അടുത്ത കാലത്ത് താരസംഘടനയായ അമ്മ നടത്തിയ മികച്ച പത്രസമ്മേളനമായിരുന്നു കംപ്ലീറ്റ് ആക്റ്ററും സംഘടനയുടെ സാരഥിയുമായ മോഹൻലാൽ കൊച്ചിയിൽ നടത്തിയത്. ദിലീപ് വിഷയം കത്തി നിന്ന സമയത്ത് കൊമേഡിയന്മാർ രംഗത്തിറങ്ങിയത് പോലെയല്ല. ഏറ്റുമൊടുവിൽ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച സമയത്ത് ഒരു ദൃശ്യ മാധ്യമ പ്രതിനിധിക്ക് ബൈറ്റ് എടുക്കാൻ കിട്ടിയത് ഇടതുപക്ഷ എംപിയും ഹാസ്യ സമ്രാട്ടും സർവോപരി താരവുമായ ഇന്നസെന്റിനെയാണ്. ഏറെ കഷ്ടപ്പെട്ട് മൈക്ക് നീട്ടിയ പെൺകുട്ടിയോട് ഒട്ടും കാരുണ്യമില്ലാതെ ഇന്നസെന്റ് നൽകിയ പ്രതികരണത്തിൽ സർവീസ് സഹകരണ ബാങ്ക് എന്ന വാക്കുകൾ ആവർത്തിക്കുന്നതാണ് കേൾക്കാനായത്.
സുദീർഘമായ ലാലിന്റെ പ്രസ് കോൺഫറൻസിൽ കാര്യമായ ആക്രമണമൊന്നുമുണ്ടായില്ല. അവസാന വാചകത്തിൽ തൂങ്ങിപ്പിടിച്ചായി വിമർശകർ അൽപമെങ്കിലും ആശ്വാസം കണ്ടെത്തിയത്. തീർച്ചയായും അപമാനിക്കപ്പെട്ട നടിക്കൊപ്പമാണ്, എന്നാൽ ദിലീപിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യും എന്ന വാചകത്തിലാണ്. താരസംഘടനയായ അമ്മ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങളെപ്പറ്റി ലാലേട്ടൻ വിശദീകരിക്കുകയുമുണ്ടായി. അമ്മ തുടങ്ങിയ കാലത്ത് കൊച്ചിയിലും കോഴിക്കോട്ടും വിപുലമായ തോതിൽ താരനിശ നടത്തിയിരുന്നു. ധനസമാഹരണത്തിന് സംഘടിപ്പിച്ച ഷോകൾ വൻ വിജയവുമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന കാലത്തായിരുന്നു അത്. കൊച്ചിയിലെ ഷോ കവർ ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ വേണ്ട പോലെ ഗൗനിക്കാതിരുന്നത് വലിയ ഇഷ്യു ആയി. മലപ്പുറം പി. മൂസ, കെ.എം റോയ്, സി.ആർ. രാമചന്ദ്രൻ പോലെയുള്ള പ്രഗത്ഭർ കേരള പത്രപ്രവർത്തക യൂനിയന്റെ സാരഥ്യത്തിൽ. സിനിമാ താരങ്ങളുടെ ഷോ ബഹിഷ്‌കരിക്കാനുള്ള തീരുമാനം തൽക്ഷണം വന്നു. കോഴിക്കോട്ടെ ഷോ നടക്കാൻ അഞ്ചാറ് ദിവസങ്ങളേ ബാക്കിയുള്ളൂ. അക്കാലത്തെ ബജറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജഗദീഷിന്റെയും ദേവന്റെയും നേതൃത്വത്തിലുള്ള താരസംഘം കാലിക്കറ്റ് പ്രസ് ക്ലബിൽ കുതിച്ചെത്തിയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത്. ലേലു അല്ലുവൊന്നും താരസംഘടനയ്ക്ക് പുതുമയുള്ള കാര്യമല്ലെന്ന് ചുരുക്കം.
