രഹാനെക്ക് ഇനി അവസരം കിട്ടുമോ? ഇന്ത്യക്ക് ടെസ്റ്റില്‍ ദീര്‍ഘ ഇടവേള

പോര്‍ട് ഓഫ് സ്‌പെയിന്‍ - വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം മത്സരം വിജയിക്കാനാവാത്തതിന്റെ നിരാശയോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നീണ്ട വിശ്രമമെടുക്കുന്നു. ഡിംബറിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ്. ദക്ഷിണാഫ്രിക്കയില്‍. വെസ്റ്റിന്‍ഡീസിനും വിശ്രമകാലമാണ്. അവരുടെ അടുത്ത ടെസ്റ്റ് 2024 ജനുവരിയില്‍ ഓസട്രേലിയയിലാണ്. 
ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അവസാന ദിനം പൂര്‍ണമായി മഴയില്‍ കുതിര്‍ന്നു. കരീബിയന്‍ സമയം ഉച്ചക്ക് രണ്ടരയോടെ മത്സരം സമനിലയില്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു. ക്വീന്‍സ് പാര്‍ക്ക് ഓവലിലും വിജയമാവര്‍ത്തിക്കാന്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് കൂടി വേണമായിരുന്നു. നാലാം ദിനം റെക്കോര്‍ഡ് വേഗത്തിലുള്ള രണ്ടാം ഇന്നിംഗ്‌സോടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ പെയ്ത മഴ കാരണം ലഞ്ച് വരെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. ലഞ്ചിന് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ടീമുകള്‍ ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ കളിയാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും മഴ പെയ്തു. ഇന്ത്യ മുന്നോട്ടുവെച്ച 365 റണ്‍സിന്റെ ലക്ഷ്യം പിന്തുടരവെ വിന്‍ഡീസ് നാലാം ദിനം രണ്ടിന് 76 ലാണ് കളി നിര്‍ത്തിയത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പര 1-0 ന് സ്വന്തമാക്കി. യുവ കളിക്കാരായ ഓപണര്‍ യശസ്വി ജയ്‌സ്വാളും പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാറും കിട്ടിയ അവസരം മുതലാക്കിയത് ഇന്ത്യക്ക് ആഹ്ലാദം പകരും. യശസ്വി കന്നി ഇന്നിംഗ്‌സില്‍ സെഞ്ചുറിയടിക്കുകയും ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. വണ്‍ഡൗണ്‍ സ്ഥാനത്തേക്കിറങ്ങിയ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി അവരോധിക്കപ്പെട്ട അജിന്‍ക്യ രഹാനെയും പരാജയപ്പെട്ടതാണ് ആശങ്ക. പെയ്‌സ്ബൗളിംഗ് നിരയുടെ ലീഡറെന്ന നിലയില്‍ മുഹമ്മദ് സിറാജും കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ചു. സിറാജാണ് രണ്ടാം ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച്. 

Latest News