മാഞ്ചസ്റ്റര്‍ - ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ആധിപത്യം നേടുന്നു. ഓപണര്‍ സാക് ക്രോളിയുടെ സെഞ്ചുറിയില്‍ (115 നോട്ടൗട്ട്) അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. നേരത്തെ അഞ്ച് വിക്കറ്റെടുത്ത ക്രിസ് വോക്സ് സന്ദര്‍ശകരെ 317 ന് ഓളൗട്ടാക്കാന്‍ സഹായിച്ചു. തുടക്കത്തില്‍ തന്നെ ബെന്‍ ഡക്കറ്റിനെ (1) മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയ ശേഷം ക്രോളിയും മുഈനലിയും (54) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മുഈന്‍ ടെസ്റ്റില്‍ 3000 റണ്‍സും 200 വിക്കറ്റും തികച്ചു. ഈ ഡബ്ള്‍ നേടുന്ന ഇംഗ്ലണ്ടിന്റെ നാലാമത്തെ താരമാണ് മുഈന്‍. ഇയാന്‍ ബോതം, ആന്‍ഡ്രൂ ഫഌന്റോഫ്, സ്റ്റുവാര്‍ട് ബ്രോഡ് എന്നിവരാണ് മറ്റുള്ളവര്‍. മുഈനെയും സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. ക്രോളിക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടാണ് (30 നോട്ടൗട്ട്) ക്രീസില്‍. ക്രോളിയും മുഈനും പലതവണ കളിക്കുകയും പിഴക്കുകയും ചെയ്തു. ക്രമേണ താളം കണ്ടെത്തുകയും ആക്രമിച്ചു കളിക്കുകയും ചെയ്തു. ഒല്ലി പോപ്പിന് പരിക്കേറ്റതിനാലാണ് മുഈന്‍ വണ്‍ഡൗണായി ഇറങ്ങിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്റെ പന്ത് എഡ്ജ് ചെയ്ത് ബൗണ്ടറിയായതോടെയാണ് മുഈന്‍ ടെസ്റ്റില്‍ 3000 പിന്നിട്ടത്. അടുത്ത പന്തില്‍ മനോഹരമായി ബൗണ്ടറി ആവര്‍ത്തിച്ചു. പരമ്പരയില്‍ ഓസ്ട്രേലിയ 2-1 ന് മുന്നിലാണ്.






