പോര്‍ട് ഓഫ് സ്പെയന് - ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാളെ ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ടീമില്‍ മാറ്റം വരുത്തി. വണ്‍ഡൗണ്‍ ബാറ്റര്‍ റേമന്‍ റീഫറെ ഒഴിവാക്കി ഓഫ്സ്പിന്നര്‍ കെവിന് സിന്ക്ലയറെ ഉള്‍പെടുത്തി. ആദ്യ മത്സരം വിന്‍ഡീസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
ഗയാനയുടെ കളിക്കാരനാണ് സിന്‍ക്ലയര്‍. മികച്ച ഓള്‍റൗണ്ടറാണ് ഇരുപത്തിമൂന്നുകാരന്. സിന്‍ക്ലയര്‍ വിന്‍ഡീസിനു വേണ്ടി ഏഴ് ഏകദിനങ്ങളും ആറ് ട്വന്റി20യും കളിച്ചിട്ടുണ്ട്. സിംബാബവെയില്‍ നടന്ന ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ വിന്‍ഡീസ് ടീമിലുണ്ടായിരുന്നു.
പോര്‍ട് ഓഫ് സ്പെയിന് ടെസ്റ്റ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള നൂറാം മത്സരമാണ്. 1948 ല്‍ ദല്‍ഹിയിലാണ് ഇരു ടീമുകളും ആദ്യമായി ടെസ്റ്റ് കളിച്ചത്.
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ സ്പിന്നര്‍ റഹ്കീം കോണ്‍വാളിനെ ടീമില്‍ നിലനിര്‍ത്തി. ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും വിന്‍ഡീസിന് 150 കടക്കാന്‍ സാധിച്ചിരുന്നില്ല.