*** *** ***
മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള സീരിയൽ ഫഌവേഴ്‌സ് ടി.വിയിലെ 'ഉപ്പും മുളകും' നായിക നിഷാ സാരംഗിന് പറയാനുള്ളത് മലയാളികൾ ശ്രവിച്ചത് റിപ്പോർട്ടർ ടിവി അഭിമുഖത്തിലൂടെ. സംവിധായകന്റെ ഭാഗത്ത് നിന്നും തെറ്റായ പ്രവൃത്തി ഉണ്ടായതായി നായിക നിഷ ആഞ്ഞടിച്ചു. സംവിധായകൻ ഉണ്ണികൃഷ്ണൻ വലിയ ചതി ചെയ്‌തെന്ന് നിഷ അഭിമുഖത്തിൽ പറഞ്ഞു. മോശമായിട്ട് പലതവണ തന്നോട് പെരുമാറി, പിച്ചാനും തോണ്ടാനും വന്നു, എടീ പോടീ എന്നു പറഞ്ഞു. വാട്‌സ് ആപ്പിൽ മോശം മെസേജ് അയച്ചു. ഒരു പാട് തവണ ഷൂട്ടിങ് സെറ്റിലും ഉപദ്രവിച്ചു. ശ്രീകണ്ഠൻ നായർ മുന്നറിയിപ്പ് നൽകിയിട്ടും സംവിധായകൻ ഉപദ്രവിച്ചു. ലിവിങ് ടുഗദർ എന്നു പറഞ്ഞ് തന്നെ അധിക്ഷേപിച്ചു. ഒരു പാട് ക്ഷമിച്ചാണ് സീരിയലിൽ തുടർന്നത്. മകളുടെ വിവാഹം കഴിയുന്നതു വരെ പിടിച്ചു നിന്നു. വൃത്തികെട്ട ഒരു പുരുഷൻ സ്ത്രീയോട് കാട്ടുന്ന പക അയാൾ തുടർന്നു വന്നു.അമേരിക്കയിൽ ഒരു അവാർഡ് കിട്ടിയപ്പോൾ അതിന് പോയതിനാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. എം.ഡി അനുമതി നൽകിയ ലീവ് ആണ് സംവിധായകൻ പീഡനമാക്കി മാറ്റിയിരിക്കുന്നത്.
സംവിധായകന് വഴങ്ങാത്തതിനാണ് തന്നെ നിരന്തരം പീഡിപ്പിച്ച് ഇപ്പോൾ പുറത്താക്കിയിരിക്കുന്നതെന്നും നിഷ അഭിമുഖത്തിൽ പറഞ്ഞു. പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം കദനകഥ വിവരിച്ചത്. സീരിയലിലെ അഭിനയമെന്നത് വനിതകൾക്ക് താരതമ്യേന സുരക്ഷിതമായ ഒന്നാണെന്നാണ് ഇതിന് മുമ്പ് പല താരങ്ങളുടെയും മിനി സ്‌ക്രീൻ അഭിമുഖങ്ങളിലൂടെ മലയാളികൾ മനസ്സിലാക്കിയത്. വീട്ടിൽ നിന്ന് ജോലിക്ക് പോകുന്നത് പോലെ അഭിനയിക്കാൻ ചെന്ന് വൈകുന്നേരം പ്രതിഫലവുമായി തിരിച്ചെത്തിയത്. സിനിമാ ചിത്രീകരണം പോലെ നീണ്ട ഷെഡ്യൂളുകളില്ല. നിഷ തുറന്നു പറയാൻ വന്നത് ഏതായാലും നന്നായി.
