സംസ്‌കൃതിയുടെ  വീണ്ടെടുപ്പിനായുള്ള  പ്രതിരോധം

ആഗോളവൽക്കരണത്തിന്റെ കാലത്ത് പ്രാദേശിക സംസ്‌കാരങ്ങൾ കടുത്തവെല്ലുവിളി നേരിടുകയാണ്. ലോകമൊരറ്റ സംസ്‌കാരമായി വളരുകയാണ്. ബോധപൂർവം മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനായി വളർത്തുകയാണ്. പ്രകൃതി വൈവിധ്യത്തെപ്പോലെ സംസ്‌കാരത്തിന്റെ വൈവിധ്യത്തിന് കടുത്ത പരുക്ക് ഏൽക്കുകയാണ്. പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെയാണ് സംസ്‌കാരത്തെയും നശിപ്പിക്കുന്നതെന്ന് കാണാം.
പ്രാദേശിക സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലാണ് വിശ്വൻ പടനിലത്തിന്റെ 'അതിനുമപ്പുറം ഒരാൾ' എന്ന നോവൽ. ഇതും ഒരു തരത്തിലുള്ള ചെറുത്തുനിൽപ്പും പ്രതിരോധവുമാണെന്ന് പറയാം. ഓണാട്ടുകരയുടെ ഭാഗമായ നൂറനാട്ടെ ജിവതങ്ങളെ  അതിനുമപ്പുറം ഒരാൾ എന്ന നോവലിലൂടെ വിശ്വൻ പടനിലം ഷോക്കോസ് ചെയ്യുകയാണെന്ന് പറയാം. എഴുത്തിലൂടെ ജീവിതത്തെ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതും ചരിത്രരചനതന്നെ.
പ്രാദേശിക സംസ്‌കാരത്തിന്റെ ചെറുത്തുനിൽപ്പ് പല തലത്തിൽ ഉയർന്നുവരുന്നുണ്ട്. പരിസ്ഥിതി സമരത്തിന്റെ പേരിലും പരമ്പരാഗതതൊഴിൽ സംരക്ഷണത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലുമൊക്കെ ഈ ചെറുത്തുനിൽപ്പ് സംഭവിക്കുന്നുണ്ട്.  ഇത്തരത്തിലുള്ള ചെറുത്തുനിൽപ്പിന്റെ പ്രധാനമേഖലകളിലൊന്ന് സാഹിത്യമാണ്.  പ്രദേശികഭാഷകൾപോലും മരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ എഴുതപ്പെടുന്ന നോവലുകൾ പ്രോത്സാഹിപ്പിക്കപെടേണ്ടതാണ്.
നോവൽ തുടങ്ങുന്നതിങ്ങനെ:
പത്മനാഭൻ മൂത്താശാരി മരിച്ചു.
അത് തീക്കാറ്റുപോലെയാണ് നൂറനാട് ഗ്രാമത്തിലാകെ അലയടിച്ചത്.
മാവേലിക്കര താലൂക്കിന്റെ ഭാഗമായ നൂറനാട് പ്രദേശം നന്ദികേശപൈതൃകഗ്രാമമെന്ന നിലയിൽ പ്രസിദ്ധമാണ്. കെട്ടുത്സവത്തിന്റെ ഭൂമികയാണ് ഓണാട്ടുകരപ്രദേശം. കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി എന്നി താലൂക്കുകയും കുന്നത്തുനാട്, ചെങ്ങന്നൂർ താലൂക്കുകളുടെ ചിലപ്രദേശങ്ങളും ഉൽപ്പെട്ടതാണ് ഓണാട്ടുകര. ആയിരത്തിലധികം വർഷമായി കെട്ടിയൊരുക്കുന്ന ചെട്ടികുളങ്ങരയിലെ തേരും കുതിരയും യുനെസ്‌കോയുടെ പൈതൃക
പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കെട്ടുകാളകളാണ് മറ്റൊരു കെട്ടുകാഴ്ച. തനതുശൈലിയിലും ക്ലാസിക്കൽശൈലിയിലും കെട്ടുകാളകളെ കെട്ടിയൊരുക്കാറുണ്ട്. നൂറനാട്ട് ക്ലാസിക്കൽ ശൈലിയിലാണ് കെട്ടുകാളകളെ കെട്ടുന്നത്. ഇതിനൊക്കെ വിദഗ്ധരായ ആശാരിമാർ ആവശ്യമാണ്. പാലത്തടിയിൽ കൊത്തുപണിയോടെയാണ് കാളത്തല ഒരുക്കിയെടുക്കുന്നത്. ഇതിന് വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്.
