മുകേഷിന് അരങ്ങേറ്റം, നൂറാം  ടെസ്റ്റില്‍ വിന്‍ഡീസിന് ടോസ്

പോര്‍ട് ഓഫ് സ്‌പെയിന്‍ - ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റിന് ഇരു ടീമുകളും ഓരോ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. ശാര്‍ദുല്‍ താക്കൂറിന് പരിക്കേറ്റതോടെ യുവ പെയ്‌സര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറും. റേമന്‍ റീഫറിനു പകരം കിര്‍ക് മെകന്‍സി വെസ്റ്റിന്‍ഡീസിന്റെ മുന്‍നിരയില്‍ ഇറങ്ങും. സ്പിന്നര്‍ റഹ്കീം കോണ്‍വാളിനു പകരം പെയ്‌സ്ബൗളര്‍ ഷാനന്‍ ഗബ്രിയേലിനെ വിന്‍ഡീസ് ടീമിലുള്‍പെടുത്തി. ആദ്യ ടെസ്റ്റ് ഇന്ത്യ ഇന്നിംഗ്‌സിന് ജയിച്ചിരുന്നു. 
ആദ്യ ടെസ്റ്റില്‍ ഇരു ടീമിലും ഓരോ കളിക്കാര്‍ അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ സെഞ്ചുറിയോടെ ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ മാന്‍ ഓഫ് ദ മാച്ചായി. അലിക് അതനാസെ രണ്ട് ഇന്നിംഗ്‌സിലും വെസ്റ്റിന്‍ഡീസിന്റെ ടോപ്‌സ്‌കോററുമായി. അതനാസെയെ പോലെ ഇടങ്കൈയനാണ് മക്കന്‍സിയും. പച്ചപ്പില്ലാത്ത പിച്ചില്‍ ബൗളര്‍മാര്‍ പ്രയാസപ്പെടാനാണ് സാധ്യത.
 

Latest News