Sorry, you need to enable JavaScript to visit this website.

ലേറ്റ് ഫീയോടെ പത്രാധിപരുടെ 'ലേലു അല്ലു'   


എം.സി റോഡ് ഒ.സി റോഡായി മാറിയ നാളുകളാണ് പിന്നിട്ടത്. ജനങ്ങൾക്കിടയിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. മധ്യ തിരുവിതാംകൂറിലെ പ്രധാന  പട്ടണങ്ങളിലൊന്നായ തിരുവല്ലയിൽ പുലർച്ച മൂന്ന് മണിയ്ക്ക് തടിച്ചു കൂടിയത് പതിനായിരങ്ങൾ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കോട്ടയത്തെത്തിയത് 24 മണിക്കൂറുകൾക്ക് ശേഷം. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ മന്ത്രിമാരും മൃതദേഹത്തെ അനുഗമിച്ചിരുന്നുവെന്നതും സവിശേഷതയായി. യാത്ര തിരുവിതാംകൂറിലൂടെയായിരുന്നുവെങ്കിലും കോഴിക്കോട്, കണ്ണൂർ പ്രദേശങ്ങളിൽനിന്ന് സാധാരണക്കാർ വരെ ധാരാളമായി അങ്ങോട്ട് പോയിരുന്നു. 
മലയാളത്തിലെ ടെലിവിഷൻ ചാനലുകളെല്ലാം പ്രായശ്ചിത്തം കണക്കെ നോൺ സ്‌റ്റോപ്പ് കവറേജ് നൽകി. റിപ്പോർട്ടിംഗിനിടെ അവതാരക  കരഞ്ഞു പോയതും കാണാനായി.  റണ്ണിംഗ് കമന്ററിയായിരുന്നു അസഹനീയം. ഇത്രയും വിപുലമായ യാത്രയയപ്പൊക്കെ കാണുമ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പോലും കൊതിച്ചു പോകുമെന്നൊക്കെ തട്ടിവിടുന്നത് കേൾക്കാമായിരുന്നു. ആരോ മൊഴിഞ്ഞത് കേട്ട് ഒബി വാനുകളുമായി അശ്ലീല സിഡി തേടി കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ടീംസാണല്ലോ. നടക്കട്ടെ. 
നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ചത് ശ്രദ്ധേയമായി. ഒരു മുതിർന്ന നേതാവ് എന്നതിലുപരി സഹോദരതുല്യമായ ഒരു ബന്ധം തന്നോട് ഉമ്മൻചാണ്ടി എന്നും കാണിച്ചിരുന്നുവെന്ന് നസീർ പറഞ്ഞു. രോഗം മൂലം അദ്ദേഹത്തിന്റെ ശബ്ദം ഇടറി തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തെ പൊതുവേദികളിൽ അനുകരിക്കാറില്ല. അദ്ദേഹത്തിന്റെ വേർപാടിൽ അതീവ ദുഃഖമുണ്ടെന്നും ഇനി ഒരിക്കലും അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കില്ലെന്നും നസീർ പറഞ്ഞു. ഔചിത്യബോധമില്ലാത്ത ഒരു ചാനൽ കുഞ്ഞൻ ഉമ്മൻചാണ്ടിയെ അനുകരിക്കാമോ എന്ന് മരണ വേളയിൽ ചോദിക്കുന്നത് കാണാനിടയായി. 
ഉമ്മൻചാണ്ടിയുടെ വിടവാങ്ങൽ വേളയിൽ കുറ്റസമ്മതം നടത്തിയവരിൽ ഒരു പ്രമുഖ പത്രാധിപരുമുണ്ടായിരുന്നു. പാർട്ടി പത്രത്തിന്റെ കൺസൾട്ടിംഗ് എഡിറ്ററായിരിക്കെ ചെയ്തു പോയ തെറ്റ് പൊറുത്ത് മാപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർഥന. ഇയാൾ വെറും മാപ്രയല്ല. പുലിയെന്ന് പറഞ്ഞാൽ പുപ്പുലി. ഒരു കാലത്ത് ഇന്ദിരാഗാന്ധിയെ വരെ വിറപ്പിച്ച ഭയങ്കരൻ ഇംഗ്ലീഷ് പത്രത്തിന്റെ കേരള മേധാവിയായിരുന്നു ഈ മഹാൻ. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പശ്ചാത്തപിച്ചിരുന്നുവെങ്കിൽ കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം പദവി വിട്ട ശേഷമാണ് സരിതയുടെ വെളിപ്പെടുത്തലുമൊക്കെ നടന്നതെന്ന് സോഷ്യൽ മീഡിയയിലെ ഇടത്  ഹാൻഡിലുകൾ സ്ഥിരീകരിച്ചതോടെ മുൻ പത്രാധിപർ ശൂന്യാകാശത്തിലെത്തി. 

