കൊളംബൊ - എ ടീമുകളുടെ ഏഷ്യന്‍ എമേര്‍ജിംഗ് കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. പെയ്സ്ബൗളര്‍ രാജ്യവര്‍ധന്‍ ഹാംഗാര്ഗേക്കര് അഞ്ചു വിക്കറ്റെടുത്ത് പാക്കിസ്ഥാനെ നാല്പത്തെട്ടോവറില് 205 ന് ചുരുട്ടിക്കെട്ടിയപ്പോള്‍ സായ് സുദര്‍ശന്റെ സെഞ്ചുറിയിലൂടെ (110 പന്തില്‍ 104 നോട്ടൗട്ട്) അനായാസം ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. ഇരട്ട സിക്സറോടെ സുദര്ശന് വിജയറണ്‍സ് നേടുമ്പോള്‍ ഇന്ത്യയുടെ കൈയില്‍ എട്ടു വിക്കറ്റും 13.2 ഓവറും ബാക്കിയുണ്ടായിരുന്നു. ഇതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി.
ഹംഗാര്‍ഗേക്കറും (8-1-42-5) മാനവ് സുതാറും (10-0-36-3) ചേര്‍ന്നാണ് പാക്കിസ്ഥാന് ബാറ്റിംഗിനെ എറിഞ്ഞിട്ടത്. ഒമ്പത് റണ്‍സെടുക്കുമ്പോഴേക്കും സായിം അയ്യൂബിനെയും (0) ഉമൈര്‍ യൂസുഫിനെയും (0) അവര്‍ക്ക് നഷ്ടപ്പെട്ടു. 95 റണ്‍സെടുക്കുമ്പോഴേക്കും ആറു പേര് കൂടാരം കയറി. വാലറ്റത്ത് ഖാസിം അക്രമും (48) മുബശിര്‍ ഖാനും (28) മെഹ്റാന് മുംതാസും (25 നോട്ടൗട്ട്) ചേര്‍ന്നാണ് സ്കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് അഭിഷേക് ശര്‍മയെയും (20) നികിന് ജോസിനെയുമാണ് (53) നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ യാഷ് ധൂര് 21 റണ്‍സുമായി പുറത്താവാതെ നിന്നു.






