റിയാദ് - മേജര്‍ ലീഗ് സോക്കറിനെക്കാള്‍ മികച്ച ഫുട്‌ബോള്‍ ലീഗ് സൗദി പ്രൊ ലീഗാണെന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഒരു വര്‍ഷം കൊണ്ട് തുര്‍ക്കി ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കുമെന്നും താരം പ്രവചിച്ചു. ഇനി ഒരു യൂറോപ്യന്‍ ക്ലബ്ബിലേക്കുമില്ലെന്ന് ഉറപ്പാണ്. സമീപകാലത്ത് യൂറോപ്യന്‍ ലീഗുകളുടെയും നിലവാരം കുറഞ്ഞിട്ടുണ്ട്. പ്രീമിയര്‍ ലീഗാണ് ഇപ്പോഴും മേന്മ നിലനിര്‍ത്തുന്നത് -റൊണാള്‍ഡൊ അഭിപ്രായപ്പെട്ടു.
ലിയണല്‍ മെസ്സി മേജര്‍ ലീഗില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് അന്നസ്ര്‍ താരത്തിന്റെ കമന്റ്. സൗദി ക്ലബ്ബ് അല്‍ഹിലാലില്‍ നിന്നുള്ള ക്ഷണം മെസ്സി നിരസിച്ചിരുന്നു. മേജര്‍ ലീഗിലേക്കോ യൂറോപ്യന്‍ ക്ലബ്ബുകളിലേക്കോ കളിക്കാന്‍ പദ്ധതിയൊന്നുമില്ലെന്നും റൊണാള്‍ഡൊ വ്യക്തമാക്കി. പോര്‍ചുഗലില്‍ നടന്ന പ്രി സീസണ്‍ മത്സരത്തില്‍ അന്നസര്‍ 0-5 ന് ലാ ലിഗ ക്ലബ്ബ് സെല്‍റ്റവീഗോയോട് തോറ്റിരുന്നു. മത്സരത്തില്‍ ആദ്യ പകുതിയില്‍ റൊണാള്‍ഡൊ കളിച്ചു. വ്യാഴാഴ്ച പോര്‍ചുഗല്‍ ചാമ്പ്യന്മാരായ ബെന്‍ഫിക്കയുമായി അവര്‍ കളിക്കും.
സൗദി ലീഗിലേക്ക് താന്‍ കാണിച്ച വഴിയിലൂടെ നിരവധി കളിക്കാരാണ് എത്തിയതെന്ന് റൊണാള്‍ഡൊ പറഞ്ഞു. കരീം ബെന്‍സീമ, എന്‍ഗോളൊ കാണ്ടെ, മാഴ്‌സെലൊ ബ്രോസവിച്, റോബര്‍ടൊ ഫിര്‍മിനൊ എന്നിവരെല്ലാം അടുത്ത സീസണില്‍ സൗദി ക്ലബ്ബുകള്‍ക്ക് കളിക്കുന്നുണ്ട്. സെല്‍റ്റവീഗോക്കെതിരായ കളിയില്‍ ബ്രോസവിച്ചും അന്നസര്‍ ജഴ്‌സിയിട്ടു.
വരാനിരിക്കുന്നത് അന്നസ്‌റില്‍ റൊണാള്‍ഡൊയുടെ ആദ്യ ഫുള്‍ സീസണാണ്. കഴിഞ്ഞ ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് ക്ലബ്ബിലെത്തിയത്.






