പോര്‍ട് ഓഫ് സ്‌പെയിന്‍ - ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റ് നിരാശാജനകമായ അന്ത്യത്തിലേക്ക്. റെക്കോര്‍ഡ് വേഗത്തിലുള്ള രണ്ടാം ഇന്നിംഗ്‌സോടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യ എല്ലാ ശ്രമവും നടത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ പെയ്ത മഴ കാരണം ലഞ്ച് വരെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞില്ല. ലഞ്ചിന് ശേഷം കളിയാരംഭക്കുകയാണ്. ഇന്ത്യക്ക് 67 ഓവറാണ് പരമാവധി ലഭിക്കുക. അതിനിടയില്‍ എട്ട് വിക്കറ്റ് വീഴ്ത്തണം. മഴ തിരിച്ചുവരാനും സാധ്യതയുണ്ട്. രാവിലെ കളി തുടങ്ങില്ലെന്ന് ഉറപ്പായതോടെ കളിക്കാര്‍ ടീം ഹോട്ടലില്‍ തന്നെ കഴിഞ്ഞു. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ ഇന്നിംഗ്‌സിന് ജയിച്ചിരുന്നു.
ഇന്ത്യ മുന്നോട്ടുവെച്ച 365 റണ്‍സിന്റെ ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് നാലാം ദിനം രണ്ടിന് 76 ലാണ് കളി നിര്‍ത്തിയത്. ഇന്ത്യക്ക് അവസാന എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ 98 ഓവര്‍ വരെ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ പെയ്ത മഴ കളി അസാധ്യമാക്കി. പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 141 റണ്‍സിനും ഇന്ത്യ ജയിക്കുകയായിരുന്നു. ഇനി അഞ്ചു മാസം കഴിഞ്ഞേ ഇന്ത്യക്ക് ടെസ്റ്റ് മത്സരമുള്ളൂ.
രണ്ടാം ഇന്നിംഗ്‌സില്‍ ട്വന്റി20 സ്റ്റൈലില്‍ ബാറ്റ് വീശിയാണ് വിരസ സമനിലയിലേക്ക് മുന്നേറുകയായിരുന്ന കളിക്ക് ഇന്ത്യ ജീവന്‍ വെപ്പിച്ചത്. ഇന്ത്യ ഇരുപത്തിനാലോവറില്‍ രണ്ടിന് 181 ല്‍ ഡിക്ലയര്‍ ചെയ്യുകയും ആതിഥേയര്‍ക്ക് 365 റണ്‍സ് ലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. സമനിലക്കായി പൊരുതിയ വിന്‍ഡീസ് നാലാം ദിനം 36 ഓവറില്‍ രണ്ടിന് 72 റണ്‍സിലെത്തി. രണ്ടിന് 44 ല്‍ ഒത്തുചേര്‍ന്ന താജ്‌നാരായണ്‍ ചാന്ദര്‍പോളും ജര്‍മയ്ന്‍ ബ്ലാകവുഡുമാണ് ഇന്ത്യന്‍ സ്പിന്നാക്രമണത്തെ ചെറുത്തുനിന്നത്.
യശസ്വി ജയ്‌സ്വാളിന്റെ (30 പന്തില്‍ 38) സിക്‌സറും ബൗണ്ടറിയുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. രോഹിത് ശര്‍മ (57) 35 പന്തിലും ഇശാന്‍ കിഷന്‍ (52 നോട്ടൗട്ട്) 33 പന്തിലും അര്‍ധ ശതകം തികച്ചു. 12.2 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. ടെസ്റ്റ് ക്രിക്കറ്റിലെ ഫാസ്റ്റസ്റ്റ് ടീം 100 ആണ് ഇത്. ശുഭ്മന്‍ ഗില്‍ 37 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്നു.
വിന്‍ഡീസ് പരമ്പരാഗത സ്റ്റെലിലാണ് മറുപടി തുടങ്ങിയത്. ക്രയ്ഗ് ബ്രാത്‌വൈറ്റ് (28) അല്‍പം ധൃതി കാണിച്ചെങ്കിലും തേജ്‌നാരായണിന് 21 പന്ത് വേണ്ടി വന്നു രണ്ടില്‍ നിന്ന് മൂന്നിലെത്താന്‍. അറുപത്തിമൂന്നാമത്തെ പന്തിലാണ് ആദ്യ ബൗണ്ടറി നേടിയത്. ബ്രാതവൈറ്റിനെയും കിര്‍ക് മെക്കന്‍സിയെയും (0) ആര്‍. അശ്വിന്‍ പുറത്താക്കി.