*** ***  ***

ദൽഹിയിലെ വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം വെള്ളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതും പിന്നിട്ട ദിനങ്ങളിൽ. എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായാണ് മാധ്യമപ്രവർത്തക കഴുത്തറ്റം വെള്ളത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇറങ്ങിയത്.  രത്തൻ ധില്ലൺ എന്ന ആളാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ മാധ്യമപ്രവർത്തക വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുന്നത് തടയാൻ ശരീരത്തിൽ ഉപയോഗിക്കുന്ന സുരക്ഷാ ട്യൂബ് ധരിച്ച് റിപ്പോർട്ട് ചെയ്യുന്നതാണ് കാണുന്നത്. ഇവരുടെ സമീപത്ത് എൻ ഡി ആർ എഫ് സംഘം ബോട്ടുകളായി നിലയുറപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിംഗ് സമയത്ത് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന മാധ്യമപ്രവർത്തകയുടെ ചിത്രങ്ങൾ എൻ ഡി ആർ എഫ് ഉദ്യോഗസ്ഥർ എടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ ഉയരുന്നത്. എന്തുതരം മാധ്യമപ്രവർത്തനമാണെന്നാണ് പലരും ചോദിച്ചത്.  എൻ ഡി ആർ എഫ് സംഘത്തിന്റെ ഉപകരണങ്ങൾ വ്യക്തിഗത ഉപയോഗത്തിന് ഉപയോഗിച്ചതിന് റിപ്പോർട്ടറെ ഒട്ടേറെ പേരാണ് വിമർശിച്ചത്. സർക്കാരിന്റെ കൈവശമുള്ള പരിമിതമായ ബോട്ടുകൾ പോലും വാർത്താ റിപ്പോർട്ടിംഗിന് വേണ്ടി ഉപയോഗിക്കുകയാണ്. ക്ഷമിക്കണം ഇത്തരം വാർത്തകൾ ഞങ്ങൾക്ക് വേണ്ട'-മറ്റൊരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. ഇത്തരം കോമാളികളെ വിലക്കണം, എന്തിന് വേണ്ടിയാണ് ഇത്തരം കോപ്രായങ്ങൾ, റേറ്റിംഗിന് വേണ്ടിയാണോ'- എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രവഹിച്ചത്. 


