Sorry, you need to enable JavaScript to visit this website.

ശ്വാസടമക്കി ക്രൊയേഷ്യന്‍ നഗരങ്ങള്‍

സാഗ്‌രിബ് - ലോകകപ്പ് ഫൈനലിന് നിമിഷങ്ങളടുത്തപ്പോള്‍ കൊച്ചു രാജ്യമായ ക്രൊയേഷ്യ ഫുട്‌ബോള്‍ ജ്വരത്തില്‍ മുങ്ങി. ചുവപ്പും വെള്ളയും കള്ളികളുള്ള ക്രൊയേഷ്യന്‍ ജഴ്‌സികളായിരുന്നു എങ്ങും. മൃഗങ്ങളെ പോലും ആ വസ്ത്രമണിയിച്ചു. കാറുകളിലും കടകളിലും ട്രാമുകളിലും നാല്‍ക്കവലകളിലും സ്തൂപങ്ങളിലുമൊക്കെ ക്രൊയേഷ്യന്‍ പതാക പാറിക്കളിച്ചു. ഷോപ്പുകള്‍ അവരുടെ ഡിസ്‌പ്ലേ ടീം നിറങ്ങളിലേക്ക് മാറ്റി. സാഗ്‌രിബിലെ ആരാധക മേഖലകളില്‍ ആയിരങ്ങള്‍ ഒരുമിച്ച് കളി കണ്ടു. ഇന്നലെ രാവിലെ മഴ പെയ്തതൊന്നും ആവേശം തണുപ്പിച്ചില്ല.
മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തി. ദാവീദും ഗോലിയാത്തും തമ്മിലുള്ള പോരാട്ടത്തില്‍ ക്രൊയേഷ്യന്‍ പക്ഷത്തു നിന്ന് ആഘോഷിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് കാറില്‍ എത്തിയ ഒരാള്‍ പറഞ്ഞു. മധ്യ ഇറ്റലിയില്‍ നിന്ന് ഒമ്പത് മണിക്കൂര്‍ സഞ്ചരിച്ചാണ് ലോറന്‍സൊ അബാദി എന്ന ഇരുപത്തിമൂന്നുകാരന്‍ സാഗ്‌രിബിലെത്തിയത്. 
ടി.വി പ്രസന്റര്‍മാര്‍ ടീം ജഴ്‌സിയണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. 'മക്കളേ, ഒരുമിച്ചാഘോഷിക്കാം' എന്നായിരുന്നു ജുതാര്‍നി ലിസ്റ്റ് എന്ന പത്രത്തിന്റെ തലക്കെട്ട്. ക്രൊയേഷ്യ ലോക സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഈ ദിനം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്ന് പത്രം എഴുതി. ഞങ്ങളുടെ പല്ലിന്റെ മൂര്‍ച്ച ഫ്രാന്‍സ് അറിയട്ടെ എന്നാണ് സ്‌പോര്‍ട്‌സ്‌കി നവോസ്റ്റി പത്രം പ്രഖ്യാപിച്ചത്. 'ഇത് മോദ്‌റിച്ചിനിരിക്കട്ടെ, എംബാപ്പെക്ക് ഭാവിയിലാവാം' എന്ന് സ്ലോബോദ്‌ന ദാല്‍മസീയ പത്രം എഴുതി. ജയിച്ചാലും തോറ്റാലും ക്രൊയേഷ്യയാണ് ചാമ്പ്യന്മാരെന്ന് പത്രം എഴുതി. 
മന്‍സൂകിച്ചിന്റെ നാടായ സ്ലാവോന്‍സ്‌കി ബ്രോഡിലെ ഒരു ചര്‍ച്ചില്‍ കളി കാണാനുള്ള സൗകര്യത്തിനായി കുര്‍ബാന മാറ്റി വെച്ചു. ക്രൊയേഷ്യന്‍ പ്രസിഡന്റ് കോലിന്‍ഡ ഗ്രബാര്‍ റഷ്യക്ക് റഷ്യന്‍ ഭാഷയില്‍ പ്രത്യേക വീഡിയൊ സന്ദേശമയച്ചു: 'ഓരോ ക്രൊയേഷ്യന്‍ പൗരന്റെ പേരിലും ഞാന്‍ ഈ ഊഷ്മളമായ സ്വീകരണത്തിന് റഷ്യയോട് നന്ദി പറയുന്നു. നിങ്ങള്‍ സ്‌നേഹം തുളുമ്പുന്ന അതിഥികള്‍ തന്നെ. ഈ രാത്രി ക്രൊയേഷ്യക്കു വേണ്ടി ആര്‍പ്പ് വിളിച്ചാലും'. 
ഇന്ന് ടീമിനെ സ്വീകരിക്കാന്‍ ഒരു ലക്ഷം പേരെങ്കിലും സാഗ്‌രിബില്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവനക്കാര്‍ക്ക് അവധി കൊടുക്കണമെന്ന് പ്രധാനമന്ത്രി ആന്ദ്രെ പ്ലെന്‍കോവിച് തൊഴിലുടമകളോട് അഭ്യര്‍ഥിച്ചു.
 

Latest News