ബ്രിസ്ബെയ്ന്‍ - നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയും മുന്‍ ചാമ്പ്യന്മാരായ ജപ്പാനും യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും വനിതാ ലോകകപ്പ് ഫുട്ബോളില്‍ വലതുകാല്‍ വെച്ചു തുടങ്ങി. ജപ്പാന് മറുപടിയില്ലാത്ത അഞ്ചു ഗോളിന് സാംബിയയെ തകര്‍ത്തപ്പോള്‍ അമേരിക്ക എതിരില്ലാത്ത കാല് ഡസന്‍ ഗോളില്‍ വിയറ്റ്നാമിനെ മുക്കി. ഇംഗ്ലണ്ടിന് 1-0 ന് ഹെയ്തിയെ മറികടക്കാന്‍ വിയര്‍ക്കേണ്ടി വന്നു. ചൈനയെ 1-0 ന് ഡെന്മാര്ക്ക് തോല്പിച്ചു.
ബ്രിസ്ബെയ്നില്‍ 44,000 കാണികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ടിന് തുടക്കം കേമമായില്ല. ഇരുപത്തൊമ്പതാം മിനിറ്റിലെ ജോര്‍ജിയ സ്റ്റാന്വേയുടെ പെനാല്‍ട്ടി വേണ്ടി വന്നു അവര്‍ക്ക് അരങ്ങേറ്റക്കാരായ ഹെയ്തിയെ മറികടക്കാന്‍. അവസാന വേളയില്‍ ഹെയ്തി കളിക്കാര്‍ ഒന്നായി ആക്രമിച്ചപ്പോള്‍ ഗോളി മേരി ഏര്പ്സിന് അനുഭവസമ്പത്ത് മുഴുവന്‍ ഉപയോഗിക്കേണ്ടി വന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ 90ാം മിനിറ്റില്‍ പകരക്കാരി അമേലി വാംഗ്സ്ഗാഡ് നേടിയ ഗോളില്‍ ഡെന്മാര്ക്ക് 1-0 ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ചൈനയെ ഞെട്ടിച്ചു. അഞ്ച് മിനിറ്റ് മുമ്പാണ് അമേലി കളത്തിലിറങ്ങിയത്. 16 വര്‍ഷത്തിനു ശേഷമാണ് ഡെന്മാര്ക്ക് ലോകകപ്പ് കളിക്കുന്നത്.
ഹാട്രിക് കിരീടത്തിനായി ബൂട്ട് കെട്ടുന്ന അമേരിക്ക അനായാസ വിജയത്തോടെ തുടങ്ങി. പുതുമുഖം സോഫിയ സ്മിത്ത് രണ്ടു ഗോളടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ലിന്‍ഡ്സെ ഹോറാന്‍ ഒരു ഗോളും നേടി. ലോകകപ്പില്‍ അമേരിക്കയുടെ തുടര്‍ച്ചയായ പതിമൂന്നാം ജയമാണ് ഇത്.
സാംബിയക്കെതിരെ ജപ്പാന്റെ ഓരോ നീക്കവും ഗോള്‍മണം പരത്തി. ഹിനാറ്റ മിയാസാവ രണ്ടു ഗോളടിച്ചു. ഇതിന്റെ ഇരട്ടി ഗോളുകള്‍ക്ക് ജപ്പാന് ജയിക്കാമായിരുന്നു.






