മുകേഷിന് കന്നി വിക്കറ്റ്, വിന്‍ഡീസ് പൊരുതുന്നു

പോര്‍ട് ഓഫ് സ്‌പെയിന്‍ - ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ 438 നെതിരെ മൂന്നാം ദിനം മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ വിന്‍ഡീസ് രണ്ടിന് 117 ലെത്തി. മഴക്ക് അല്‍പം മുമ്പ് അരങ്ങേറ്റക്കാരനായ പെയ്‌സ്ബൗളര്‍ മുകേഷ്‌കുമാര്‍ കന്നി വിക്കറ്റ് സ്വന്തമാക്കി. 
ഒരു പ്രതികരണവുമില്ലാത്ത പിച്ചില്‍ ഒന്നിന് 86 ല്‍ മൂന്നാം ദിനം തുടങ്ങിയ വിന്‍ഡീസിനു വേണ്ടി കിര്‍ക് മെക്കന്‍സിയും (32) ഓപണറും ക്യാപ്റ്റനുമായ ക്രയ്ഗ് ബ്രാതവൈറ്റും (49 നോട്ടൗട്ട്) ആദ്യ മണിക്കൂറില്‍ അലട്ടില്ലാതെ ബാറ്റേന്തിയതായിരുന്നു. എന്നാല്‍ പൊടുന്നനെ ഏകാഗ്രത നഷ്ടപ്പെട്ട മക്കന്‍സി വൈഡായ മുകേഷിന്റെ പന്തിന് ബാറ്റ് വീശുകയും വിക്കറ്റ്കീപ്പര്‍ ഇശാന്‍ കിഷന് ക്യാച്ച് സമ്മാനിക്കുകയും ചെയ്തു. നിരാശനായാണ് ഇരുപത്തിരണ്ടുകാരന്‍ ക്രീസ് വിട്ടത്. ഒരു സിക്‌സറും നാല് ബൗണ്ടറിയുമുണ്ട് മക്കന്‍സിയുടെ ഇന്നിംഗ്‌സില്‍. തൊട്ടുപിന്നാലെ മഴ കളി തടസ്സപ്പെടുത്തി. 
രണ്ടാം ദിനം ചായക്ക് അല്‍പം മുമ്പാണ് ഇന്ത്യ 438 ന് ഓളൗട്ടായത്. വിരാട് കോലിയുടെ സെഞ്ചുറിയും (121) ഓപണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (57), ക്യാപ്റ്റന്‍ രോിത് ശര്‍മ (80), ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ (61), ആര്‍. അശ്വിന്‍ (56) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് ഇന്ത്യയെ നാനൂറ് കടത്തിയത്.
ആദ്യ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി ബ്രാതവൈറ്റും തേജ്‌നാരായണ്‍ ചാന്ദര്‍പോളും (33) വിന്‍ഡീസിന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ അവര്‍ 71 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ജദേജയെ ഉയര്‍ത്താന്‍ ശ്രമിച്ചാണ് തേജ്‌നാരായണ്‍ പുറത്തായത്.  

Latest News