ബാഴ്‌സലോണ - മാഞ്ചസ്റ്റര്‍ സിറ്റിയെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച ശേഷം ബാഴ്‌സലോണയിലേക്ക് മാറാനുള്ള തീരുമാനത്തിലെത്താന്‍ വലിയ പ്രയാസം വേണ്ടിവന്നില്ലെന്ന് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇല്‍കേ ഗുണ്ടോഗന്‍. ബാഴ്‌സലോണയില്‍ തനിക്ക് യുവ താരങ്ങളെ മാര്‍ഗനിര്‍ദേശം ചെയ്യേണ്ട ദൗത്യമായിരിക്കുമെന്ന് മുപ്പത്തിരണ്ടുകാരന്‍ പറഞ്ഞു. സിറ്റിയുടെ ക്യാപ്റ്റനായിരുന്നു തുര്‍ക്കി വംശജനായ ഗുണ്ടോഗന്‍. ഏഴു വര്‍ഷത്തെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കരിയറില്‍ 12 പ്രധാന ട്രോഫികളാണ് ഗുണ്ടോഗന്‍ നേടിയത്.
ഗാവിയും പെഡ്രോയും ലൂക് ഡിയോംഗുമുള്‍പ്പെടുന്ന ബാഴ്‌സലോണ മധ്യനിര അത്യുജ്വലമാണെന്ന് ഗുണ്ടോഗന്‍ പറഞ്ഞു. എന്നെക്കാള്‍ മികച്ച രീതിയില്‍ കളിക്കുന്നവരാണ് അവര്‍. തന്റെ പരിചയസമ്പത്ത് അവര്‍ക്ക് മുതല്‍ക്കൂട്ടാവും. പ്രായമായെങ്കിലും ഇനിയുമൊരുപാട് നേടാനുണ്ട്. സിറ്റിയുടെ അതേ ശൈലിയിലാണ് ബാഴ്‌സലോണ കളിക്കുന്നതെന്നും പ്ലേമേക്കര്‍ കൂട്ടിച്ചേര്‍ത്തു. കോച്ച് ഷാവിയുമായി ആദ്യം സംസാരിച്ചപ്പോള്‍ തന്നെ അടുപ്പം തോന്നി. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുകയാണ് ലക്ഷ്യമെന്നും ഗുണ്ടോഗന്‍ വ്യക്തമാക്കി.






