വിനോദ സഞ്ചാര വ്യവസായത്തെ പ്രധാന വരുമാന സ്രോതസ്സായി കാണാൻ തുടങ്ങിയ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രമായ തായിഫിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പ്രകൃതിയുടെ വിരിമാറിൽ ആശ്വാസവും ശാന്തിയും ആഗ്രഹിക്കുന്നവരെ മാടിവിളിക്കുകയാണ് തായിഫിലെ പർണകുടീരങ്ങൾ പോലെയുള്ള അസംഖ്യം ഗ്രാമീണ സത്രങ്ങൾ.
വിനോദ സഞ്ചാര വ്യവസായം എന്നൊരു ആശയം അടുത്ത കാലം വരെ സൗദി അറേബ്യക്ക് ചിരപരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളും പ്രോഗ്രാമുകളുമാണ് നടപ്പാക്കിവരുന്നത്. 2030 ഓടെ പ്രതിവർഷം സൗദിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന പത്തു ശതമാനമായും ഉയർത്താൻ ലക്ഷ്യമിടുന്നു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. വിനോദ സഞ്ചാര ആവശ്യാർഥം വിദേശങ്ങളിൽ ചെലവഴിക്കപ്പെടുന്ന ബില്യൺ കണക്കിന് റിയാലിൽ നല്ലൊരു ഭാഗം സ്വന്തം രാജ്യത്തു തന്നെ ചെലവഴിക്കാൻ സ്വദേശികളെ ബന്ധപ്പെട്ട ഏജൻസികൾ പ്രോത്സാഹിപ്പിക്കുകയും ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും ടൂറിസം പദ്ധതികളും നടപ്പാക്കുകയും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
വിനോദ സഞ്ചാര വ്യവസായത്തെ പ്രധാന വരുമാന സ്രോതസ്സായി കാണാൻ തുടങ്ങിയ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വേനൽക്കാല ടൂറിസ്റ്റ് കേന്ദ്രമായ തായിഫിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പ്രകൃതിയുടെ വിരിമാറിൽ ആശ്വാസവും ശാന്തിയും ആഗ്രഹിക്കുന്നവരെ മാടിവിളിക്കുകയാണ് തായിഫിലെ പർണകുടീരങ്ങൾ പോലെയുള്ള അസംഖ്യം ഗ്രാമീണ സത്രങ്ങൾ.
നിബിഡമായി ഇടതൂർന്ന വനങ്ങളുടെയും വടവൃക്ഷങ്ങളുടെയും സാന്നിധ്യവും മേഘങ്ങളെയും മൂടൽമഞ്ഞിനെയും ആലിംഗനം ചെയ്യുന്ന പർവതങ്ങളും തനതായ പ്രകൃതിയും അതിശയകരമായ കാഴ്ചകളും സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തായിഫിലെ അൽശഫയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മനസ്സിന് ഉന്മേഷം നൽകുന്ന ശുദ്ധമായ അന്തരീക്ഷവായുവും അനുയോജ്യമായ താപനിലയും അൽശഫയുടെ സവിശേഷതകളാണ്. ഉയരമുള്ളതും ശൈത്യം നിറഞ്ഞതുമായ പർവതങ്ങളും പീഠഭൂമികളും വനങ്ങളും ഉൾപ്പെടുന്ന മനോഹരമായ പ്രകൃതിയും നിരവധി ഗ്രാമീണ ലോഡ്ജുകളും ഇവിടേക്ക് സന്ദർശകരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ശാന്തമായ പ്രകൃതിയുടെ മടിത്തട്ടിലുള്ള ഗ്രാമീണ സത്രങ്ങൾ വ്യതിരിക്തമാണ്. സൗദി അറേബ്യക്കകത്തു നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ലോകരാജ്യങ്ങളിൽ നിന്നുമുള്ള നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമായി ഗ്രാമീണ സത്രങ്ങൾ മാറിയിരിക്കുന്നു. പലർക്കും ആസ്വാദ്യകരമായ സമയം ചെലവഴിക്കുന്നത് സ്വപ്‌നമായി മാറിയ ഗ്രാമീണ അന്തരീക്ഷത്തിലുള്ള സത്രങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലും പ്രകൃതിദത്തമായ വാസ്തുവിദ്യ അവലംബിച്ചിരിക്കുന്നു.