*** ***  ***

മലയാളം ചാനൽ റേറ്റിംഗിൽ ഏഷ്യാനെറ്റ് ആധിപത്യം നിലനിർത്തി. ഏറ്റവും പിന്നിലായി അമൃത ടിവി. 28 ആഴ്ചയിലെ ടിആർപി റേറ്റിങ്ങ് പുറത്തുവന്നപ്പോൾ 628 പോയിന്റുമായി ഏഷ്യാനെറ്റാണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്ത് എത്തിയ സീ കേരളത്തിന് ഏഷ്യാനെറ്റിന്റെ പാതി പോയിന്റ് പോലും നേടാൻ സാധിച്ചിട്ടില്ല. 236 പോയിന്റു മാത്രമാണ് സീ കേരളത്തിന് നേടാനായത്. 218 പോയിന്റുമായി മഴവിൽ മനോരമയാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഫ്ളവേഴ്സ് ടിവിക്ക് ഇക്കുറി വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. നാലാം സ്ഥാനത്ത് എത്തിയ ചാനലിന് 207 പോയിന്റുകളാണ് നേടാനായത്. 205 പോയിന്റുമായി സൂര്യ ടിവിയാണ് അഞ്ചാം സ്ഥാനത്ത്.  സിനിമകളുടെ പിൻബലത്തിൽ ഏഷ്യാനെറ്റ് മൂവീസ് റേറ്റിങ്ങിൽ കുതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. 165 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി ചാനൽ ടിആർപി റേറ്റിങ്ങിൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കൈരളി ടിവിക്ക് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാൻ ഇക്കുറിയും സാധിച്ചിട്ടില്ല. ഏഴാം സ്ഥാനത്തുള്ള ചാനലിന് 125 പോയിന്റുകളാണ് നേടാൻ സാധിച്ചത്.  എട്ടാം സ്ഥാനത്തുള്ളത് സൂര്യ മൂവിസാണ്. 104 പോയിന്റാണ് ചാനലിന് ലഭിച്ചത്. ഒൻപതാം സ്ഥാനത്ത് 82 പോയിന്റുമായി ഏഷ്യാനെറ്റ് പ്ലസ് ചാനലാണ്. കൊച്ചു ടിവിയാണ് പത്താം സ്ഥാനത്ത്. 56 പോയിന്റാണ് ചാനലിന് നേടാൻ സാധിച്ചത്. കൈരളിയുടെ തന്നെ ഉടമസ്ഥതയിലുള്ള വി ടിവി 51 പോയിന്റുമായി റേറ്റിങ്ങിൽ 11 സ്ഥാനത്ത് എത്തി.  കാഴ്ചക്കാർ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടിരിക്കുന്നത് അമൃത ടിവിക്കാണ്. റേറ്റിങ്ങിൽ ഏറ്റവും പിന്നിലേക്ക് വീണ അമൃതയ്ക്ക് 50 പോയിന്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. സംപ്രേഷണം കോഴിക്കോട്ടു നിന്നായതിനാലാണോ എന്നറിയില്ല, ഏതായാലും മീഡിയ വണ്ണിന്റെ കണക്ക് പട്ടികയിലില്ല. 

