ഹവാന - റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ് എന്നാണ് വെയ്പ്. എന്നാല്‍ ഹവിയര്‍ സോട്ടോമയറുടെ പേരിലുള്ള ഹൈജമ്പ് ലോക റെക്കോര്‍ഡിന് 30 വര്‍ഷം കഴിഞ്ഞിട്ടും ഇളക്കം തട്ടിയില്ല. 1993 ല്‍ സ്പെയിനിലെ സാലമാങ്കയിലാണ് അമ്പത്തഞ്ചുകാരന് 2.45 മീറ്റര്‍ പിന്നിട്ടത്. യഥാര്‍ഥത്തില്‍ സോട്ടോമയര്‍ ലോക റെക്കോര്ഡുകാരനായിട്ട് 35 വര്‍ഷമായി. 1988 ല്‍ 2.43 മീറ്റര്‍ ചാടി ഇന്‍ഡോര്‍ ലോക റെക്കോര്‍ഡാണ് ക്യൂബക്കാരന് ആദ്യം സ്വന്തമാക്കിയത്. അടുത്ത വര്‍ഷം പ്യൂര്ടോറിക്കോയില് 2.44 മീറ്റര്‍ ചാടി.
സ്വീഡന്റെ പാട്രിക് സ്യോബര്ഗ്, കസാഖിസ്ഥാന്റെ ഇഗോര്‍ പാകലിന്, അമേരിക്കയുടെ ചാള്‍സ് ഓസ്റ്റിന്‍ എന്നിവരൊക്കെ 2.40 മീറ്ററില്‍ കൂടുതല്‍ ചാടിയവരാണ്. എന്നാല്‍ ആര്‍ക്കും റെക്കോര്‍ഡില്‍ തൊടാനായില്ല. 2014 ല്‍ ഖത്തറിന്റെ മുതാസ് ഈസ ഇബ്രാഹിം 2.43 മീറ്ററും ഉക്രൈന്റെ ബോഗ്ദാന്‍ ബോന്തരെങ്കൊ 2.42 മീറ്ററും പിന്നിട്ടിരുന്നു. പതിനഞ്ചാം വയസ്സില്‍ 1.99 മീറ്റര്‍ ചാടിയ പുത്രന് ജാസിയറും പിതാവിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു.






