ഗുസ്തി ഫെഡറേഷന്‍ ഇലക്ഷന്‍ വീണ്ടും നീട്ടി, വിലക്ക് വന്നേക്കും

ന്യൂദല്‍ഹി - ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ) തെരഞ്ഞെടുപ്പ് നിയമക്കുരുക്കില്‍ പെട്ടതോടെ സംഘടനക്ക് രാജ്യാന്തര വിലക്ക് ലഭിക്കാന്‍ സാധ്യത. അസം ഗുസ്തി അസോസിയേഷന്‍ ഡബ്ല്യൂ.എഫ്.ഐ ഇലക്ഷനെതിരെ സമര്‍പ്പിച്ച പരാതിയില്‍ വിചാരണ ഗുവാഹതി ഹൈക്കോടതി ഈ മാസം 28 ലേക്ക് നീട്ടി. ഈ മാസം 11 ന് നടക്കേണ്ട തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് അസം അസോസിയേഷന്റെ ആവശ്യം. 2014 നവംബര്‍ 15 ന് ചേര്‍ന്ന ഡബ്ല്യൂ.എഫ്.ഐ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം അസം അസോസിയേഷനെ വോട്ടിംഗ് അവകാശമുള്ള അംഗമാക്കണമെന്ന് തീരുമാനമെടുത്തിട്ടും തങ്ങളെ അവഗണിക്കുകയാണെന്നാണ് അവരുടെ പരാതി. 
ഡബ്ല്യൂ.എഫ്.ഐയുടെ അഭിഭാഷകന്‍ കോടതയില്‍ ഹാജരായില്ല. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ പ്രതിനിധി ഒരാഴ്ച സമയം ചോദിച്ചു. തുടര്‍ന്ന് മന്ത്രാലയത്തോട് 26 നകം സത്യവാങ്മൂലം സമര്‍പ്പിക്കാനും അടുത്ത വാദം കേള്‍ക്കല്‍ 28 ലേക്ക് മാറ്റാനും കോടതി തീരുമാനിച്ചത്. 
മെയ് ഏഴിന് ഇലക്ഷന്‍ നടത്താനാണ് ഡബ്ല്യൂ.എഫ്.ഐ ആദ്യം തീരുമാനിച്ചത്. എന്നാല്‍ അസോസിയേഷന്റെ നിലവിലുള്ള കമ്മിറ്റിയെ സ്‌പോര്‍ട്‌സ് മന്ത്രാലയം പിരിച്ചുവിട്ടു. ന്നഡബ്ല്യൂ.എഫ്.ഐ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികപീഡന ആരോപണമുന്നയിച്ച് സമരം ചെയ്ത ഗുസ്തി താരങ്ങള്‍ക്ക് ജൂണ്‍ 30 നകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂര്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടത്താനാണ് നിശ്ചയിച്ചത്. 

Latest News