ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിയ്യതികള്‍ അറിയാം

ദുബായ് - ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരത്തിന് സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡി വേദിയാവും. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പര്‍ ഫോറിലേക്ക് മുന്നേറുകയാണെങ്കില്‍ ഈ മത്സരം സെപ്റ്റംബര്‍ 10 ന് കാന്‍ഡിയില്‍ വെച്ചു തന്നെ നടത്തും. 
ഓഗസ്റ്റ് 30 ന് പാക്കിസ്ഥാനില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ നേപ്പാളുമായി ഏറ്റുമുട്ടും. അഞ്ച് മത്സരങ്ങള്‍ പാക്കിസ്ഥാനിലും ഒമ്പത് കളികള്‍ ശ്രീലങ്കയിലും അരങ്ങേറുന്ന വിധത്തിലാണ് ഇത്തവണ ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ്. മുള്‍ത്താനിലായിരിക്കും ഉദ്ഘാടന മത്സരം. ഫൈനല്‍ സെപ്റ്റംബര്‍ 17 ന് കൊളംബോയില്‍ നടക്കും. മത്സരക്രമത്തില്‍ വീണ്ടും മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ദംബുല്ലയില്‍ നടത്താനായിരുന്നു ആദ്യ പദ്ധതി. 
പാക്കിസ്ഥാനിലെ മറ്റു നാലു കളികള്‍ ലാഹോറിലാണ്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഒരു സൂപ്പര്‍ ഫോര്‍ മത്സരവും. ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരവും ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരവും ലാഹോറില്‍ അരങ്ങേറും. 
ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണ് ഗ്രൂപ്പ് എ-യില്‍. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ബി-യിലും. രണ്ട് ഗ്രൂപ്പിലെയും രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് മുന്നേറും. ലോകകപ്പിന്റെ സന്നാഹമെന്ന നിലയിലാണ് ഏഷ്യാ കപ്പ് ഇത്തവണ ഏകദിന ക്രിക്കറ്റായി നടത്തുന്നത്. കഴിഞ്ഞ തവണ ട്വന്റി20യായിരുന്നു കളിച്ചത്. 

Latest News