തായിഫിലെ അൽശഫ, അൽഹദ പ്രദേശങ്ങൾ സന്ദർശിക്കുന്നവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന സേവനങ്ങളാണ് ഗ്രാമീണ സത്രങ്ങൾ നൽകുന്നത്. ഗ്രാമീണ വിനോദ സഞ്ചാര സവിശേഷതകളാൽ സമ്പന്നമാണ് അൽശഫയും അൽഹദയും. പർവതങ്ങളുടെയും താഴ്‌വരകളുടെയും ശാന്തതയും ഈ പർവതങ്ങളിൽ ഭൂരിഭാഗവും അടങ്ങിയ അറാർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ഊർന്നുവീഴുന്ന സൂര്യരശ്മികളും അതിശയകരമായ കാഴ്ച നൽകുന്നു. നിരവധി ഗ്രാമീണ സത്രങ്ങളെ ഫാമുകളുമായി ലയിപ്പിച്ചുകൊണ്ട് വിഷ്വൽ ഐഡന്റിറ്റിയുടെ പൂർണ പ്രയോഗത്തിലൂടെ, അതിഥികൾക്ക് വ്യത്യസ്തവും മൂല്യവത്തുമായ സേവനങ്ങൾ നൽകാൻ നിരവധി നിക്ഷേപകർ പ്രവർത്തിക്കുന്നതിനാൽ ഗ്രാമീണ സത്രങ്ങൾ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുന്നു. തായിഫ് റോസാപ്പൂക്കളും കുറ്റിച്ചെടികളും തുളസി അടക്കമുള്ള സുഗന്ധമുള്ള കാട്ടുചെടികളും മറ്റും ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ പൂന്തോട്ടങ്ങൾ സത്രങ്ങൾക്ക് വശ്യവും മാസ്മരികവുമായ മനോഹാരിത നൽകുന്നു.
ദക്ഷിണ തായിഫിൽ മൈസാനിലെ ബനീമാലിക്കിലെ വാദി അബാൽ സന്ദർശകരുടെ മനംമയക്കുന്ന മനോഹരമായ താഴ്‌വരകളിൽ ഒന്നാണ്. വൈവിധ്യമാർന്ന പ്രകൃതി, സംസ്‌കാരം, സാഹസികത, പര്യവേക്ഷണം എന്നിവ വാദി അബാലിൽ സമന്വയിച്ചിരിക്കുന്നു. പച്ചപ്പും സമൃദ്ധമായ തോട്ടങ്ങളും സ്ഥിരമായ നീരൊഴുക്കും അരുവികളിലെ സിരകളിൽ ഒഴുകുന്ന സീസണൽ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും ഇടകലർന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങൾ താഴ്‌വരയെ വ്യത്യസ്തമാക്കുന്നു. കുന്നുകൾക്കും വെളുത്ത പീഠഭൂമികൾക്കും ഇടയിലൂടെ വാദി അബാൽ കടന്നുപോകുന്നു. പ്രകൃതിദത്ത ടൂറിസം ഘടകങ്ങളാൽ താഴ്‌വര സവിശേഷമാണ്. തായിഫിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും സന്ദർശകർ ഇവിടെയെത്തുന്നു.
