സാഗ്‌രിബ് - ദേശീയവികാരം ജ്വലിച്ചുനിന്ന സായാഹ്നത്തിൽ ക്രൊയേഷ്യൻ ഫുട്‌ബോൾ ടീമിന് സാഗ്‌രിബിൽ വീരോചിത സ്വീകരണം. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോട് തോറ്റെങ്കിലും ടീമിന്റെ പ്രകടനം രാജ്യത്തുടനീളം ആവേശതരംഗമാണ് പടർത്തിയത്. കളിക്കാരെ ഇന്നലെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. ടീമിന് ഇനി ഇത്രയും ഉയരങ്ങളിലെത്താനാവുമോയെന്ന് പലരും ആശങ്കിച്ചു.
ടീം നിറങ്ങളണിഞ്ഞും ക്രൊയേഷ്യൻ പതാക പറത്തിയും ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. നാട്ടിൻപുറങ്ങളിൽ നിന്നു പോലും സാഗ്‌രിബിലെത്തി. ക്രൊയേഷ്യൻ റെയിൽവെ കമ്പനി ടിക്കറ്റ് നിരക്ക് പകുതിയാക്കിയിരുന്നു. പൊതുഗതാഗത സംവിധാനങ്ങൾ സൗജന്യമായിരുന്നു.
'നെഞ്ചൂക്കുള്ളവർ, ക്രൊയേഷ്യയുടെ അഭിമാന താരങ്ങൾ' എന്നെഴുതിയ ബസ്സിലാണ് കളിക്കാരെ വിമാനത്താവളത്തിൽ നിന്ന് ആനയിച്ചത്. റഷ്യയിൽ നിന്ന് കളിക്കാരുമായി വന്ന വിമാനം തങ്ങളുടെ വ്യോമാതിർത്തി കടന്നതോടെ ക്രൊയേഷ്യൻ വ്യോമസേനാ വിമാനങ്ങളെത്തി സ്വീകരിച്ചു. ചാമ്പ്യൻസ്, ചാമ്പ്യൻസ് എന്ന ആർപ്പുവിളിയാണ് വിമാനമിറങ്ങിയ കളിക്കാരെ വരവേറ്റത്. 1990 കളുടെ തുടക്കത്തിൽ യൂഗോസ്ലാവ്യയിൽ നിന്ന് സ്വതന്ത്രമായ ശേഷം ക്രൊയേഷ്യയുടെ കായികചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്.






