ഹൈക്കു കവിതകൊണ്ട്  സ്‌നേഹക്കൂട് പണിതവൻ 

മൂന്നുവരിക്കവിതയെന്ന 'ഹൈക്കൂ കവിത' കൊണ്ട് ആയിരങ്ങളെ സ്‌നേഹച്ചരടിൽ കോർത്ത ശേഷമാണ് പ്രിയപ്പെട്ട അബു യാത്രയായത്. ജിദ്ദയിൽ ജോലി ചെയ്തിരുന്ന അഡ്വ. അബൂബക്കർ ആലങ്ങാടനെ പരിചയപ്പെടുന്നതും ബന്ധപ്പെടുന്നതും നിലമ്പൂരുകാരനായതുകൊണ്ടോ അടുത്ത ദേശക്കാരനായതുകൊണ്ടോ അല്ല. 'ഹൈക്കൂ കവിതകൾ'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മറ്റു പലരേയും പോലെ ഞാനും അദ്ദേഹത്തെ അടുത്തറിയുന്നത്. രോഗ ബാധിതനായ അബു വഴിക്കടവിലെ വീട്ടിലാണെന്നും കിടപ്പിലാണെന്നുമറിഞ്ഞപ്പോഴുമൊന്നും വിചാരിച്ചില്ല, തിരിച്ചു വരാനാകാത്ത ലോകത്തേക്കുള്ള യാത്രയിലാണെന്ന്!..
എന്താണ് ഹൈക്കൂ കവിതകളെന്ന് അബു വിശദീകരിച്ചതിങ്ങനെ:
ജപ്പാനിലെ കവികൾക്കിടയിൽ വിശ്വസിക്കപ്പെടുന്ന, മൂന്നു വരികൾ 575 പദങ്ങളായി അഥവാ സ്വരാക്ഷരക്കൂട്ടങ്ങളായി അവതരിപ്പിക്കുന്ന കാവ്യ സമ്പ്രദായം. കുറുങ്കവിതയാണോ? ആണെന്നും അല്ലെന്നും വിദഗ്ധാഭിപ്രായം. യഥാർത്ഥ കുറുങ്കവിതയല്ലെങ്കിലും, അതിനോടു സാമ്യമുള്ള കുറുങ്കവിതകളേക്കാൾ ധ്യാനാത്മകതയുള്ള ആഴമേറിയ അനുഭവക്കുറിപ്പുകളാണ് ഹൈക്കുവിനാധാരം. കടങ്കഥയാണോ? പല ഹൈക്കു കവിതകളും വായനക്കാരിൽ ഒരു കടങ്കഥയുടെ പ്രതീതി ഉണർത്തുന്നതു കാണാം. എന്നാൽ കടങ്കഥ അല്ലെങ്കിലും കടങ്കഥ പോലെ അനുഭവപ്പെട്ടുവെങ്കിൽ കവിയും വായനക്കാരും ആസ്വാദകരും ഹൈക്കുവിനോട് ഏറെ അടുത്തു എന്ന് സാരം. ഭാവന അല്ല, സ്വന്തം ജീവിതത്തിലും സമൂഹത്തിലും ചുറ്റുപാടുകളിലുമൊക്കെ കണ്ടതും കേട്ടതുമായ ഒരു തരം അനുഭൂതിയുടെ കാവ്യം.' ഇതാണ് ഹൈക്കു എന്തെന്ന അബുവിന്റെ ഭാഷ്യം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കാൽ ലക്ഷത്തിലധികം കവിതാ സ്‌നേഹികളെ ഹൈക്കു എന്ന ഈ മൂന്നു വരിക്കവിതാക്കൂട്ടിൽ ഒരുമിച്ചു കൂട്ടാനായി എന്നതാണ് അബു സാധിച്ച മഹാ വിസ്മയം. ആർക്കും നേരിട്ട് പരിചയമില്ലെങ്കിലും തൊട്ടടുത്തുള്ള ആളെപ്പോലെ അത്രയ്ക്ക് സുപരിചിതനായിരുന്നു അബു എല്ലാർക്കും. