മുംബൈ - ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിലെ നാണംകെട്ട പെരുമാറ്റത്തിന്റെ പേരില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിനെ രണ്ടു കളിയില്‍ നിന്ന് വിലക്കിയേക്കും. പുറത്തായപ്പോള്‍ സ്റ്റമ്പുകള്‍ അടിച്ചു തകര്‍ത്ത ഹര്‍മന്‍പ്രീത് അമ്പയറിംഗിനെ പരസ്യമായി വിമര്‍ശിക്കുകയും ബംഗ്ലാദേശ് നായികയെ അപമാനിക്കുകയും ചെയ്തിരുന്നു. ഇരു ടീമുകളും ഫോട്ടോക്കായി നിന്നപ്പോള്‍ അമ്പയര്‍മാരെ കൂടി വിളിക്കൂ എന്ന് ഹര്‍മന്‍പ്രീത് പരിഹസിക്കുകയായിരുന്നു. ഇതോടെ സ്വന്തം കളിക്കാരെ തിരിച്ചുവിളിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന ഫോട്ടോ സെഷന്‍ ബഹിഷ്‌കരിച്ചു. അമ്പയറും ബംഗ്ലാദേശ് ടീമിന്റെ ഭാഗമാണെന്നാണ് ഹര്‍മന്‍പ്രീത് പരോക്ഷമായി സൂചിപ്പിച്ചത്.
ശക്തമായ നടപടിയാണ് ഹര്‍മന്‍പ്രീതിനെതിരെ ഐ.സി.സി സ്വീകരിച്ചത്. നാല് ഡീമെറിറ്റ് പോയന്റ് ശിക്ഷ കിട്ടുന്ന ആദ്യ വനിതാ ക്രിക്കറ്ററാവും ഓള്‍റൗണ്ടര്‍. ശിക്ഷ ഐ.സി.സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ ജയത്തിലേക്ക് നീങ്ങുകയായിരുന്ന മത്സരം ടൈയിലാണ് അവസാനിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരങ്ങളാണ് മിക്കവാറും ഹര്‍മന്‍പ്രീതിന് നഷ്ടപ്പെടുക.
ഹര്‍മന്‍പ്രീതിനെതിരെ നടപടി വേണമെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മദന്‍ലാല്‍ ആവശ്യപ്പെട്ടു. ഹര്‍മന്‍പ്രീത് രണ്ടാം തവണയാണ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത്. 2017 ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിയിലാണ് ആദ്യം പെരുമാറ്റച്ചട്ടം ലംഘിച്ചത്. കളിക്കാര്‍ സ്റ്റമ്പ് അടിച്ചുതകര്‍ക്കുന്നത് ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. 2021 ലെ ധാക്ക പ്രീമിയര്‍ ലീഗില്‍ ശാഖിബുല്‍ ഹസനാണ് അവസാനമായി ഒരു പ്രധാന ടൂര്‍ണമെന്റില്‍ സ്റ്റമ്പ് അടിച്ചുതകര്‍ത്തത്. മൂന്നു മത്സരങ്ങളില്‍ വിലക്കും വന്‍ പിഴയുമാണ് അതിന് ശിക്ഷ കിട്ടിയത്.






