നൂറിന്റെ നിറവില്‍ ഇന്ത്യ-വിന്‍ഡീസ്‌

പോര്‍ട് ഓഫ് സ്‌പെയിന്‍ - ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള നൂറാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച പോര്‍ട് ഓഫ് സ്‌പെയിനില്‍ ആരംഭിക്കും. ഇന്ത്യയും വെസ്റ്റിന്‍ഡീസും മറ്റ് രണ്ടു ടീമുകളുമായേ 100 ടെസ്റ്റ് കളിച്ചിട്ടുള്ളൂ, ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ആതിഥേയര്‍ക്ക് തിരിച്ചുവരിക ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ചും 21 വര്‍ഷമായി ഇന്ത്യക്കെതിരെ ജയിച്ചിട്ടില്ലെന്നിരിക്കെ. എന്നാല്‍ ഇതുവരെ കളിച്ച 99 ടെസ്റ്റില്‍ 30 ജയങ്ങളുമായി വിന്‍ഡീസാണ് മുന്നില്‍. ഇന്ത്യക്ക് 23 ടെസ്റ്റേ ജയിക്കാനായുള്ളൂ. വിന്‍ഡീസ് അവസാനം ഇന്ത്യയെ തോല്‍പിച്ചത് 2002 ലാണ്. കഴിഞ്ഞ കളിയിലെ പ്ലയര്‍ ഓഫ് ദ മാച്ച് യശസ്വി ജയ്‌സ്വാള്‍ അന്ന് ജനിച്ചിട്ടേയുള്ളൂ. പിന്നീട് കളിച്ച 24 ടെസ്റ്റില്‍ പതിനഞ്ചും ഇന്ത്യ ജയിച്ചു. 
പോര്‍ട് ഓഫ് സ്‌പെയിനിലെ പിച്ച് പരമ്പരാഗതമായി പെയ്‌സിനെ സഹായിക്കുന്നതാണ്. വിന്‍ഡീസ് പെയ്‌സര്‍മാര്‍ കൂടുതല്‍ പരിചയസമ്പന്നരുമാണ്. വിന്‍ഡീസും ഇന്ത്യയും അടുത്ത അഞ്ചു മാസത്തേക്ക് ടെസ്റ്റ് കളിക്കുന്നില്ല. അതിനാല്‍ ഈ മത്സരം ജയിച്ച് ഇടവേളയിലേക്ക് പോവാന്‍ ഇരു ടീമുകളും ആഗ്രഹിക്കും. 
അലിക് അതനാസെയുടെ ഫോമാണ് തകര്‍ച്ചയിലും വിന്‍ഡീസിന് പ്രതീക്ഷ. 2018 ലെ അണ്ടര്‍-19 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു അതനാസെ. യു.എ.ഇക്കെതിരായ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഫാസ്റ്റസ്റ്റ് ഫിഫ്റ്റിക്കുടമയായി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും ടീമിന്റെ ടോപ്‌സ്‌കോററായി. അതനാസെ ടോപ്‌സ്‌കോററായ അണ്ടര്‍-19 ലോകകപ്പിലെ ടോപ്‌സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്ത് ശുഭ്മന്‍ ഗില്ലായിരുന്നു. ഗില്‍ ഇതിനകം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. അതനാസെക്ക് അഞ്ചു വര്‍ഷം വേണ്ടി വന്നു ടെസ്റ്റില്‍ മുഖം കാണിക്കാന്‍. കഴിഞ്ഞ ടെസ്റ്റില്‍ മധ്യനിരയിലേക്ക് മാറണമെന്ന് ഗില്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആദ്യ അവസരത്തില്‍ പരാജയമായിരുന്നു. ഗില്ലിന് ടീം മാനേജ്‌മെന്റ് കൂടുതല്‍ അവസരം നല്‍കും. 
കിര്‍ക് മെക്കന്‍സിക്ക് കൂടി വിന്‍ഡീസ് അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഒരു സ്പിന്നറെ ഒഴിവാക്കി ഷാനന്‍ ഗബ്രിയേലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. ക്വീന്‍സ് പാര്‍ക്ക് ഓവലിലെ പിച്ചില്‍ അവസാന ടെസ്റ്റ് അരങ്ങേറിയത് 2018 ലാണ്. ഇവിടെ കളിച്ച 13 ടെസ്റ്റില്‍ മൂന്നെണ്ണമേ ഇന്ത്യ ജയിച്ചിട്ടുള്ളൂ. 
ആര്‍. അശ്വിന്‍ 500 വിക്കറ്റിനോടടുക്കുകയാണ്, പതിനാലെണ്ണം കൂടി മതി. ഇന്ത്യന്‍ റണ്‍ സ്‌കോറര്‍മാരില്‍ അഞ്ചാമതെത്താന്‍ കോലിക്ക് വേണ്ടത് 32 റണ്‍സും. 

Latest News