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു വിലിയ സ്നേഹക്കൂട്ടമാവുകയായിരുന്നു ഒഅകഗഡ ജഛഋഠഞഥ എന്ന ആ എഫ്ബി ഗ്രൂപ്പ്. ആരുടെയെങ്കിലും പോസ്റ്റ് അഥവാ മൂന്നിൽ കൂടുതൽ വരികളുള്ളതായിപ്പോയാൽ ഉടൻ ഒരധ്യാപകനെപ്പോലെ വന്നു പറഞ്ഞു തരും അതിൽ വരുത്തേണ്ട ചെറിയ മാറ്റത്തിരുത്തലുകൾ. അതോടെ അയാൾക്ക് വേർപെടുത്താനാകാത്ത ഒരു ചങ്ങാത്തം, ഒരടുപ്പം അബുവുമായുണ്ടാവുകയാണ്. അബുവിന്റെ വിയോഗ വാർത്ത ഞെട്ടലോടെ ശ്രവിച്ച ഗ്രൂപ്പു മെമ്പർമാർക്ക് ആദ്യം അതുൾക്കൊള്ളാൻ പോലുമായില്ല. കേട്ടത് സത്യമാണെന്നറിഞ്ഞതിൽ പിന്നെ അനുശോചന സന്ദേശ പ്രവാഹമായിരുന്നു. അതിലധികവും അബു ഏറ്റവുമിഷ്ടപ്പെട്ട മൂന്നു വരികളിലുള്ള കവിത പോലെ തോന്നിക്കുന്ന ഹൃദയ വേദനകളായിരുന്നു. പലരുടേയും വരികൾ ഉള്ളിൽ തറക്കുന്നവ. അബു എന്ന നാൽപത്തിമൂന്നുകാരൻ ഹൈക്കു കവിതാ ശകലങ്ങളാൽ ഇത്രയേറെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തിയിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലാക്കാനായത്.
കവിതയുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത ആളുകൾക്കു പോലും ആശയങ്ങൾ മൂന്നു വരികളിലാക്കി പോസ്റ്റ് ചെയ്യാൻ പറ്റിയ ഇടമായിരുന്നു ഹൈക്കു പോയട്രി ഗ്രൂപ്പ്. അതുകൊണ്ടു തന്നെയാകണം ചുരുങ്ങിയ കാലം കൊണ്ട് ആയിരങ്ങൾ ആ ഗ്രൂപ്പിൽ അണി ചേർന്നതും ഗ്രൂപ്പിനെ ജീവസ്‌സുറ്റതാക്കിയതും. ആരെന്തു എഴുതിയിടുമ്പോഴും ആദ്യമെത്തുക അബുവിന്റെ ലൈക്കും കമന്റുമായിരിക്കും. നല്ലതിനെ വാനോളം പുകഴ്ത്തിയെഴുതാനും അദ്ദേഹം സമയം കണ്ടെത്തി. അങ്ങനെ അബു എന്ന അബൂബക്കർ ആലങ്ങാടൻ ആയിരങ്ങളുടെ ഉള്ളിൽ അവരറിയാതെ വിരുന്നുകാരനായി കേറിക്കൂടി. അതായിരിക്കാം അദ്ദേഹത്തിന്റെ വിയോഗ വാർത്ത തോരാക്കണ്ണീരായി ഇപ്പോഴും ആ സ്‌നേഹക്കൂട്ടായ്മയിൽ പെയ്തുകൊണ്ടിരിക്കുന്നത്.
കുറഞ്ഞ വരികളിൽ ആഴമേറിയ ആശയങ്ങൾ ആവിഷ്‌കരിക്കുകയായിരുന്നു ഹൈക്കൂ കവിതകളിലൂടെ അദ്ദേഹം. ചില വരികൾ കണ്ടാൽ അതു കവിതയാണോന്നു പോലും അതിശയിച്ചു പോകും. മഞ്ഞും മഴയും പൂക്കളും ആകാശവും നക്ഷത്രങ്ങളും എന്നു വേണ്ട, പിണക്കവും, പ്രണയവും മുതൽ ചോർന്നൊലിക്കുന്ന കൂര വരെ ആ മൂന്നു വരിക്കവിതകളിൽ ഇടംപിടിച്ചിരുന്നു.
അബുവിന്റെ ഹൈക്കൂ കവിതാ ശകലങ്ങളിൽ ചിലതു മാത്രം ഇവിടെ കുറിച്ചിടുന്നു.