ജലപ്രവാഹം വീക്ഷിച്ചും, ഭൂപ്രദേശത്തിന്റെ എല്ലാ ഘടകങ്ങളോടും കൂടി വന്യജീവികളെയും ലാവെൻഡർ, കാശിത്തുമ്പ, തുളസി എന്നിവ അടക്കം ആകർഷകമായ സുഗന്ധങ്ങളുമുള്ള കാട്ടുചെടികളും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുമുള്ള പർവതങ്ങളും അടുത്തു കണ്ടും അതുല്യവും അതിശയകരവുമായ അനുഭവം ആസ്വദിക്കാനുള്ള ആശയാൽ മഴക്കാലത്തിനു ശേഷം നീരൊഴുക്ക് വർധിക്കുന്ന കാലത്ത് ഇവിടെ സന്ദർശകരുടെ എണ്ണവും കൂടും.
ആകാശത്തിന്റെ പരിശുദ്ധി പ്രതിഫലിപ്പിക്കുന്ന ജലം വാദി അബാലിലേക്ക് സന്ദർശകരെ ആകർഷിക്കുന്നു. സവിശേഷമായ പാരിസ്ഥിതിക സ്വഭാവത്തിന്റെയും അതിശയകരമായ കാഴ്ചകളുടെയും ഫോട്ടോകൾ എടുക്കാൻ സന്ദർശകർ പ്രത്യേകം താൽപര്യം കാണിക്കുന്നു. പ്രദേശത്തിന്റെ ചരിത്രപരമായ പദവി സൂചിപ്പിക്കുന്ന നിരവധി ഗ്രാമങ്ങളും പുരാവസ്തു കേന്ദ്രങ്ങളും മൈസാനിലെ ബനീമാലിക്കിലുണ്ട്.
തായിഫിന് തെക്ക് 130 കിലോമീറ്റർ ദൂരെ സമുദ്ര നിരപ്പിൽ നിന്ന് 2,000 മുതൽ 2,500 മീറ്റർ വരെ ഉയരമുള്ള സറവാത്ത് പർവതനിരകളുടെ ഉച്ചിയിലാണ് ബനീമാലിക് സ്ഥിതിചെയ്യുന്നത്. വാദി അബാൽ, ബവാ, അൽഹദൻ, അർദ, ശൗഖബ്, വാദി നാന, കൈദ് എന്നീ താഴ്‌വരകളാൽ ബനീമാലിക് പ്രശസ്തമാണ്. വേനൽക്കാലത്ത് മിതമായ മഴയുള്ള മാസ്മരികമായ കാലാവസ്ഥയാണ് ഈ വാദികളുടെ സവിശേഷത. ബദാം മരങ്ങൾ, അനാർ, പീച്ച്, ആപ്രിക്കോട്ട്, മുന്തിരി, ഗോതമ്പ്, ബർശൂമി, സിദ്ർ തേൻ, വിവിധ തരം പച്ചക്കറികൾ എന്നിവ വിളയുന്ന ബനീമാലികിൽ എങ്ങും സസ്യജാലങ്ങളുടെ സാന്ദ്രതയാണ്.
ഹരിത പ്രകൃതിയുടെ ഭംഗിയും ശുദ്ധജലവും വിനോദവും സമ്മേളിച്ച പ്രകൃതിദത്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് വാദി അബാൽ. ടൂറിസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന നിരവധി ഗുണങ്ങൾ താഴ്‌വരക്കുണ്ട്. വ്യത്യസ്ത ആകൃതികളിലുള്ള തടാകങ്ങളും കമാന രൂപത്തിലുള്ള പാറകളും ഗുഹകളും താഴ്‌വരയിൽ അടങ്ങിയിരിക്കുന്നു. ഈത്തപ്പനകൾ, വെള്ളച്ചാട്ടങ്ങൾ, ഒഴുകുന്ന വെള്ളം എന്നിവയാൽ അലംകൃതമായ ഹരിത ഭൂപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഭൂപ്രകൃതിയുടെ വൈവിധ്യം സന്ദർശകർക്ക് മനോഹരമായ കാഴ്ചയും മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമകളും സമ്മാനിക്കുന്നു.






