ബാങ്കോക്ക് - ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കാഴ്ചവെച്ചത് എക്കാലത്തെയും മികച്ച പ്രകടനം. ആറ് സ്വര്‍ണമുള്‍പ്പെടെ 27 മെഡലാണ് ഇന്ത്യന്‍ അത്ലറ്റുകള് സ്വന്തമാക്കിയത്. 2019 ലേതിനെക്കാള്‍ 11 മെഡല്‍ കൂടുതല്‍. ഏഷ്യന്‍ ഗെയിംസ് ആസന്നമായിരിക്കെ ഇന്ത്യന്‍ അത്ലറ്റുകളുടെ നിലവാരം അളക്കാനുള്ള സൂചികയായിരുന്നു ഏഷ്യന്‍ അത്ലറ്റിക്സ്. സെപ്റ്റംബര്‍ 23 നാണ് ചൈനയിലെ ഹാംഗ്ഷുവില്‍ ഏഷ്യന്‍ അത്ലറ്റിക്സ് ആരംഭിക്കുക.
ഉത്തേജക വിലക്കുകളുടെ കരിനിഴലിലാണ് ചാമ്പന്‍ഷിപ്പില്‍ ഇന്ത്യ പോരാട്ടമാരംഭിച്ചത്. എന്നാല്‍ ട്രാക്കിലും ഫീല്‍ഡിലും ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. തേജീന്ദര്‍പാല്‍ തൂര്‍ ഷോട്പുട്ടില്‍ സ്വര്‍ണം നിലനിര്‍ത്തി. ജ്യോതി യാരാജിയും പരുള്‍ ചൗധരിയും ഓരോ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഡെക്കാത്തലണ്‍ അരങ്ങേറ്റത്തില്‍ തേജസ്വിന് ശങ്കറും തിളങ്ങി. ഏറ്റവും മികച്ച പ്രകടനം മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കറിന്റേതാണ്. രാജ്യത്തിന് പുറത്തെ മികച്ച ചാട്ടം പുറത്തെടുത്ത ശ്രീശശങ്കര് ഒളിംപിക്സിന് യോഗ്യത നേടി. കഴിഞ്ഞ മാസം ഇന്റര്‍ സ്റ്റെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ചാടിയ 8.41 മീറ്റര്‍ കഴിഞ്ഞാല്‍ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച ചാട്ടം കൂടിയാണ് ഇത്. ഈ വര്‍ഷം ആറാം തവണയാണ് ശ്രീശങ്കര്‍ വിജയപീഠം കയറുന്നത്.
ഡെക്കാത്തലണില്‍ രാജ്യത്തെ ആദ്യമായി പ്രതിനിധീകരിക്കുന്ന തേജസ്വിന് വെങ്കലം കരസ്ഥമാക്കിയത് എടുത്തുപറയേണ്ട നേട്ടമാണ്. ജാവലിന്‍ ത്രോ, ഡിസ്കസ് ത്രോ എന്നിവയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് തേജസ്വിന് കാഴ്ചവെച്ചത്. ഏഷ്യന്‍ തലത്തിലേ ഡെക്കാത്തലണില്‍ മത്സരിക്കൂ എന്നും ഹൈജമ്പ് പ്രധാന ഇനമായി തുടരുമെന്നും തേജസ്വന് വ്യക്തമാക്കി.
ഇന്ത്യന്‍ അത്ലറ്റിക്സില് സ്ഥിരതയുടെ പ്രതീകമാണ് ഇപ്പോള്‍ ജ്യോതി യാരാജി. 100 മീറ്റര്‍ ഹര്‍ഡില്‍സ് 13 സെക്കന്റില്‍ താഴെ ആറു തവണയാണ് ജ്യോതി ഓടിയത്. മറ്റൊരു ഇന്ത്യന്‍ അത്ലറ്റിനും ഒരു തവണ പോലും അത് സാധിച്ചിട്ടില്ല. മഴ വകവെക്കാതെ ഹര്‍ഡില്‍സില്‍ സ്വര്‍ണത്തിലേക്ക് കുതിച്ച ജ്യോതി പേഴ്സനല്‍ ബെസ്റ്റോടെ 200 മീറ്ററില്‍ രണ്ടാമതെത്തി.
പരിക്കുമായി പടവെട്ടുന്ന സ്വപ്ന ബര്മന് ഹെപ്റ്റാത്തലണില്‍ വെള്ളി നേടിയതാണ് മറ്റൊരു അദ്ഭുതം. 2018 ലെ ഏഷ്യന്‍ ഗെയിംസിലും പരിക്കുകളോടെ പൊരുതി സ്വപ്ന ചാമ്പ്യനായിരുന്നു.
പുരുഷ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ സ്വര്‍ണം ചൂടി. കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം അബ്ദുല്ലയുടെ ആദ്യ രാജ്യാന്തര മെഡലാണ് ഇത്. വനിതാ ലോംഗ്ജമ്പില്‍ പത്തൊമ്പതുകാരി ശൈലി സിംഗും ശ്രദ്ധ പിടിച്ചുപറ്റി. വനിതാ ജാവലിനില്‍ അനു റാണിയും 4-400 റിലേ ടീമുമാണ് നിരാശപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം അനു റാണിക്ക് ഒരിക്കല്‍പോലും 60 മീറ്റര്‍ കടക്കാനായിട്ടില്ല. വനിതാ റിലേയില്‍ ടീം വെങ്കലം നേടിയെങ്കിലും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിനെ അപേക്ഷിച്ച് വളരെ മോശം പ്രകടനമായിരുന്നു. എന്നാല്‍ 4-400 മിക്സഡ് റിലേ ടീം ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി.






