്കര്മാന് ബേമിംഗ്ഹാം ബിയേഴ്സിനെതിരെ 18 റണ്സ് വഴങ്ങി ഏഴു വിക്കറ്റെടുത്തിരുന്നു. ഇന്റര്നാഷനല് ക്രിക്കറ്റില് നിലവിലെ റെക്കോര്ഡ് നൈജീരിയയുടെ പീറ്റര് അഹോയുടെ പേരിലാണ്, സിയറാലിയോണിനെതിരെ അഞ്ച് റണ്സിന് ആറു വിക്കറ്റ് (2021). ടെസ്റ്റ് ടീമുകളില് മികച്ച പ്രകടനം ഇന്ത്യയുടെ ദീപക് ചഹറിന്റേതാണ്, 2019 ല് ബംഗ്ലാദേശിനെതിരെ ഏഴ് റണ്സിന് ആറു വിക്കറ്റ്.
ബാറ്റിംഗ് തെരഞ്ഞെടുത്ത ചൈന വിക്കറ്റ് നഷ്ടപ്പെടാതെ നാലോവറില് 12 ലെത്തിയ ശേഷമാണ് ഇദറൂസ് നാശം വിതച്ചത്. ആ ഓവറില് നാല് വിക്കറ്റാണ് പെയ്സര് സ്വന്തമാക്കിയത്. അടുത്ത ഓവറില് ഒരു വിക്കറ്റ് നേടി. മെയ്ഡനായ അവസാന ഓവറില് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി. ഒമ്പതോവറില് ഒമ്പതിന് 20 ആയിരുന്നു സ്കോര്. 23 റണ്സിന് ഓളൗട്ടായി. 4.5 ഓവറില് മലേഷ്യ വിജയം നേടി.