*** ***  ***

ഹോളിവുഡ് ചിലപ്പോൾ നിശ്ചലമായേക്കും. രണ്ട് സുപ്രധാന യൂണിയനുകൾ ഹോളിവുഡിൽ പണിമുടക്കിയിരിക്കുകയാണ്. സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ് എന്നീ രണ്ട് സംഘടനകളാണ് പണിമുടക്കുന്നത്. പ്രമുഖ സ്റ്റുഡിയോകൾ ഇവരുമായി കരാറിലെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹോളിവുഡിലെ വമ്പൻ താരങ്ങളും എഴുത്തുകാരും പണിമുടക്കി. എഴുത്തുകാരനും, അഭിനേതാക്കളും ഇല്ലെങ്കിൽ സിനിമ മുന്നോട്ട് പോകില്ല. ഹോളിവുഡ് ഒന്നാകെ പൂട്ടിയെന്ന് പറയാം. 1960ന് ശേഷം രണ്ട് യൂണിയനുകളും ഒരുമിച്ച് പണിമുടക്കുന്നത് ആദ്യമാണ്. 1960ൽ നടനും, പിന്നീട് പ്രസിഡന്റുമായ റൊണാൾഡ് റീഗനായിരുന്നു സമരത്തെ നയിച്ചത്. ഈ രണ്ട് സംഘടനകളിലുമായി 1.60 ലക്ഷം അംഗങ്ങളുണ്ട്. ലോകത്തെ തന്നെ വമ്പൻ താരങ്ങളാണ് സംഘടനയിലുള്ളത്.  ടോം ക്രൂസ്, ആഞ്ചലീന ജോളി, ജോണി ഡെപ്പ് എന്നിവർ സംഘടനയുടെ കാർഡ് മെമ്പർമാരാണ്. ഇതിഹാസ താരം മെറിൽ സ്ട്രിപ്പ്, ബെൻ സ്റ്റില്ലർ, കോളിൻ ഫെറൽ എന്നിവർ പരസ്യമായി തന്നെ പണിമുടക്കിനെ പിന്തുണച്ചു. രണ്ട് കാര്യങ്ങൾക്കാണ് സൂപ്പർ താരങ്ങൾ അടക്കം പണിമുടക്കിന്റെ ഭാഗമാകുന്നത്. ആദ്യത്തേത് പ്രതിഫല കാര്യമാണ്. രണ്ടാമത്തേത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബാധിക്കുന്നതാണ്. ഇത് സിനിമ നിർമാണ കമ്പനികളും, സ്ട്രീമിംഗ് സർവീസുകളും മുതലെടുക്കുന്നു എന്ന അഭിപ്രായമാണുള്ളത്. ന്യായമായ ലാഭ വിഹിതം ലഭിക്കണമെന്ന കാര്യത്തിൽ ഇതുവരെ ഒരു ഒത്തുതീർപ്പില്ലെത്താൻ യൂണിയനുകൾക്ക് സാധിച്ചിട്ടില്ല. എഐയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്കും നിർമാണ കമ്പനികൾ തയ്യാറല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിച്ച് ഇവരുടെ സംഭാഷണങ്ങൾ വരെ സിനിമയിലും, ടിവി ഷോകളിലും ഉപയോഗിക്കുന്നുവെന്ന് യൂണിയനുകൾ പറയുന്നു. ഒപ്പം പല കരാറുകളിലും മതിയായ വേതനം അല്ല ലഭിക്കുന്നതെന്നും കുറ്റപ്പെടുത്തലുണ്ട്. 
സൂപ്പർ താരങ്ങൾ സാമ്പത്തിക നേട്ടത്തിനല്ല ഈ പണിമുടക്കിന്റെ ഭാഗമാകുന്നത്. അവരുടെ ഏജന്റുമാർ വഴിയാണ് നിർമാണ കമ്പനികളുമായി സംസാരിച്ച് സൂപ്പർ താരങ്ങൾ  കരാറുണ്ടാക്കാറുള്ളത്. തിരക്കഥാകൃത്തുകളുടെ സമരത്തെ തുടർന്ന് ഹോളിവുഡിലെ സിനിമാ നിർമാണമൊക്കെ പ്രതിസന്ധിയിലാണ്. നേരത്തെ പൂർത്തിയാക്കിയ തിരക്കഥകളുമായി ഷൂട്ടിംഗ് തുടരുന്നുവരുണ്ട്. സ്‌ക്രിപ്റ്റില്ലാതെ ഫോക്സ് ടിവി ചില സീരീസുകൾ പുറത്തിറക്കുന്നുണ്ട്. അതേസമയം സിനിമ റിലീസുകളെ ഇത് ബാധിച്ചിട്ടില്ല. കാരണം വലിയ ഇടവേള എല്ലാ ചിത്രങ്ങൾക്കും ഇടയിലുണ്ട്. എന്നാൽ സമരം നീണ്ടാൽ സിനിമ റിലീസുകളെയും അത് ബാധിക്കും. 

*** ***  ***

കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എൽ.എ. ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുള്ളതായി ടൈംസ് നൗ റിപ്പോർട്ട്.  അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), നാഷണൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നീ സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിലാണിത്  വ്യക്തമാക്കിയത്. കർണാടകയിലെ സ്വതന്ത്ര എം.എൽ.എയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് ഗൗഡയുടെ ആസ്തി. 1156 കോടി ആസ്തിയുള്ള കോൺഗ്രസ് എം.എൽ.എ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.
ഏറ്റവും സമ്പന്നരായ 20 എം.എൽ.എമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. കർണാടക എം.എൽ.എമാരിൽ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നാണ് കണക്ക്. എം.എൽ.എമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോർട്ടിലുണ്ട്.
താൻ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോർട്ടിനോട് ഡി.കെ.ശിവകുമാറിന്റെ പ്രതികരണം. ദീർഘനാളത്തെ എന്റെ സമ്പാദ്യമാണത്. അത് എന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതും- ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
ഡി.കെ.ശിവകുമാർ ഒരു വ്യവസായിയാണെന്നും അതിലെന്താണ് തെറ്റെന്നും ഖനന കോഴ കേസിൽ ആരോപിതരായ ബി.ജെ.പി. എം.എൽ.എമാരുടെ ആസ്തി നോക്കൂ എന്നും കോൺഗ്രസ് എം.എൽ.എ. റിസ്വാൻ അർഷാദ് പറഞ്ഞു. 

