മാപ്പിളപ്പാട്ട് രചനയിലെ പ്രമേയത്തിലെ പുതുമ കൊണ്ടും കാഴ്ചപ്പാടിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയനായ എഴുത്തുകാരനാണ് പക്കർ പന്നൂർ.
സംഘാടകനായും മൽസര വേദിയിലെ വിധികർത്താവായും നിറഞ്ഞു നിൽക്കുമ്പോൾ തന്നെ പക്കർ മാസ്റ്ററെ ശ്രദ്ധേയനാക്കുന്നത് തന്റെ രചനകൾ തന്നെയാണ്. മക്കയെ കുറിച്ചും മദീനയെ കുറിച്ചും പ്രവാസത്തെ കുറിച്ചും ഒട്ടേറെ പാട്ടുകൾ പക്കർ പന്നൂരിന്റേതായുണ്ട്. ' ഹറം ചുറ്റി ഉയരുന്ന പൂങ്കാറ്റെ' 'മസ്ജിദുന്നബവി തൻ മിനാരത്തിൽ ബിലാലിന്റെ' തുടങ്ങി അനേകം ഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കൂടാതെ 'കിളിയെ കിളിയെ പനം കിളിയെ' 'ആകെ പാട് അഞ്ചോ പത്തോ സെന്റാണെന്റെ പുരയിടം അത് പോലും പണയത്തിലാക്കി' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ് പാടി പ്രശസ്തമായ, വർഷങ്ങൾക്ക് മുമ്പ് കേരളത്തിലുണ്ടായ വെള്ളപൊക്കത്തെ കുറിച്ച് 'ഈ മലയാളക്കരയിൽ ഇക്കുറി വന്നത് പോലുള്ളൊരു മലവെളളപ്പാച്ചിൽ' എന്ന ഗാനം രചിച്ച പന്നൂർ അബ്ദുൽ ഖാദർ മുസ്ല്യാരുടെ മരുമകനാണ് പക്കർ പന്നൂർ. വിജനതയിൽ പ്രവാചകൻ ഇബ്രാഹിം വിട്ടേച്ചുപോയ ഹാജറയുടെയും ഇസ്മായിലിന്റെയും സ്മരണകൾ പതിഞ്ഞു കിടക്കുന്ന മക്കയുടെ മണ്ണും ബിലാലിന്റെ ശബ്ദ സൗരഭ്യം അലയൊലി തീർത്ത മദീനാ പള്ളിയുടെ മിനാരങ്ങളും കണാൻ കഴിഞ്ഞത് ജീവിതാഭിലാഷമാണെന്ന് പക്കർ മാസ്റ്റർ പറഞ്ഞു. എഴുത്തുകാരൻ ഭാവനകൾ കൊണ്ട് സൃഷ്ടി നടത്തുന്നവരാണ്. എന്നാൽ തന്റെ ഭാവനകളിലെ സത്യങ്ങളെ നേരിട്ട് അനുഭവിക്കുക എന്നത് വീണ്ടും രചനകൾക്കുള്ള പ്രചോദനമാണ്.
സേവന സന്നദ്ധരായ പ്രവാസി മലയാളികളെ പക്കർ മാസ്റ്റർ അഭിനന്ദിച്ചു. മറ്റൊരു സമൂഹത്തിനും കിട്ടാത്ത സുഖസൗകര്യങ്ങൾ മലയാളി ഹാജിമാക്ക് ലഭിക്കുന്നത് ഇവരുടെ സ്വയംമറന്നുളള പ്രവർത്തനങ്ങൾ കൊണ്ടാണ്.
യുവജനോൽസവ വേദികളിലെയും റിയാലിറ്റി ഷോകളിലെയും നിറ സാന്നിധ്യമായ പക്കർ പന്നൂരിന് ഗാനരചന രംഗത്ത് ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കലാമേഖലക്ക് സർക്കാർ നൽകുന്ന കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവാണ്. കേരള സർക്കാരിന് കീഴിലുള്ള ഹുസൈൻ രണ്ടത്താണി ചെയർമാനായ മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമാണ്. ബാലുശ്ശേരി സ്വദേശി റുഖിയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.






