റെക്കോര്‍ഡ് കാണികള്‍, വെടിവെപ്പ്; ആവേശവും ആശങ്കയുമായി ലോകകപ്പ്

സിഡ്‌നി/ഓക്‌ലന്റ് -വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ ഓസ്‌ട്രേലിയയും ന്യൂസിലാന്റും വിജയത്തോടെ തുടങ്ങി. ഉദ്ഘാടന ദിവസം രാവിലെ ഓക്‌ലന്റില്‍ നോര്‍വെ ടീമിന്റെ താമസസ്ഥലത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ അക്രമിയുള്‍പ്പെടെ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ആഘോഷങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. വനിതാ ഫുട്‌ബോളിലെ റെക്കോര്‍ഡ് ജനക്കൂട്ടമാണ് ഓസ്‌ട്രേലിയ 1-0 ന് അയര്‍ലന്റിനെ തോല്‍പിക്കുന്നതിന് സിഡ്‌നിയില്‍ സാക്ഷ്യം വഹിച്ചത്. 
ഓക്‌ലന്റില്‍ മാവോരി ഗോത്രക്കാരുടെ കണ്ണഞ്ചിക്കുന്ന ഹക വാര്‍ ഡാന്‍സോടെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. നാല്‍പത്തിരണ്ടായിരത്തിലേറെ പേര്‍ വീക്ഷിച്ച മത്സരത്തില്‍ ഹന്ന വില്‍കിന്‍സന്റെ തകര്‍പ്പന്‍ ഹെഡര്‍ ന്യൂസിലാന്റിന് 1-0 വിജയം സമ്മാനിച്ചു. ന്യൂസിലാന്റില്‍ ആദ്യമായാണ് വനിതാ ഫുട്‌ബോള്‍ കാണാന്‍ ഇത്രയും പേര്‍ തടിച്ചുകൂടുന്നത്.
ഓസ്‌ട്രേലിയ ഇതേ സ്‌കോറിന് അയര്‍ലന്റിനെ മറികടക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ കണ്ട കളിയില്‍ സ്റ്റെഫനി കാറ്റ്‌ലിയാണ് അമ്പത്തിരണ്ടാം മിനിറ്റില്‍ ഗോളടിച്ചത്. ഓസീ, ഓസീ ഓയ്, ഓയ് വിളികളില്‍ സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. രാജ്യാന്തര ഫുട്‌ബോളിലെ ടോപ്‌സ്‌കോററായ സാം കെറിന് പരിക്ക് കാരണം വിട്ടുനില്‍ക്കേണ്ടി വന്നത് ഓസ്‌ട്രേലിയയുടെ വിജയാഘോഷം തണുപ്പിച്ചു. 
ഈഡന്‍പാര്‍ക്കില്‍ മുന്‍ ബാലന്‍ഡോര്‍ ജേത്രിയായ നോര്‍വെ സ്‌ട്രൈക്കര്‍ അഡ ഹെഗര്‍ബെര്‍ഗിനെ ന്യൂസിലാന്റ് പ്രതിരോധനിര പിടിച്ചുകെട്ടി. കൂടുതല്‍ വലിയ വിജയം ന്യൂസിലാന്റിന് നേടാമായിരുന്നു. 90ാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി റിയ പെഴ്‌സിവാള്‍ ബാറിലേക്കടിച്ചു പാഴാക്കി. വനിതാ ലോകകപ്പില്‍ ന്യൂസിലാന്റിന്റെ ആദ്യ ജയമാണ് ഇത്. അഞ്ചാം തവണ ലോകകപ്പ് കളിക്കുന്ന അവര്‍ ഇതിനു മുമ്പ് 15 മത്സരങ്ങള്‍ കളിച്ചിരുന്നു. 

Latest News