സിഡ്‌നി - അമേരിക്കയില്‍ ജനിച്ച തെക്കന്‍ കൊറിയന്‍ താരം കെയ്‌സി ഫയര്‍ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന പ്രായം കുറഞ്ഞ കളിക്കാരിയായി. 16 വയസ്സും 26 ദിവസവും പ്രായമുള്ള കെയ്‌സി കൊളംബിയക്കെതിരായ മത്സരത്തില്‍ എഴുപത്തെട്ടാം മിനിറ്റില്‍ കളത്തിലിറങ്ങി. തെക്കന്‍ കൊറിയക്കാരിയാണ് കെയ്‌സിയുടെ മാതാവ്. പിതാവ് അമേരിക്കക്കാരനും. അമേരിക്കയിലാണ് വളര്‍ന്നത്.
നെഞ്ചിടിപ്പോടെയാണ് ഗ്രൗണ്ടിലിറങ്ങിയതെന്നും കുറച്ച് ഓടിയപ്പോഴാണ് മനസ്സ് തണുത്തതെന്നും കെയ്‌സി പറഞ്ഞു. 1999 ലെ ലോകകപ്പില്‍ 16 ദിവസവും 34 ദിവസവും പ്രായമുള്ളപ്പോള്‍ കളിച്ച നൈജീരിയയുടെ ഇഫേനി ചിയേജിനെയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
ഗ്രൗണ്ടിലുള്ള 17 മിനിറ്റും കെയ്‌സി പന്തിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ലഭ്യമായ എല്ലാ അവസരത്തിലും കൊളംബിയന്‍ കളിക്കാരില്‍ നിന്ന് പന്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തി. 16 വയസ്സുള്ള മറ്റു രണ്ടു പേര്‍ കൂടി ഈ ലോകകപ്പിനുണ്ട്. ഇറ്റലിയുടെ ജിയൂലിയ ദ്രാഗോണിയും കോസ്റ്ററീക്കയുടെ ഷെയ്ഖ സ്‌കോടും. 17 വയസ്സുള്ള നാലു പേര്‍ വിവിധ ടീമുകളിലായി കളിക്കുന്നു. 32 ടീനേജര്‍മാര്‍ ഈ ലോകകപ്പിലുണ്ട്. അവരിലൊരാള്‍ കൊളംബിയക്കു വേണ്ടി ഗോളടിച്ച ലിന്‍ഡ സായ്‌സീദോയാണ്. കാന്‍സര്‍ രോഗം ഭേദമായി ജീവിതത്തില്‍ തിരിച്ചെത്തിയ പതിനെട്ടുകാരി ലോകകപ്പ് അരങ്ങേറ്റത്തില്‍ കൊറിയക്കെതിരെ ഗോളടിക്കുകയും പ്ലയര്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. ടൂര്‍ണമെന്റിലെ പ്രായം കുറഞ്ഞ ഗോള്‍സ്‌കോററാണ് ലിന്‍ഡ.