ഒരുനാടിന്റെയാകെ വിശ്വാസം കെട്ടുത്സവവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് ഉത്സവത്തിന് ഉണ്ടാകുന്ന ഏത് തടസ്സവും ഇവിടുത്തെ വിശ്വാസത്തിനും ജീവിതത്തിനുമേൽക്കുന്ന തകർച്ചകൂടിയാണ്. അതുകൊണ്ടാണ് വ്രതശുദ്ധിയോടെ കാളത്തലയുടെ പണിയാരംഭിച്ച മൂത്താശാരിയുടെ മരണം ഗ്രാമത്തെയാകെ ഞെട്ടിക്കുന്നത്. ഇനിയാരത് പൂർത്തിയാക്കുമെന്ന് എല്ലാവരെയും അലട്ടുകയാണ്.
കാട്ടിൽനിന്ന് കള്ളത്തടിവെട്ടിവിറ്റ് സമ്പന്നനായ ശിവനാശാരി ഈ നോവലിലെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ്. എല്ലാ ദുർനടപ്പിന്റെയും ഭാഗമാണയാൾ. താനാണ് ഇനി കാളത്തലകൊത്താൻ യോഗ്യനെന്നും അയാൾ വിശ്വസിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി ദേവദത്തൻ എന്നൊരാൾ ആ ഗ്രാമത്തിലെത്തുന്നു. കാളത്തല കൊത്താൻ സർവ്വഥാ യോഗ്യനായ ഒരാൾ. ഇതോടെ നോവൽ പല തലത്തിലേക്ക് വളരുകയാണ്. ഓണാട്ടുകരയിലെ കാർഷികപാരമ്പര്യങ്ങളുടെ പുനരുദ്ധാരണവും നോവൽ ഉന്നം വയ്ക്കുന്നുണ്ട്. 
'എഴുതാൻ ഉദ്ദേശിച്ചപ്പോൾ കരുതിയ വഴികളിലൂടെയല്ല കഥ പറഞ്ഞുതുടങ്ങിയപ്പോൾ കടന്നുപോയത്. നായകനാകുമെന്ന് കരുതിയ ആൾ ആയില്ല. അപ്രതീക്ഷിതമായി കടന്നുവന്ന അപ്രധാനികൾ പ്രധാനപ്പെട്ടവരായി മാറി' വിശ്വൻ പടനിലം പുസ്തകത്തിന്റെ മുഖക്കുറിയിൽ ചൂണ്ടിക്കാട്ടുന്നു. 
എഴുത്തിന്റെ രസതന്ത്രം പൂർണമായും ആർക്കും പിടികൊടുക്കാറില്ല. എഴുത്തൊരൽഭുതമായി നിലനിൽക്കുന്നതും ഇതുകൊണ്ടാണന്ന് പറയാം. വിശ്വൻ തയ്യാറാക്കിയ രൂപരേഖകളെ മാറ്റിവരച്ച് എഴുത്ത് മുന്നേറുമ്പോഴാണ് അത് നല്ല എഴുത്തായി മാറുന്നത്. നൂറനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വിശ്വൻ പടനിലം ഇപ്പോൾ ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗമാണ്. പടനിലം എച്ച്.എസ്.എസിലെ അധ്യാപകനാണ്. ഭാര്യ- അനില മക്കൾ- വൈശാഖ്, ഹേമന്ദ്.
അതിനുമപ്പുറം ഒരാൾ( നോവൽ) 
വിശ്വൻ പടനിലം.
സൈകതം ബുക്‌സ്.
കോതമംഗലം.
വില -130 രൂപ.

Latest News