സൂഫിസം ഒരന്വേഷണവഴിയാണ്. ആധുനികലോകം അനുഭവിക്കുന്ന പലപ്രതിസന്ധികൾക്കും ആത്മീയ ദാരിദ്ര്യത്തിനും സൂഫിസത്തിൽ പ്രതിവിധിയുണ്ടെന്ന വിശ്വാസമാണ് മൗല സിദ്ദീഖ് മുഹമ്മദിനുള്ളത്.
ഒരിക്കൽ ശിഷ്യൻ തന്റെ സൂഫി ഗുരുവിനോട് ചോദിച്ചു:
നമ്മുടെ ജീവിതത്തിൽ പ്രണയം ആവശ്യമില്ലാതാവുന്ന ഒരവസ്ഥ വരുമോ ?
ഗുരു അതിനു മറുപടി പറഞ്ഞു:
നാം പ്രണയത്തിലാകുമ്പോൾ,
പ്രണയത്തിന്റെ മഹാസാഗരമാണ് സൂഫിസം. ഈ അനുഭവത്തെ മതാതീത ആത്മീയതയെന്നും വിശേഷിപ്പിക്കാം. സ്‌നേഹമാണ് സൂഫി ഗുരുക്കന്മാർ പ്രചരിപ്പിക്കുന്നത്. പരസ്പരം സ്‌നേഹിക്കാനും യോജിക്കാനുമാണവർ മനുഷ്യരെ പഠിപ്പിക്കുന്നത്. മതരാഷ്ട്രിയ കലുഷിതമായ വർത്തമാനകാലത്ത് സൂഫിസത്തെക്കുറിച്ച് ചിന്തിച്ചുപോവുക സ്വാഭാവികമാണ്. വർഗീയത നാട്ടിലാകെ വേരുകളാഴ്ത്തി വെറുപ്പ് പ്രചരിപ്പിക്കുമ്പോൾ മനുഷ്യരെ ചേർത്തുപിടിക്കാനൊരു സൂഫി ഇന്നില്ലല്ലോയെന്ന് നമ്മൾ ആലോചിച്ചുപോകും. എന്തൊക്കെകുറുവുകളുണ്ടായിരുന്നുവെങ്കിലും ഇന്നാട്ടിലെ മനുഷ്യരെ യോജിപ്പിച്ചുനിർത്തിയിരുന്ന ഉറൂസുകളും ചന്ദനക്കുടങ്ങളും ഏതാണ്ട് ഇല്ലാതായി വരികയാണ്. സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നവരും കുറയുന്നു. എന്നാൽ പാശ്ചാത്യനാടുകളിൽ സൂഫിസത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. മലയാളത്തിൽ സൂഫിസത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുന്നവർ വളരെക്കുറവാണ്.
സൂഫി സാഹിത്യത്തിലും സൂഫി അന്വേഷണങ്ങളിലും രചന നടത്തുന്നവരിൽ ഒരാളാണ് സിദ്ദീഖ് മുഹമ്മദ്. പതിറ്റാണ്ടുകളായി ഈ രംഗത്ത് അദ്ദേഹം രചനകൾ നടത്തിവരുന്നു. സൂഫിസം പ്രണയലാവണ്യത്തിന്റെ ലാവണ്യം, സൂഫിസം : അനുഭൂതിയും ആസ്വാദനവും റാബിയ ബസ്‌രി, ദിവ്യാനുരാഗത്തിന്റെ വിശുദ്ധപക്ഷികൾ തുടങ്ങിയ ഒരുപിടി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
സിദ്ദീഖ് മുഹമ്മദിന്റെ ആറുപുസ്തകങ്ങളുടെ സമാഹാരമായ ബൃഹത്ഗ്രന്ഥം കഴിഞ്ഞ ദിവസം കാണാനിടയായി. സൂഫിസത്തിന്റെ മൊഴിയാനാവാത്ത ജ്ഞാനപ്പൊരുളിനെ വാക്കുകളുടെ മൗനവിസ്മയം കൊണ്ട് ഹൃദയത്തിൽ ദ്യുതിപ്പിക്കുന്ന അദ്വിതീയ ഗ്രന്ഥമാണിതെന്നാണ് സൂഫിസം എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകത്തിൽ സിദ്ദീഖ് മുഹമ്മദ് എന്നതിന് പകരം മൗല സിദ്ദീഖ് മുഹമ്മദ് എന്നാണ് പേര് വച്ചിരിക്കുന്നത്. ഈ പേരുമാറ്റം ഒരു കൗതുകമായി എനിക്ക് തോന്നി. തിരുവനന്തപുരം മൗല സിദ്ദീഖ് മുഹമ്മദും കുടുംബവും താമസിക്കുന്ന ദേവസ്വം ബോർഡിന് സമീപമുള്ള ക്രസന്റ് എന്ന ഫ്‌ളാറ്റിൽ ഞാനെത്തിയത് ഇതേക്കുറിച്ചറിയാൻ കൂടിയായിരുന്നു.
സൂഫിസത്തിലാകൃഷ്ടനായിട്ട് കുറെ വർഷങ്ങളായിട്ടും റൂമിയുടെ മൗലവിയ വഴിയിലെത്തിയിട്ട് മൂന്നാലുവർഷമേയായിട്ടുള്ളു. തന്റെ ആഴത്തിലുള്ള ആത്മീയയാത്രയിൽ ഇതൊരിടത്താവളമാണ്. ഇനിയുംപേരുമാറണമെന്നാണ് ആഗ്രഹമെന്നും സിദ്ദീഖ് പറഞ്ഞു.