ആകാശ മുറ്റത്ത് – 
നിറയെ നിലാപ്പൂക്കൾ,  
ഞാനും കാവൽക്കാരൻ'

തലയണമന്ത്രം 
പടിക്കപ്പുറത്തതാ – 
രണ്ടു വൃദ്ധർ'

മേഞ്ഞിട്ടില്ലെങ്കിലും – 
ചോരുന്നില്ലെന്റെ വീട്  
സ്‌നേഹത്തിന്റെ മേൽക്കൂര'
മുടിയഴിച്ചാടുന്നു മുറ്റത്തെ ആൽമരം,  കാറ്റേ നാലു കാലിലാണു വീട്'

മൽസരിച്ചു കൊഞ്ചുന്നു  
കൊലുസും കുപ്പിവളയും 
പ്രണയാർദ്രം ഉറങ്ങാൻ മറന്ന രാവ്'
യാത്ര പോയച്ഛൻ 
പട്ടിണിയുടെ കഞ്ഞിപ്പാത്രത്തിൽ  
അമ്മയുടെ കണ്ണീരുപ്പ്'
എന്തൊരു ചന്തം തിരുനെറ്റിയിലെ ചന്ദനക്കുറി,  തൊഴുതു വരുന്നു പ്രഭാതം.'

പഴയ ഗ്രാമം  
പുതിയ വിരുന്നുകാർ 
നാടോടികൾ്'

പൂക്കാലം കഴിയാറായി,  പുസ്തകം പൊതിയുന്നു,  പൂത്തുമ്പികൾ'

പട്ടിണി കിടന്നേമ്പക്കം 
അമ്മയേക്കാൾ നല്ലഭിനേത്രിയെ  
ഇതുവരെ കണ്ടിട്ടില്ലെന്നച്ഛൻ'

കൂട്ടമണി
സ്‌കൂൾ മുറ്റം നിറയെ –
നാലുമണിപ്പൂക്കൾ'

ഇക്കൊല്ലവും മേഞ്ഞില്ല 
ആകാശവും എന്റെ വീടും  
ചോർന്നൊലിക്കുന്നു രണ്ടും'

മതി ഉറങ്ങിയത്  
പുലരാനിനി നാഴിക മാത്രം 
പോവാനോ ദൂരമേറെ'

സമയമായിട്ടും 
ഉണർന്നില്ലേ സൂര്യൻ?  
ഉമ്മറത്താകെ ഇരുട്ട് '

ഒരു വർഷത്തിലേറെയായി വൻകുടലിന് കാൻസർ ബാധിച്ച് എറണാകുളത്തു ചികിൽസയിലായിരുന്ന അദ്ദേഹം ജൂലൈ എട്ടിന് തന്റെ ജീവിതവും ചെറു വരിക്കവിത പോലെ നന്നേ ചുരുക്കി യാത്രയായി.
ജൂൺ 15 ന് അദ്ദേഹം തന്റെ എഫ്ബിയിൽ അവസാനമായി എഴുതിയത് ഇതാണ്: 'ഇത്തവണത്തെ ചെറിയ പെരുന്നാൾ ആശുപത്രിക്കിടക്കയിൽ; അതും 'നിരാഹാരം. പ്രിയ മിത്രങ്ങളേ, പ്രാർത്ഥനകളിൽ എന്നെയും ഓർക്കുക. എല്ലാവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ!'  
ഹൈക്കൂ എഫ്ബി ഗ്രൂപ്പിലെ കൂട്ടുകാരിൽ നിന്ന് അദ്ദേഹത്തിന്റെ വിയോഗ വാർത്തയറിഞ്ഞ് മൂന്നു വരികളുടെ തന്നെ അനുശോചന സന്ദേശങ്ങൾ കവിതയായി, തേങ്ങലായി നിലയ്ക്കാതെ പ്രവഹിക്കുകയാണ്. അവയിൽ ചിലത് ഇങ്ങനെ വായിക്കാം.
'മണ്ണും കൊതിച്ചു 
മൂന്നു വരിക്കാരനെ  
പോകാതെ വയ്യ!'

നീ നട്ടു വളർത്തിയ 
മൂന്നുവരിച്ചെടി നിറയെ  
ഓർമ്മപ്പൂക്കൾ'

സന്ധ്യക്കു മുമ്പേ ഉറങ്ങിയെൻ മിത്രം, 
ചാരെ മൈലാഞ്ചിച്ചെടി'

പള്ളിക്കാട്ടിലെ 
കള്ളിച്ചെടിപ്പൂവിൽ  
ഒരു പൂമ്പാറ്റച്ചിറകടി'

നിലവിളക്ക് കെട്ടു
വീട്ടിലാകെ  
കരിന്തിരിമണം
 

Latest News