കല്‍പറ്റ-ദേശീയ വനിതാ ക്രിക്കറ്റ് താരം മിന്നു മണിക്ക് നഗരത്തില്‍ കായികപ്രേമികള്‍ സ്വീകരണം നല്‍കി. വയനാട് ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം. കനറ ബാങ്ക് പരിസരത്തുനിന്നു നൂറുകണക്കിനു വിദ്യാര്‍ഥികളടക്കം ജനാവലി തുറന്ന വാഹനത്തില്‍ ഘോഷയാത്രയായി പുതിയ സ്റ്റാന്‍ഡില്‍ സജ്ജമാക്കിയ സ്വീകരണ വേദിയിലേക്ക് ആനയിച്ചു. രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമാണ് മിന്നു മണി.
സ്വീകരണ സമ്മേളനം ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മെമന്റോ സമര്‍പ്പണം അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് എന്നിവര്‍ മിന്നുവിനെ പൊന്നാട അണിയിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍, ഫുഡ്ബോള്‍ താരം സുശാന്ത് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം.മധു, യുവജന കമ്മീഷന്‍ അംഗം കെ.റഫീഖ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലിം കടവന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ. അബ്ദുള്‍ സമദ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.






