വാണര്‍ക്ക് അവസാന ചാന്‍സ്, ആഷസ് പിടിക്കാന്‍ ഓസീസ്

മാഞ്ചസ്റ്റര്‍ - ബുധനാഴ്ച ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി ഡേവിഡ് വാണര്‍ തന്നെ ഓപണ്‍ ചെയ്യും. സ്പിന്നര്‍ ടോഡ് മര്‍ഫിയെ ഒഴിവാക്കിയേക്കും. പരിക്കു കാരണം മൂന്നാം ടെസ്റ്റില്‍ വിട്ടുനിന്ന പെയ്‌സ്ബൗളിംഗ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ പകരം കളിപ്പിക്കാനാണ് നീക്കം. ഗ്രീനിനു പകരം ഹെഡിംഗലി ടെസ്റ്റില്‍ കളിച്ച മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ സെഞ്ചുറിയടിച്ചിരുന്നു. മൂന്നാം ടെസ്റ്റ് തോറ്റെങ്കിലും ഓസീസ് 2-1 ന് മുന്നിലാണ്. 
സ്‌കോട് ബോളണ്ടിനു പകരം ജോഷ് ഹെയ്‌സല്‍വുഡ് കളിച്ചേക്കും. ലോഡ്‌സ് ടെസ്റ്റില്‍ എട്ട് വിക്കറ്റെടുത്ത ഹെയ്‌സല്‍വുഡിന് മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കിയിരുന്നു. 
2012 ജനുവരിക്കു ശേഷം മുന്‍നിര സ്പിന്നര്‍ ഇല്ലാതെ ഓസ്‌ട്രേലിയ ടെസ്റ്റ് കളിച്ചിട്ടില്ല. എന്നാല്‍ നാഥന്‍ ലയണ്‍ പരിക്കേറ്റ് പിന്മാറുകയും മര്‍ഫിയെ ഒഴിവാക്കാന്‍ സാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൂര്‍ണ പെയ്‌സ് ആക്രമണമാണ് അവര്‍ ലക്ഷ്യമിടുന്നത്. ഗ്രീനിനെയും മിച്ചലിനെയും കളിപ്പിക്കുന്നത് ബാറ്റിംഗ് ശക്തിപ്പെടുത്തുമെങ്കിലും ബൗളിംഗിലെ വൈവിധ്യം നഷ്ടപ്പെടുത്തും. ട്രാവിസ് ഹെഡിന്റെ പാര്‍ട് ടൈം സ്പിന്നിനെ ആശ്രയിക്കാന്‍ ടീം നിര്‍ബന്ധിതമാവും. മൂന്നാം ടെസ്റ്റില്‍ മര്‍ഫി പത്തോവര്‍ പോലും എറിഞ്ഞില്ല. 

Latest News