കൊളംബൊ - ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യന്‍ എമേജിംഗ് കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഞായറാഴ്ച ഇന്ത്യ എ, പാക്കിസ്ഥാന്‍ എ ടീമുകള്‍ ഏറ്റുമുട്ടും. സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ എ 60 റണ്‍സിന് ശ്രീലങ്ക എ-യെയും ഇന്ത്യ എ 51 റണ്‍സിന് ബംഗ്ലാദേശ് എ-യെയും തോല്‍പിച്ചു.
ടൂര്‍ണമെന്റില്‍ രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ എ അനായാസം പാക്കിസ്ഥാനെ തോല്‍പിച്ചിരുന്നു. രാജ്യവര്‍ധന്‍ ഹംഗാഗ്രേക്കര്‍ അഞ്ചു വിക്കറ്റും സായ് സുദര്‍ശന്‍ സെഞ്ചുറിയും നേടിയ മത്സരത്തില്‍ ഇന്ത്യ എ 80 പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് പാക്കിസ്ഥാനെ തോല്‍പിച്ചിരുന്നു.
എങ്കിലും പാക്കിസ്ഥാന്‍ എ മികച്ച കളിക്കാരുടെ കൂട്ടമാണ്. അവരുടെ പല കളിക്കാര്‍ക്കും ഇന്റര്‍നാഷനല്‍ മത്സരങ്ങളും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളും കളിച്ച പരിചയമുണ്ട്. ഓള്‍റൗണ്ടര്‍ മുഹമ്മദ് വസീം, ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ്, ഓപണര്‍ ശാഹിബ്‌സാദ ഫര്‍ഹാന്‍, പെയ്‌സര്‍ അര്‍ഷദ് ഇഖ്ബാല്‍ എന്നിവര്‍ പാക്കിസ്ഥാന്‍ സീനിയര്‍ ടീമില്‍ കളിച്ചവരാണ്. അമാദ് ബട്ടും ഉമൈര്‍ യൂസുഫും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എങ്കിലും ഗ്രൂപ്പ് മത്സരത്തില്‍ ഐ.പി.എല്ലില്‍ ഉരച്ചുമിനുക്കിയ ഇന്ത്യന്‍ നിരക്കു മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.






