ഉശിരോടെ സ്‌പെയിന്‍, അടി തെറ്റി കാനഡ

വെല്ലിംഗ്ടണ്‍ - വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിന്‍ ഉശിരോടെ തുടങ്ങി. കളിക്കാരികളുടെ കലാപം കാരണം പ്രതിസന്ധി നേരിടുമെന്ന് കരുതിയ സ്‌പെയിന്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് കോസ്റ്ററീക്കയെ തകര്‍ത്തു. റെക്കോര്‍ഡ് രാജ്യാന്തര ഗോള്‍സ്‌കോറര്‍ ക്രിസ്റ്റിന്‍ സിന്‍ക്ലയര്‍ പെനാല്‍ട്ടി പാഴാക്കിയ മത്സരത്തില്‍ കാനഡ ഗോള്‍രഹിത സമനില വഴങ്ങി. നൈജീരിയന്‍ ഗോള്‍കീപ്പര്‍ ചിയാമാക നഡോസിയാണ് ഒളിംപിക് ചാമ്പ്യന്മാരായ കാനഡക്ക് വിജയം നിഷേധിച്ചത്. ലോകകപ്പില്‍ ഇതുവരെ നടന്ന എല്ലാ കളികളിലും പെനാല്‍ട്ടികളുണ്ടായി. വലിയ പ്രതീക്ഷയോടെ അരങ്ങേറിയ ഫിലിപ്പൈന്‍സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് സ്വിറ്റ്‌സര്‍ലന്റ് തകര്‍ത്തു. 
കോച്ച് ജോര്‍ജെ വില്‍ദയുടെ കീഴില്‍ കളിക്കാന്‍ 15 കളിക്കാരികള്‍ വിസമ്മതിച്ചത് സ്‌പെയിനിന്റെ ലോകകപ്പ് ഒരുക്കത്തെ ഗുരുതരമായി ബാധിച്ചിരുന്നു. നിലപാട് തിരുത്തിയ മൂന്നു പേരിലൊരാളായ അയ്താന ബോണ്‍മതി കോസ്റ്ററീക്കക്കെതിരെ ഗോളടിച്ചു. തിരമാലകള്‍ പോലെയാണ് കോസ്റ്ററീക്ക ഗോള്‍മുഖത്തേക്ക് സ്പാനിഷ് പെണ്‍പട ആര്‍ത്തലച്ചത്. സെല്‍ഫ് ഗോള്‍ അവരുടെ സ്‌കോറിംഗ് തുടങ്ങി വെച്ചു. ആദ്യ പകുതിയിലെ ആവേശകരമായ ആറു മിനിറ്റിനിടയിലായിരുന്നു മൂന്നു ഗോളും. ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി ജെനിഫര്‍ ഹോര്‍മോസൊ പാഴാക്കി. ഇരട്ട ബാലന്‍ഡോര്‍ ജേത്രി അലക്‌സിയ പുടേലാസ് റിസര്‍വ് ബെഞ്ചിലിരുത്തിയാണ് സ്‌പെയിന്‍ കളിച്ചത്. 
സ്വിറ്റ്‌സര്‍ലന്റിനെതിരെ ഫിലിപ്പൈന്‍സ് ആദ്യ പകുതിയില്‍ ഗോളടിച്ചിരുന്നു. എന്നാല്‍ ഓഫ്‌സൈഡിന്റെ പേരില്‍ നിഷേധിക്കപ്പെട്ടു. വിവാദ വീഡിയൊ തീരുമാനത്തില്‍ ഇടവേളക്ക് അല്‍പം മുമ്പ് സ്വിറ്റ്‌സര്‍ലന്റിന് റഫറി പെനാല്‍ട്ടി അനുവദിച്ചു. റമോണ ബക്മാന്‍ സ്‌കോര്‍ ചെയ്തു. അറുപത്തിനാലാം മിനിറ്റില്‍ സെറയ്‌ന പ്യൂബല്‍ ലീഡുയര്‍ത്തി. 
രണ്ട് പ്രമുഖ ടീമുകള്‍ കളത്തിലിറങ്ങും. കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്ക ഓക്‌ലന്റില്‍ വിയറ്റ്‌നാമുമായി ഏറ്റുമുട്ടും. യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് അരങ്ങേറ്റക്കാരായ ഹെയ്തിയാണ് എതിരാളികള്‍. ചൈന-ഡെന്മാര്‍ക്ക്, സാംബിയ-ജപ്പാന്‍ മത്സരങ്ങളുമുണ്ട്. 2011 ലെ ചാമ്പ്യന്മാരാണ് ജപ്പാന്‍. 

Latest News