*** ***  ***

അനുമതിയില്ലാതെ സിനിമയിൽ തന്റെ വീഡിയോ ഉപയോഗിച്ചെന്നാരോപിച്ച് മുൻ കോൺഗ്രസ് എം.പിയും നടിയുമായ രമ്യ (ദിവ്യ സ്പന്ദന) വക്കീൽ നോട്ടീസ് അയച്ചു.'ഹോസ്റ്റൽ ഹുഡുഗരു ബേക്കാഗിദ്ദാരെ' സിനിമാ സംഘത്തിനെതിരെയാണ് നടി നിയമ നടപടികൾ ആരംഭിച്ചത്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്ന് കാട്ടി ദിവ്യ ബെംഗളൂരു കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതേ തുടർന്ന് കേസ് പരിഗണിച്ച കോടതി ചിത്രത്തിന്റെ ട്രെയിലർ എല്ലാ പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. ഹോസ്റ്റൽ ഹുഡുഗാരു ബെക്കഗിദ്ദാരെയുടെ അണിയറ പ്രവർത്തകർ ദിവ്യയുടെ ദൃശ്യങ്ങളോ, ചിത്രങ്ങളോ, ചിത്രത്തിൽ ഉൾപ്പെടുത്തി റിലീസ് ചെയ്യാൻ പാടില്ല. അതെല്ലാം നീക്കം ചെയ്യണമെന്നും അഡീഷണൽ സിറ്റി സിവിൽ സെഷൻ ജഡ്ജി രവീന്ദ്ര ഹെഗ്‌ഡെ പറഞ്ഞു. തന്റെ പേരോ, തന്നെ കുറിച്ചുള്ള പരാമർശങ്ങളോ, പ്രസ് റിലീസുകളോ, വീഡിയോകളോ, പോസ്റ്ററുകളോ, പരസ്യങ്ങളോ, ഉണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്നും രമ്യ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിതിൻ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലറിൽ രമ്യയെയും ഉൾപ്പെടുത്തിയതിലാണ് മാനനഷ്ടകേസ്. നിതിൻ കൃഷ്ണമൂർത്തി, ഗുൽമോഹർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്യാമറമാൻ അരവിന്ദ് കശ്യപ് തുടങ്ങിയവർക്കാണ് നോട്ടീസയച്ചത്.
ചിത്രത്തിൽ രമ്യയും, റിഷഭ് ഷെട്ടിയും അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിൽ എല്ലാം രമ്യ പങ്കെടുത്തിരുന്നു. എന്നിട്ടും അവർ വക്കീൽ നോട്ടീസയച്ചത് അണിയറ പ്രവർത്തകർക്ക് തിരിച്ചടിയായിട്ടുണ്ട്.

*** ***  ***

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്ലോബ്ട്രോട്ടർ ഒരു ഇന്ത്യൻ വംശജയാണ്. അദിതി ത്രിപാഠി. വയസ് 10. ഇതിനകം സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം 50. അപ്പോഴും അദിതി തന്റെ ക്ലാസുകൾ ഒന്ന് പോലും ഒഴിവാക്കിയിട്ടുമില്ല.
ലണ്ടനിലെ ഗ്രീൻവിച്ചിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ കുടുംബത്തിലെ അംഗമാണ് അദിതി ത്രിപാഠി. അവളുടെ അച്ഛനുമമ്മയുമായ ദീപക്കും അഭിലാഷയും കുട്ടി ജനിച്ചപ്പോൾ യാത്രകൾ ചെയ്യണമെന്ന തീരുമാനമെടുത്തു. ഇത്തരം യാത്രകൾ മകളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. സ്‌കൂൾ അവധികൾ, ബാങ്ക് അവധികൾ, മറ്റ് അവധി ദിവസങ്ങൾ എന്നീ അവധി ദിവസങ്ങളാണ് യാത്രകൾക്കായി അവർ തെരഞ്ഞെടുത്തത്. മകളുമൊത്തുള്ള ലോക സഞ്ചാരത്തിന് ഒരോ വർഷവും ആ മാതാപിതാക്കൾ ഏതാണ്ട് 21 ലക്ഷം രൂപവരെ ചെലവഴിച്ചു. ഇതിനായി മറ്റ് അനാവശ്യ ചെലവുകൾ അവർ ഒഴിവാക്കി. സ്വന്തമായി ഒരു കാർ അവർ വാങ്ങിയില്ല. ഭക്ഷണം കഴിയുന്നതും വീട്ടിൽനിന്ന് മാത്രം. ജോലിയും വീട്ടിലിരുന്ന്. അത് പോലെ തന്നെ വീട്ടിലുള്ളപ്പോൾ അവർ അനാവശ്യ യാത്രകളും ഒഴിവാക്കി. എല്ലാം മകളെ ലോക സംസ്‌കാരങ്ങൾ കാണിക്കാൻ വേണ്ടി മാത്രം.
'അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, നഴ്സറി സ്‌കൂളിലായിരുന്നപ്പോഴാണ് ഞങ്ങൾ അവളോടൊപ്പം ആദ്യമായി യാത്ര ചെയ്യാൻ തുടങ്ങിയത്. അക്കാലത്ത് ആഴ്ചയിൽ രണ്ടര ദിവസം അവൾ സ്‌കൂളിൽ പോയി. ഇപ്പോൾ, വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ അവളുടെ സ്‌കൂൾ സമയം കഴിഞ്ഞയുടൻ ഞങ്ങൾ യാത്ര പോകുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ തിരിച്ചെത്തും. ചിലപ്പോൾ തിങ്കളാഴ്ച രാവിലെ. അത്തരം സന്ദർഭങ്ങളിൽ അവൾ എയർപോട്ടിൽ നിന്ന് നേരിട്ട് സ്‌കൂളിലേക്ക് പോകും. യാത്രകൾ അവൾക്ക് ആത്മവിശ്വാസവും ഒപ്പം ലോകമെങ്ങും കൂടുതൽ സുഹൃത്തുക്കളെയും നൽകി.' ദീപക് പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്തു. 

