വനിതാ ലോകകപ്പ്: ആതിഥേയരെ  ഞെട്ടിച്ച് ഫിലിപ്പൈന്‍സ്

വെല്ലിംഗ്ടണ്‍ - വനിതാ ലോകകപ്പ് ഫുട്‌ബോളിലെ ആദ്യത്തെ പ്രധാന അട്ടിമറിയില്‍ അരങ്ങേറ്റക്കാരായ ഫിലിപ്പൈന്‍സ് ആതിഥേയരായ ന്യൂസിലാന്‍രിനെ 1-0 ന് തോല്‍പിച്ചു. ഫിലിപ്പൈന്‍സിന്റെ ആദ്യ വിജയവും ആദ്യ ഗോളുമാണ് ഇത്. ആറാം ലോകകപ്പ് കളിക്കുന്ന ന്യൂസിലാന്റ് ആറു ദിവസം മുമ്പാണ് ആദ്യ വിജയം ആഘോഷിച്ചത്, നോര്‍വെക്കെതിരെ. ഫിലിപ്പൈന്‍സിനെ തോല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ നോക്കൗട്ടിലേക്ക് മുന്നേറുന്ന ആദ്യ ടീമായേനേ.
സറീന ബോള്‍ഡനാണ് ഇരുപത്തിനാലാം മിനിറ്റില്‍ ചരിത്ര വിജയം നിര്‍ണയിച്ച ഗോളടിച്ചത്. പിന്നീട് ന്യൂസിലാന്റ് ഗോള്‍ മടക്കാന്‍ എല്ലാ ശ്രമവും നടത്തിയെങ്കിലും ഗോളി ഒലീവിയ മക്ഡാനിയേലിനെ കീഴടക്കാനായില്ല. ഫിലിപ്പൈന്‍സ് ടീമിലെ അമേരിക്കയില്‍ ജനിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന 18 കളിക്കാരിലൊരാളാണ് ഒലീവിയ. ഒലീവിയ രണ്ടു തവണ രക്ഷക്കെത്തിയ ഇഞ്ചുറി ടൈം പിരിമുറുക്കം നിറഞ്ഞതായിരുന്നു. അതിന്റെ എല്ലാ ആശ്വാസവും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അണ പൊട്ടി. ന്യൂസിലാന്റില്‍ വലിയ തോതില്‍ ഫിലിപ്പൈനികളുണ്ട്. ഗാലറിയിലും അവര്‍ക്ക് ഏറെ പിന്തുണയുണ്ടായിരുന്നു. 
ഫിലിപ്പൈന്‍സ് ആദ്യ കളിയില്‍ സ്വിറ്റ്‌സര്‍ലന്റിനോട് തോറ്റിരുന്നു. സ്വിറ്റ്‌സര്‍ലന്റ് രണ്ടാമത്തെ കളിയില്‍ നോര്‍വെയുമായി ഗോള്‍രഹിത സമനില നേടി. ഇതോടെ ഗ്രൂപ്പ് എ-യില്‍ ആര്‍ക്കും മുന്നേറാമെന്ന അവസ്ഥയാണ്. സ്വിറ്റ്‌സര്‍ലന്റാണ് നാലു പോയന്റുമായി മുന്നില്‍. ന്യുൂസിലാന്റിനും ഫിലിപ്പൈന്‍സിനും മൂന്നു പോയന്റുണ്ട്. നോര്‍വെക്ക് ഒന്നും. 

Latest News