പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ജീവിതങ്ങളുണ്ടാവില്ല.
പക്ഷേ, എത്ര പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും അൽപം മനസ്സമാധാനവും പിന്തുണയും നാം ആഗ്രഹിക്കുന്നതും
ലഭിക്കേണ്ടതും സാമൂഹിക ജീവിതത്തിലൂടെയാണ്. അതുമില്ലാതെ വന്നാൽ തകർന്നു പോവും. ഓരോ ജീവിതവും. പ്രതിസന്ധികളിൽ ചേർത്തു പിടിക്കാൻ സുമനസ്സുകൾ കൂടെയുണ്ടെങ്കിൽ ജീവിതത്തിലെ മഹാഭാഗ്യവാന്മാരാണ് ഓരോരുത്തരും. അറിവല്ല, തിരിച്ചറിവാണ് പ്രധാനമെന്ന് കാലത്തോട് വിളംബരം ചെയ്ത നന്മയുടെ പൂക്കാലമായിരുന്നു പ്രളയവും കോവിഡ് കാലവും. ചേർത്തുപിടിക്കലിലൂടെ അതിജീവന പോരാട്ടങ്ങളുടെ അധ്യായങ്ങൾ തുന്നിച്ചേർത്ത് വിജയത്തിന്റെ എവറസ്റ്റ് കിഴടക്കിയവരാണ് കോവിഡ് കാലത്തിലൂടെ വൈറലായ താരങ്ങൾ.
തളർന്നു പോകുന്നതു പോലെ തോന്നിയാലും തളരാതെ തലയുയർത്തിപ്പിടിച്ചു നിൽക്കണം. തകർന്നുപോയ മനസ്സും തുന്നിച്ചേർത്താണ് പലരും ലോക ചരിത്രം തിരുത്തിക്കുറിച്ചതെന്ന് അവർ സമൂഹത്തോട് വിളിച്ചു പറയുന്നു. വെയിലും മഴയും കാറ്റും ഉണ്ടായാലും വാടാതെ നിൽക്കുന്ന മരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ആ മരങ്ങളെ പോലെയാവണം ജീവിതം. തളർത്താനും തളരാനും ഒരുപാട് കാരണങ്ങൾ കാണും. തളർന്നു
വീണാൽ പിന്നെ മുന്നോട്ടുള്ള പല വഴികളിലും മുട്ടുകുത്തേണ്ടി വന്നേക്കാമെന്നാണ് തിരിച്ചറിയേണ്ടത്. കണ്ണ് കൊണ്ട് കാണാനോ, കൈ കൊണ്ട് സ്പർശിക്കാനോ, നിറമോ മണമോ കൊണ്ട് തിരിച്ചറിയാനോ കഴിയാത്ത കോവിഡ് വൈറസിന്റെ മുന്നിൽ ലോകം തലകുനിച്ച രണ്ട് വർഷം. മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും അതിജീവന കാലത്തെ വൈറൽ താരങ്ങളായി ചരിത്രം രചിക്കപ്പെട്ട സാധാരണക്കാരായവർ ഒത്തിരിയുണ്ട് ഇന്നും നമ്മുടെ നാട്ടിൻപുറങ്ങളിൽ. മുട്ടും പലകയുമായി കെട്ടിട നിർമാണ തൊഴിലുമായി ഉപജീവന വഴിയിലൂടെ സഞ്ചരിച്ചിരുന്ന മലപ്പുറം മക്കരപ്പറമ്പ് കുറുവയിലെ വലിയകത്ത് അബ്ദുൽ കരീം എന്ന ലാല കരീം ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ന് മലയാളി കുടുംബ മനസ്സുകളിൽ ഇടം നേടിയ സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ ഹാസ്യ സമ്രാട്ടാണ്. കോവിഡ്കാല അടച്ചിടലിൻ കാലത്ത് തന്റെ കൈവശമുള്ള ഫോണിലൂടെ ചിത്രീകരിക്കുന്ന അഭിനയ വീഡിയോകളാണ് ലക്ഷക്കണക്കിന് കാഴ്ചക്കാരിലൂടെ വൈറലായി മാറിയത്. സമൂഹത്തിന് ഒത്തിരി നന്മയുടെ സന്ദേശങ്ങൾ കൈമാറുന്ന സാമൂഹ്യ ബോധവൽക്കരണ വീഡിയോകളാണ് ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തിൽ സുഹൃത്തുക്കളുടെ പിന്നണിയിലൂടെ നാടൻ ശൈലിയിലെ അഭിനയ മികവിലൂടെ ചിത്രീകരിച്ച് പുറത്ത് വിടുന്നത്. ഓരോ ദിവസവും ആനുകാലിക വിഷയങ്ങള ആസ്പദമാക്കി ലാല സ്വന്തം ശൈലിയിൽ സ്‌ക്രിപ്റ്റ് തയാറാക്കും. ആവശ്യമായ കഥാപാത്രങ്ങളും ലൊക്കേഷനും സ്വന്തം നാടും നാട്ടുകാരും സുഹൃത്തുക്കളും തന്നെ. പെരിന്തൽമണ്ണയിലെ അരി ഗോഡൗണിൽ ചുമട്ടുതൊഴിലാളികളായിരുന്ന പാതാക്കരയിലെ കൊളക്കട ഉമറുൽ ഫാറൂഖും പുതുക്കുടി മുഹമ്മദ് ഇസ്മായിലുമാണ് ലാലയുടെ അഭിനയ തിളക്കത്തിന് മാറ്റുകൂട്ടുന്ന സകലകലാ വല്ലഭന്മാർ.
കോഴിക്കള്ളൻ, പിശുക്കൻ, കല്യാണപ്പെണ്ണ്, വല്ലിപ്പാന്റെ വള്ളി ട്രൗസർ, ഓട്ടോക്കാരൻ, പുരുഷ ധനം, തൊയ്രം ഇല്ലാത്ത കടം, കൂലിപ്പണിക്കാർക്കെന്താ പെണ്ണില്ലേ, എരിക്കനും പിശുക്കനും, അളിയൻ, തൊയ്രം തരാത്ത ബാപ്പ, ചതി, ഒടിയൻ, ഉത്തരം മുട്ടിയ മുക്രി. അമ്മായി കാക്കാന്റെ അച്ചപ്പം, ഓലക്കൊടി പ്രേതം, പുലിവാൽ സൽക്കാരം, കല്യാണം മുടക്കികൾ, പറയാത്ത കല്യാണം, ബ്രോക്കർ ബാവ, അമ്മോന#ും മരോനും തുടങ്ങിയ ആയിരക്കണക്കിന് വീഡിയോകളാണ് കുറഞ്ഞ കാലത്തിനിടയിൽ ലാല മലപ്പുറത്തിലൂടെ ജനശ്രദ്ധ നേടിയത്. കുടുംബങ്ങളിലും കുട്ടികൾക്കിടയിലും ലാലയും ടീമും സെലിബ്രിറ്റികളാണ്. വിവിധ സ്ഥാപനങ്ങളുടെ പരസ്യ പ്രചാരണങ്ങൾക്കും ഉദ്ഘാടകരായിട്ടും ലാലയും ടീമും എപ്പോഴും ലൈവാണ്. നിത്യജീവിതത്തിന് മാറ്റുകൂട്ടുവാൻ തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നതിനാൽ എല്ലാഴും ഹാപ്പിയാണ് മൂവർ സംഘം.






