ഫോര്‍ട് ലോഡര്‍ഡെയ്ല്‍ - ബാഴ്‌സലോണയുടെ ഭീമമായ കാമ്പ് നൗവിലെയും പാരിസ് സെയ്്ന്റ് ജര്‍മാന്റെ അത്യാധുനിക പാര്‍ക് ദെ പ്രാന്‍സസിലെയും അതിതീവ്ര ദിനങ്ങള്‍ക്കു ശേഷം ഇന്റര്‍ മയാമിയില്‍ ലിയണല്‍ മെസ്സി അലസ സായാഹ്നം തുടങ്ങുന്നു. അത്ര തീവ്രമല്ലാത്ത, മാധ്യമക്കണ്ണുകളില്ലാത്ത അമേരിക്കന്‍ സോക്കറില്‍ ആദ്യമായി മെസ്സി ഇന്ന് പന്തു തട്ടും. ഫ്‌ളോറിഡയിലെ ഡി.ആര്‍.വി പി.എന്‍.കെ സ്‌റ്റേഡിയത്തില്‍ മുപ്പത്താറുകാരന്‍ മയാമിക്കു വേണ്ടി ആദ്യ മത്സരം കളിക്കും. ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളാണ് എതിരാളികള്‍. മെസ്സിയെയും ഒപ്പം അരങ്ങേറിയ സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സിനെയും ഈ മത്സരത്തില്‍ കളിപ്പിക്കണമോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പുതിയ കോച്ച് ജെറാഡൊ മാര്‍ടിനൊ പറഞ്ഞു. മെസ്സി ക്ലബ്ബില്‍ ചേരാന്‍ തീരുമാനിക്കുന്നതു വരെ മയാമി സ്റ്റേഡിയത്തിലെ ഇരിപ്പിട ശേഷി 18,000 മാത്രമായിരുന്നു. 3000 സീറ്റ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നൗകാമ്പിലെ ഇരിപ്പിട ശേഷി ഒരു ലക്ഷത്തോളമാണ്. മേജര്‍ ലീഗില്‍ മത്സരങ്ങളിലെത്തുന്ന കാണികളുടെ ശരാശരി എണ്ണം 23,000 മാത്രമാണ്. ബെയ്ജിംഗില്‍ അര്‍ജന്റീനയുടെ പ്രദര്‍ശന മത്സരത്തില്‍ മെസ്സി കളിക്കുന്നതു കാണാന്‍ മാത്രം അര ലക്ഷത്തിലേറെ ആരാധകര്‍ എത്തിയിരുന്നു.