റിപ്പോർട്ടർ ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ വിജയകുമാറിനെ ഫഌവേഴ്‌സ് ചാനൽ 'റാഞ്ചി'യതിന് റിപ്പോർട്ടർ ചാനലിന്റെ മധുരമായ പ്രതികാരമായിരുന്നുവത്രേ ഉപ്പും മുളകും നായിക നിഷാ സാരംഗിന്റെ വെളിപ്പെടുത്തൽ പുറം ലോകത്തെ അറിയിച്ചതിനു പിന്നിലെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒന്നാം തീയതിയാണ് ഫഌവേഴ്‌സ് ചാനലിന്റെ ന്യൂസ് വിഭാഗത്തിൽ പ്രധാന തസ്തികയിൽ വിജയകുമാർ നിയമിതനായത്. ജൂലൈ എട്ടിനാണ് റിപ്പോർട്ടർ ചാനൽ എക്‌സ്‌ക്ലൂസീവായി 'ഉപ്പും മുളകും' നായികയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ടത്. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധമാണ് ചാനലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സാധാരണ ഗതിയിൽ ചാനലുകൾ തമ്മിൽ പാലിക്കുന്ന 'സാമാന്യ മര്യാദ' ഇക്കാര്യത്തിൽ റിപ്പോർട്ടർ ചാനൽ പാലിച്ചില്ലെന്നതാണ് ഫഌവേഴ്‌സ് ചാനൽ അധികൃതരുടെ പരാതി. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രീകണ്ഠൻ നായരുടെ സംസാരം യു ട്യൂബിലുണ്ട്. നെറികേട് എവിടെ നടന്നാലും പുറത്ത് അറിയിക്കുക എന്നതാണ് മാധ്യമ പ്രവർത്തകരുടെ കടമയെന്നും ഒരു മാധ്യമ സ്ഥാപനം എന്ന നിലയിൽ യാഥാർത്ഥ്യമാണ് ചാനൽ പുറത്ത് വിട്ടതെന്നുമാണ് റിപ്പോർട്ടർ അധികൃതർ അവകാശപ്പെടുന്നത്. ന്യൂസ് 18 ചാനൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകിലെ കുട്ടി കഥാപാത്രങ്ങളുടെ ഡയലോഗുകളും വെബ് ലോകത്ത് പറക്കുന്നുണ്ട്. അവർ പറയുന്നത് ഡയരക്ടർ അങ്കിൾ നല്ലവനാണെന്നും അദ്ദേഹമാണ് തങ്ങളെ കലാകാരന്മാരായി വളർത്തിയതെന്നുമാണ്. ഇതിനൊപ്പം മറ്റൊന്ന് കൂടി യൂട്യൂബിൽ കണ്ടു. കഥാനായിക കുറച്ചു മുമ്പ് അമൃത ടിവിയിൽ ആനീസ് കിച്ചണിൽ അതിഥിയായെത്തിയ വേള. സംവിധായകന്റെ മഹത്വമാണ് നടി ഇതിൽ പറയുന്നത്. ഉണ്ണികൃഷ്ണനെന്ന സംവിധായകൻ പറയുന്നത് പോലെയാണ് ഓരോ കഥാപാത്രങ്ങളും സെറ്റിൽ അഭിനയിക്കുന്നത്. സീരിയൽ വിജയത്തിന്റെ ക്രെഡിറ്റ് സംവിധായകനും തിരക്കഥാകൃത്തിനും നിഷ നൽകുന്നുമുണ്ട്.
*** *** ***
നിഷ സാരംഗിന്റെ പിറകെയതാ പരാതിയുമായി രചന നാരായണൻ കുട്ടിയെത്തുന്നു.
മറിമായം സീരിയലിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നയാളാണ് രചന നാരായണൻ കുട്ടി. സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രചന. ഉപ്പും മുളകും മറിമായവും സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ തന്നെയാണ്. താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും അതിനാലാണ് തന്നെ മറിമായത്തിൽ നിന്നും പുറത്താക്കിയതെന്നുമാണ് രചന പറഞ്ഞത്. തന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു -രചന പറയുന്നു. സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂർണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നുവെന്നും അമ്മ അംഗങ്ങൾക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചതെന്നും രചന വ്യക്തമാക്കി.
*** *** ***
ഉപ്പും മുളകും സീരിയൽ ലൊക്കേഷനിൽ സംവിധായകനിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ വെളിപ്പെടുത്തിയ നടി നിഷ സാരംഗിനെ പിന്തുണച്ച് ടെലിവിഷൻ ആർട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാറും രംഗത്തെത്തി. വൈകാതെ ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിക്കുകയും പകരം ചപ്പും ചവറും എന്ന പേരിൽ മറ്റൊരു സംവിധായകനെ വെച്ച് സീരിയൽ പുനരാരംഭിക്കപ്പെടുന്നതിനും സാധ്യതകളുണ്ടെന്നും ഗണേഷ് കുമാർ പരിഹാസ രൂപേണ പറഞ്ഞു. നിഷയെ അപമാനിക്കാനും പുറത്താക്കാനും നടത്തിയ ഹീന ശ്രമങ്ങളെ ആത്മ അപലപിക്കുന്നതായും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഗണേഷ് കുമാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 13 വർഷക്കാലമായി ഈ മേഖലയിലെ നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന 'ആത്മ' യുടെ മുന്നിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം എത്തുന്നത്. എങ്കിലും ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും ഗണേഷ് വ്യക്തമാക്കി.
