പോര്‍ട് ഓഫ് സ്‌പെയിന്‍ - ഇന്ത്യക്കെതിരെ ഏകദിന ക്രിക്കറ്റ് പരമ്പര കളിക്കാനുള്ള വെസ്റ്റിന്‍ഡീസ് ടീമിലേക്ക് ഷിംറോന്‍ ഹെത്മയറെയും ഒഷെയ്ന്‍ തോമസിനെയും തിരിച്ചുവിളിച്ചു. നിക്കൊളാസ് പൂരാനും ജെയ്‌സന്‍ ഹോള്‍ഡറും പരമ്പരയില്‍ കളിക്കില്ല. കീമൊ പോളിന് പരിക്കാണ്. പെയ്‌സ്ബൗളര്‍ ജെയ്ദന്‍ സീല്‍സ്, ലെഗ്‌സ്പിന്നര്‍ യാനിക് കരയ്യ എന്നിവരും ടീമില്‍ തിരിച്ചെത്തി. ഇരുവരും ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഇടങ്കൈയന്‍ സ്പിന്നര്‍ ഗുഡകേഷ് മോതിയും പരിക്ക് ഭേദമായി ടീമിലിടം നേടി. അടുത്ത ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായ ശേഷം വെസ്റ്റി്ന്‍ഡീസിന്റെ ആദ്യ ഏകദിന പരമ്പരയാണ് ഇത്.
മേയില്‍ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയാറായിട്ടും ഹെത്മയറെ വിന്‍ഡീസ് അവഗണിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച ചില കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനായിരുന്നു ഇത്. യോഗ്യതാ ടൂര്‍ണമെന്റിലെ ഏഴ് കളികളില്‍ നാലിലും വിന്‍ഡീസ് പരാജയപ്പെട്ടു. 2022 ഓഗസ്റ്റില്‍ ന്യൂസിലാന്റിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഹെത്മയര്‍ അവസാനം വിന്‍ഡീസിന് കളിച്ചത്. 2021 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ബാര്‍ബഡോസിലായിരുന്നു അവസാന ഏകദിനം.
പെയ്‌സ്ബൗളര്‍ ഒഷെയ്ന്‍ തോമസും വിന്‍ഡീസിന് കളിച്ചിട്ട് ഒന്നര വര്‍ഷത്തോളമായി, 2021 ഡിസംബറിലായിരുന്നു അവസാന മത്സരം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പിന്നീട് അവഗണിക്കപ്പെടുകയായിരുന്നു. 2022 ലെ ലങ്ക പ്രീമിയര്‍ ലീഗിലാണ് അവസാനം പ്രൊഫഷനല്‍ ക്രിക്കറ്റ് കളിച്ചത്.
നാളെ ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഏകദിന പരമ്പര തുടങ്ങുക. 29 ന് അവിടത്തന്നെ രണ്ടാം ഏകദിനവും നടക്കും. അവസാന മത്സരം ഓഗസ്റ്റ് ഒന്നിന് ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലാണ്. പരമ്പരക്ക് മുന്നോടിയായി കെന്‍സിംഗ്ടണ്‍ ഓവലില്‍ വിന്‍ഡീസ് കളിക്കാര്‍ക്കായി നാലു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു.






