മഹ്‌റേസ് അഹ്‌ലിയിലേക്ക്, ഹെന്‍ഡേഴ്‌സന്‍ ഇത്തിഫാഖില്‍

സിഡ്‌നി - യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ട് പ്രമുഖ താരങ്ങള്‍ കൂടി അടുത്ത സൗദി പ്രൊ ലീഗ് സീസണിനെ സമ്പന്നമാക്കാന്‍ എത്തുന്നു. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്‍ അല്‍ഇത്തിഫാഖില്‍ ചേരുമെന്നാണ് സൂചന. മറ്റൊരു ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ തിയാഗൊ അല്‍കാന്ററയും സൗദി ലീഗിലെത്തും.
പ്രി സീസണ്‍ മത്സരത്തില്‍ കാള്‍റൂയെ 4-2 ന് തോല്‍പിച്ച ലിവര്‍പൂള്‍ ടീമില്‍ ഹെന്‍ഡേഴ്‌സന്‍ ഇല്ലായിരുന്നു. 1.2 കോടി പൗണ്ടിന്റെ ട്രാന്‍സ്ഫറിന് ലിവര്‍പൂള്‍ സമ്മതിച്ചു കഴിഞ്ഞു. ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ് ഈയിടെ ഇത്തിഫാഖ് കോച്ചായി ചുമതലയേറ്റിരുന്നു. സൗദി ലീഗില്‍ കളിക്കാനൊരുങ്ങുന്ന സൂപ്പര്‍താരങ്ങളുടെ നിരയിലെ അവസാനത്തെ കളിക്കാരനാണ് മുപ്പത്തിമൂന്നുകാരന്‍. 
കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടങ്ങള്‍ നേടിയ മാഞ്ചസ്റ്റര്‍ ടീമിലെ പ്രമുഖന്‍ റിയാദ് മഹ്‌റേസ് ജിദ്ദയിലെ അല്‍ അഹ്‌ലിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നു കോടി പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ സിറ്റി അംഗീകരിച്ചു കഴിഞ്ഞു. ഹെന്‍ഡേഴ്‌സന്റെ കീഴില്‍ ലിവര്‍പൂളില്‍ കളിച്ച ബ്രസീല്‍ സ്‌ട്രൈക്കര്‍ റോബര്‍ടൊ ഫിര്‍മിനോയും അഹ്‌ലിയിലുണ്ട്. ഇരുവരും ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും ഉള്‍പ്പെടെ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 
കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ നിരാശപ്പെടുത്തിയതോടെ ടീമിന്റെ മധ്യനിര കോച്ച് യൂര്‍ഗന്‍ ക്ലോപ് അഴിച്ചുപണിയുകയാണ്. ജെയിംസ് മില്‍നറും നബി കീത്തയും അലക്‌സ് ഓക്‌സാള്‍ഡ് ചെയ്മ്പര്‍ലെയ്്‌നും ടീം വിട്ടു. ഫാബിയൊ കാര്‍വാലൊ ലെയ്പ്‌സിഷിലേക്ക് ലോണില്‍ പോയി. തിയാഗൊ അല്‍കാന്ററയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. അലക്‌സിസ് മകാലിസ്റ്റര്‍, ഡൊമിനിക് സ്ലോബോസായ് എന്നിവര്‍ ലിവര്‍പൂളിലെത്തി. 
 

Latest News