*** *** ***
പോളണ്ടിലെ രാഷ്ട്രീയ വിഷയങ്ങളിലുള്ള ചാനൽ അഭിമുഖത്തിനിടെ പൂച്ച തലയിൽ കയറിയ വീഡിയോ വൈറലാവുന്നു. പോളിഷ് ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.ജെർസി തർഗാസ്‌കിയുമായി ഒരു ടെലിവിഷൻ ചാനൽ നടത്തിയ അഭിമുഖത്തിൽ ഇടയ്ക്ക് കയറി പ്രശ്‌നമുണ്ടാക്കുകയാണ് വളർത്തു പൂച്ച. രാജ്യത്തെ പരമാധികാരം സുപ്രീം കോടതി റദ്ദാക്കിയ സർക്കാർ നടപടിയിൽ രാഷ്ട്രീയ അവലോകനം നടത്തുകയായിരുന്നു ഡോ.ജെർസി. ടച്ച് പബ്ലിക് ടിവിക്കു വേണ്ടി റൂഡി ബ്യൂമ എന്ന മാധ്യമ പ്രവർത്തകനാണ് അഭിമുഖം എടുത്തത്. ജെർസി തർഗാസ്‌കിയുടെ വളർത്തു പൂച്ചയാണ് അഭിമുഖത്തിനിടെ തന്റെ ഉടമസ്ഥനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ഡോ. ജെർസിയുടെ തോളിൽ ചാടിക്കയറിയ ലിസിയോ എന്ന പൂച്ച അദ്ദേഹത്തിന്റെ തലയിൽ ഉരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. ജെർസി തന്നെ മൈൻഡ് ചെയ്യുന്നില്ലെന്ന് മനസ്സിലായതോടെ പൂച്ച അദ്ദേഹത്തിന്റെ തല നക്കിത്തുടച്ചു. ഈ സമയം വാലു കൊണ്ട് അദ്ദേഹത്തിന്റെ കാഴ്ച മറയ്ക്കാനും സംസാരിക്കുന്നത് തടയാനുമൊക്കെ മനഃപൂർവ്വമല്ലാത്ത ശ്രമം നടത്തുന്നുണ്ട് പൂച്ചക്കുട്ടി. ഗൗരവമേറിയ ചർച്ചയ്ക്കിടെ പൂച്ചയുടെ സ്‌നേഹപ്രകടനം ഒട്ടും ചോരാതെ ചാനൽ സംപ്രേഷണം ചെയ്തു. പോളണ്ടിനെപ്പറ്റി പൂച്ചയ്ക്കും ചിലത് പറയാനുണ്ടെന്നാർക്കറിയാം.
*** *** ***
കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗം നടത്തിയ പരിപാടിയിൽ പങ്കെടുത്തത് സംഘാടകർ ആരെന്ന് അറിയാതെയെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ദൽഹിയിലെ ഏതോ തിങ്ക് ടാങ്ക് നിർദേശിച്ച പ്രകാരമാണ് ഇതിൽ സംബന്ധിച്ചതെന്നും മുൻ വൈസ് പ്രസിഡന്റ്. മീഡിയ വൺ ചാനൽ മറ്റൊരു വാർത്തയിൽ അദ്ദേഹത്തിന് മുൻ രാഷ്ട്രപതിയായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാല് തവണ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. അപ്പോഴാണ് മോഡിജി ന്യൂയോർക്ക് ടൈംസിൽ കോമ്രേഡിന്റെ സ്റ്റേറ്റ് വിസിറ്റിനെ കുറിച്ച് വാർത്ത കാണുന്നത്. ഉടൻ കേരള സംഘത്തിന് തീയതി അനുവദിച്ചു. ജൂലൈ പതിനെട്ടിന് നേരിൽ കാണാമെന്നറിയിച്ചു. ഇക്കാട്ടിൽ മറ്റൊരു സിംഹമോ?






