റിയാദ് - ലോകത്തിലെ ഏറ്റവും ഡിമാന്റുള്ള ഫുട്ബോള്‍ കളിക്കാരനായ കീലിയന്‍ എംബാപ്പെ സൗദി അല്ഹിലാലിന്റ ജഴ്സിയിടുമോ? ലിയണല്‍ മെസ്സിയെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ അല്‍ഹിലാല്‍ ലോക റെക്കോര്‍ഡായ 30 കോടി യൂറോ വാഗ്ദാനവുമായി ഫ്രഞ്ച് സ്ട്രൈക്കര്‍ക്കായി വല വിരിച്ചിരിക്കുകയാണ്. ഒരു വര്‍ഷം കൂടി തങ്ങളുമായി കരാര്‍ ബാക്കിയുണ്ടെങ്കിലും എംബാപ്പെയുമായി ചര്‍ച്ച നടത്താന്‍ അല്‍ഹിലാലിന് പി.എസ്.ജി പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. എന്നാല്‍ എംബാപ്പെക്കു കൂടി താല്പര്യമുണ്ടെങ്കിലേ ട്രാന്‍സ്ഫര്‍ നടക്കൂ. അല്‍ഹിലാലില്‍ ഇതുവരെ പരസ്യമായി ഇരുപത്തിനാലുകാരന് താല്പര്യം കാണിച്ചിട്ടില്ല. അല്‍ഹിലാലും എംബാപ്പെയും തമ്മിലുള്ള ചര്‍ച്ചക്കാണ് ആവശ്യമുണ്ടായതെന്നും അത് അനുവദിച്ചുവെന്നും പി.എസ്.ജി അറിയിച്ചു.
പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് എംബാപ്പെ പ്രഖ്യാപിച്ചിട്ടുണ്ട്. അതോടെ താരത്തെ കൈയൊഴിയേണ്ടത് പി.എസ്.ജിയുടെ ആവശ്യമായി. കരാര്‍ പൂര്‍ത്തിയായാല്‍ എംബാപ്പെക്ക് ഫ്രീയായി ഇറങ്ങിപ്പോവാം. റയല്‍ മഡ്രീഡ് ഉള്‍പ്പെടെ ക്ലബ്ബുകളും എംബാപ്പെയില്‍ താല്പര്യം കാണിക്കുന്നുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്, ബാഴ്സലോണ, ടോട്ടനം എന്നിവയും രംഗത്തുണ്ട്. എംബാപ്പെയെ ജപ്പാന് പര്യടനത്തിനുള്ള ടീമില്‍നിന്ന് പി.എസ്.ജി മാറ്റിനിര്‍ത്തിയപ്പോള്‍ തന്നെ താരം ക്ലബ്ബ് വിടുകയാണെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ താന്‍ പി.എസ്.ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാക്കുമെന്നാണ് എംബാപ്പെയുടെ നിലപാട്. ക്ലബ്ബ് വിടാനോ കരാര്‍ പുതുക്കാനോ തയാറായില്ലെങ്കില്‍ എംബാപ്പെയെ റിസര്‍വ് ബെഞ്ചിലിരുത്താന്‍ പി.എസ്.ജിക്കു സാധിക്കും.
അല്‍ഹിലാലിന്റെ ശ്രമം വിജയിക്കുകയാണെങ്കില്‍ എംബാപ്പെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോള്‍ കളിക്കാരനാവും. 2017 ല്‍ നെയ്മാറിനായി പി.എസ്.ജി 26.2 കോടി ഡോളര്‍ മുടക്കിയതാണ് നിലവിലെ റെക്കോര്‍ഡ്. എംബാപ്പെക്കായി റയല്‍ 2021 ല്‍ 19 കോടി ഡോളറിന്റെ ഓഫര്‍ റയല്‍ മുന്നോട്ടുവെച്ചെങ്കിലും പി.എസ്.ജി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ബെന്‍സീമ ക്ലബ്ബ് വിട്ടതോടെ ഒരു ടോപ് ക്ലാസ് സ്ട്രൈക്കറെ റയലിന് ആവശ്യമുണ്ട്. കരാര്‍ പുതുക്കാന്‍ ഈ മാസം 31 വരെയേ എംബാപ്പെക്ക് അവസരമുള്ളൂ. 2017 ല്‍ 19 കോടി ഡോളറിനാണ് മോണകോയില്‍ നിന്ന് എംബാപ്പെയെ പി.എസ്.ജി റാഞ്ചിയത്.
ഡിസംബറില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ അന്നസ്റില്‍ ചേര്‍ന്നതോടെയാണ് ലോക ഫുട്ബോളിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിഞ്ഞത്. കരീം ബെന്‍സീമ, മാഴ്സെലൊ ബ്രോസവിച്, എന്‍ഗോളൊ കാണ്ടെ, റോബര്‍ടൊ ഫിര്‍മിനൊ, ഖാലിദു കൂലിബാലി, റിയാദ് മെഹ്റേസ്, ജോര്‍ദാന്‍ ഹെന്ഡേഴ്സന് തുടങ്ങി നിരവധി പ്രമുഖ കളിക്കാര്‍ അടുത്ത സീസണില്‍ സൗദി പ്രൊ ലീഗില്‍ പന്ത് തട്ടും.
സാഹ, സൗദിയിലേക്കില്ല
പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിന് കളിക്കുന്ന ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ വില്‍ഫ്രീഡ് സാഹയും ഫുള്ഹമിന്റെ കോച്് മാര്‍ക്കൊ സില്‍വയും സൗദിയിലേക്കില്ല. സാഹ തുര്‍ക്കിയില്‍ ഗലതസറായ്ക്കു കളിക്കും. പാലസിനു വേണ്ടി 458 മത്സരങ്ങളില്‍ സാഹ 90 ഗോളടിച്ചിട്ടുണ്ട്. സൗദി ക്ലബ്ബ് അന്നസ്റാണ് സാഹയില്‍ താല്പര്യം കാണിച്ചത്. കോച്ച് സില്‍വയെ അല്‍അഹ്ലിയാണ് ക്ഷണിച്ചത്. ഫുള്ഹമില് തുടരാനാണ് പോര്ചുഗീസുകാരന്റെ തീരുമാനം. മഹ്റേസും ഫിര്‍മിനോയും എഡ്വേഡ് മെന്‍ഡിയും ഇപ്പോള്‍ അഹ്ലിയുടെ കളിക്കാരാണ്.