മൗല സിദ്ദീഖ് മുഹമ്മദ് ബഷീറിനെയും ഒ.വി.വിജയനേയും നിത്യചൈതന്യയതിയേയും വായിച്ചാണ് സൂഫിസത്തിലേക്ക് ആകൃഷ്ടനായത്. പിന്നീട് ജലാലുദ്ദിൻ റൂമിയും അത്താറും ഷിറാസിയും തുടങ്ങിയ വിഖ്യാതരായ സൂഫി ചിന്തകരിലേക്ക് വായനവളർന്നു. ഇപ്പോൾ സൂഫിസത്തിൽ ആഴത്തിലുള്ള പഠനം നടത്തികൊണ്ടിരിക്കുകയാണ്. സൂഫിസത്തിന്റെ പ്രധാന തട്ടകങ്ങളിലൊന്നായ ഇറാനിൽനിന്നുള്ള ഗ്രന്ഥങ്ങൾ പേർഷ്യനിൽതന്നെ വായിച്ചു മനസ്സിലാക്കാനായി പേർഷ്യൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
ലോകത്താകമാനം സൂഫി ഗ്രന്ഥങ്ങൾകുറച്ചുകാലമായി വ്യാപകമായി വിറ്റഴിയുന്നതിന് എന്താവും കാരണം. വേൾഡ് ട്രേഡ് സെന്റർതകർത്തതിനെത്തുടർന്ന് ഇസ്‌ലാം മതത്തെക്കുറിച്ച് അറിയാൻ യൂറോപ്യർക്ക് താൽപര്യം വർധിച്ചു. ഇസ്‌ലാമിനെ സൗന്ദര്യാത്മകമായി അവതരിപ്പിച്ചിട്ടുള്ളത് സൂഫികളാണ്. റൂമിയെപ്പോലെയുള്ളവരുടെ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ലഭിച്ചതോടെ യൂറോപ്യർ വലിയ തോതിൽ സൂഫിസത്തിലേക്ക് ആകൃഷ്ടരാവുകയായിരുന്നു.
കേരളത്തിലും സൂഫി ചിന്തകൾക്ക് പ്രചാരം വർധിച്ചിട്ടുണ്ടോ? തീർച്ചയായും.
ശരിയായ സൂഫി ദർശനം കേരളത്തിൽ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ അടുത്തകാലത്തായി സൂഫി ഗ്രന്ഥങ്ങൾ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതിനൊക്കെ നല്ലവായനക്കാരുമുണ്ട്. എല്ലാവരെയും യോജിപ്പിക്കുന്ന നിരവധി ഘടകങ്ങൾ സൂഫിസത്തിലുണ്ട്. നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ഈ ധാരയിലൂടെയാണ് ഇവിടെ ജീവിച്ചുപോന്നത്. മിത്തുകളിലൂടെയും കഥകളിലൂടെയും ആചാരങ്ങളിലുടെയും ഇതൊക്കെ പുലർന്നുപോന്നു. വർഗീയതയും വിഭാഗീയതയുംഇവിടെ വളർന്നുവരാനിടയാക്കിയത് ഇതിൽനിന്നൊക്കെ മാറിപ്പോയതുകൊണ്ടാണ്. മതത്തിൽ നമ്മൾ മാത്രമാണ് ശരിയെന്നവിചാരംശരിയല്ല. സൂഫികളൊക്കെ കുടുംബമില്ലാതെ അലഞ്ഞുതിരിഞ്ഞുനടക്കുന്നവരാണെന്ന വിചാരം ശരിയല്ല. അങ്ങനെയുള്ളവരും സൂഫികളുടെഇടയിലുണ്ടന്നേയുള്ളു. ആധുനിക വേഷം ധരിച്ച നിരവധി സൂഫികളെ പരിചയപ്പെട്ടിട്ടുണ്ട്. വേഷത്തിലല്ല കാര്യം, കുടുംബം നോക്കിയും സൂഫിയായി കഴിയാം. പ്രമുഖരായ പല സൂഫികളും ഭാര്യയോടുംമക്കളോടുമൊപ്പം ജീവിച്ചവരാണ്. സൂഫികൾ മനുഷ്യർ ഉണ്ടായകാലം മുതലുണ്ട്. ആത്മാന്വേഷണമാണത്. ക്രിസ്ത്യാനികളിലുണ്ട്. ബുദ്ധഭിക്ഷുക്കളിലുണ്ട്. ജൈനരിലുണ്ട്. ജൂതരിലുണ്ട്. ഹിന്ദുസന്ന്യാസിമാരിലുണ്ട്. ആദിവാസികളിലുണ്ട്.
സൂഫിസം ഒരന്വേഷണവഴിയാണ്. ആധുനികലോകം അനുഭവിക്കുന്ന പലപ്രതിസന്ധികൾക്കും ആത്മീയ ദാരിദ്ര്യത്തിനും സൂഫിസത്തിൽ പ്രതിവിധിയുണ്ടെന്ന വിശ്വാസമാണ് മൗല സിദ്ദീഖ് മുഹമ്മദിനുള്ളത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിയാണ്. ഭാര്യ: നസിയ ആഇസ. മകൾ: മിസോ റെബ്‌സ്‌റാബിഅ.






