മുംബൈ - ഇന്ത്യ വിരുന്നൊരുക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏവരും ഉറ്റുനോക്കുന്ന ഇന്ത്യ-പാക്കിസ്ഥാന് മത്സരം ഒരു ദിവസം നേരത്തെയാക്കും. ഒക്ടോബര്‍ 15 ന് അഹമ്മദാബാദിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അന്ന് നവരാത്രി ഉത്സവങ്ങളുടെ തുടക്കമാണ്. അതിനാല്‍ മത്സരം ഒരു ദിവസം മുമ്പ് നടത്താനാണ് നീക്കം. ഇന്ത്യ-പാക്കിസ്ഥാന് മത്സരം നീട്ടുന്നത് ലോകകപ്പിന്റെ മൊത്തം മത്സരക്രമത്തെ ബാധിക്കും. ഒരുപാട് വൈകി പ്രഖ്യാപിച്ച മത്സരക്രമത്തില്‍ വീണ്ടും മാറ്റം വരുന്നത് ആരാധകരുടെ ഒരുക്കങ്ങളെ തകിടം മറിക്കുകയും ചെയ്യും.
നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്ന ഒക്ടോബര്‍ 15 ന് ഇന്ത്യ-പാക്കിസ്ഥാന് മത്സരം നടത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പ്രാദേശിക പോലീസ് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. ബി.സി.സി.ഐ വിവരം ഐ.സി.സിക്കു കൈമാറിയിട്ടുണ്ടെങ്കിലും തീരുമാനമെടുത്തിട്ടില്ല. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുടെ യോഗം ബി.സി.സി.ഐ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആ യോഗത്തിനു ശേഷമേ അന്തിമ തീരുമാനമുണ്ടാവൂ.
നിലവിലെ ഷെഡ്യൂളനുസരിച്ച് ഒക്ടോബര്‍ 14 ന് രണ്ടു മത്സരങ്ങളുണ്ട്. ദല്‍ഹിയില്‍ പകല്‍ ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന് മത്സരവും ചെന്നൈയില്‍ രാത്രിയും പകലുമായി ന്യൂസിലാന്റ്-ബംഗ്ലാദേശ് പോരാട്ടവും. മൂന്നാമതൊരു മത്സരം കൂടി അന്ന് നടത്തുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
നിലവിലെ മത്സരക്രമമനുസരിച്ച് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം ആരംഭിക്കുന്നത് ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ്. 11 ന് ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. 15 ന് പാക്കിസ്ഥാനുമായി കളിച്ച ശേഷം 19 ന് പൂനെയില്‍ ബംഗ്ലാദേശുമായി മാറ്റുരക്കും. ഒക്ടോബര്‍ ആറിന് ഹൈദരാബാദില്‍ നെതര്‍ലാന്റ്സിനെതിരെയാണ് പാക്കിസ്ഥാന് തുടങ്ങുക. 12 ന് ശ്രീലങ്കയെ നേരിടും. ഇന്ത്യയുമായി കളിച്ച ശേഷം 20 ന് ബംഗ്ലാദേശുമായാണ് മത്സരം. 14 ലേക്ക് ഇന്ത്യ-പാക്കിസ്ഥാന് മത്സരം മാറ്റുന്നത് പാക്കിസ്ഥാന് ബുദ്ധിമുട്ട് സൃഷ്ടിക്കും. ശ്രീലങ്കക്കും ഇന്ത്യക്കുമെതിരായ മത്സരങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയേ ഉണ്ടാവൂ.
ഏറെ കാത്തിരുന്ന് മത്സരക്രമം പുറത്തുവിട്ട് ഒരു മാസത്തോളം കഴിഞ്ഞാണ് പുതിയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. ബി.സി.സി.ഐ ഇതുവരെ ടിക്കറ്റ് വില്പനയുടെ വിവരങ്ങള്‍ അറിയിച്ചിട്ടില്ല. എങ്കിലും ആരാധകര്‍ ഹോട്ടല്‍, ഫ്ളൈറ്റ് ബുക്കിംഗ് നടത്തിയിട്ടുണ്ടാവും. പ്രത്യേകിച്ചും ഇന്ത്യ-പാക് മത്സരത്തിന് വന്‍ ഡിമാന്റുള്ളതാണ്.