*** ***  ***

അൽപ്പം മുമ്പുള്ള ഒരു ചാനൽ ചർച്ചയുടെ ഒരു ഭാഗം യുട്യൂബിൽ കാണാനിടയായി. മതവും മതം മാറ്റവുമൊക്കെയാണ് വിഷയം. ഏതോ ലൗ ജിഹാദ് സീസണിലേതായിരിക്കും. ജനം ടിവി സംപ്രേഷണം ചെയ്തതാണ്. പൊന്നാനി, കോഴിക്കോട് പ്രദേശങ്ങളിലെ ഇസ്‌ലാമിനെ കുറിച്ച് പഠിപ്പിക്കുന്ന കേന്ദ്രങ്ങളെ കുറിച്ചെല്ലാം ലീഗിന്റെ പ്രതിനിധി ഷാഫി ചാലിയം വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ മഞ്ചേരിയിലെ കേന്ദ്രത്തെ പറ്റി തനിക്ക് അത്ര മതിപ്പില്ലെന്നും പറഞ്ഞുവെക്കുന്നു. പലതും സംസാരിക്കവേ പാനലിലെ ബി.ജെ.പി പ്രതിനിധി സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഷാഫി ഇടപെടുന്നതാണ് കണ്ടത്. നിങ്ങൾ മിണ്ടല്ലീ, ഞാൻ പറയുന്നത് കേൾക്കൂ എന്നായി ഷാഫി. ചർച്ചയിലെ പങ്കാളിയുടെ ഇൻസ്റ്റന്റ് പ്രതികരണമാണ് കലക്കിയത്. മിണ്ടാതിരിക്കാൻ ഞങ്ങളെന്താ വനിതാ ലീഗാണോ.. എന്നതായിരുന്നു മറുചോദ്യം. 

*** ***  ***

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് നടി വിൻസി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമ കേരളം മുഴുവൻ അറിഞ്ഞതിൽ സന്തോഷമെന്നും വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകൻ ലാൽ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാൽജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാർഡ് ആഗ്രഹിച്ചിരുന്നെന്നും അവർ പറഞ്ഞു. മനോരമ ചാനൽ സംപ്രേഷണം ചെയ്ത എപ്പിസോഡിലെ വിൻസിയുടെ കോഴിക്കറി പാചകം കണ്ടപ്പോഴേ ധരിച്ചതാണ് മലയാള സിനിമയ്ക്ക് കഴിവുറ്റ നായികയെ ലഭിച്ചുവെന്നത്- അഭിനന്ദനങ്ങൾ. 

 

Latest News