സോള്‍ - ഇന്ത്യന്‍ ഡബ്ള്‍സ് ജോഡി സത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും തുടര്‍ച്ചയായ രണ്ടാമത്തെ ടൂര്‍ണമെന്റിലും കിരീടത്തിനരികെ. ഇന്തോനേഷ്യന്‍ ഓപണ്‍ ജേതാക്കളായ അവര്‍ കൊറിയന്‍ ഓപണ്‍ ബാഡ്മിന്റണില്‍ ഫൈനലിലെത്തി. ലോക മൂന്നാം നമ്പറായ സത്വികും ചിരാഗും 21-15, 24-22 ന് ന് രണ്ടാം സീഡുകളായ ചൈനയുടെ ലിയാംഗ് വെയ് കെംഗ്-വാംഗ് ചാംഗ് സഖ്യത്തെ തോല്‍പിച്ചു. ചൈനീസ് കൂട്ടുകെട്ടിനെ കഴിഞ്ഞ രണ്ടു തവണ നേരിട്ടപ്പോഴും ചിരാഗിനും സത്വികിനും തോല്‍വിയായിരുന്നു.
ഈ വര്‍ഷം മൂന്നാമത്തെ കിരീടത്തിലേക്കാണ് ഇന്ത്യന്‍ സഖ്യം മുന്നേറന്നത്. സ്വിസ് ഓപണിലും അവര്‍ ചാമ്പ്യന്മാരായിരുന്നു. ഫൈനലില്‍ ടോപ് സീഡുകളായ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ദിയാന്തൊ (ഇന്തോനേഷ്യ) കൂട്ടുകെട്ടിനോടാണ് അവര്‍ ഏറ്റുമുട്ടുക. കൊറിയയുടെ കാംഗ് മിന്‍ ഹ്യുക്-സ്യോ സ്യൂംഗ് ജേ ടീമിനെയാണ് അല്‍ഫിയാനും അര്‍ദിയാന്തോയും സെമിഫൈനലില്‍ മൂന്നു ഗെയിമില്‍ തോല്‍പിച്ചത് (17-21, 21-16, 21-18).






