നാല് കവിതകൾ
മഴ
ഷബ്ന തുളുവത്ത്, മക്കരപ്പറമ്പ
മഴയത്ത് കരയാനെനിയ്ക്കിഷ്ടമാണെന്നും
മഴയിൽ കുതിർന്നെന്റെ കണ്ണുനീരലിയുന്നു
മഴയിൽ അലിഞ്ഞെന്റെ മനസ്സ് പിടയുന്നു
മറ്റാരും കാണാതെ കരഞ്ഞു ഞാൻ തീർക്കുന്നു
അറിയാത്ത കാര്യങ്ങൾ വന്നാരോ പറയുന്നു
കാണാത്ത കാഴ്ചകൾ പലതും ഞാൻ കാണുന്നു
ആരോടുമൊന്നും പറഞ്ഞിടാൻ കഴിയാതെ
മനസ്സിലൊതുക്കി ഞാൻ മന്നാനെ തേടുന്നു...
മിത്രങ്ങളെല്ലാരും ശത്രുക്കളാവുന്നു
ഉറ്റവരെല്ലാം പിരിഞ്ഞിട്ട് പോവുന്നു
സ്‌നേഹം നടിച്ചവർ ഹൃദയം പറിക്കുന്നു
റബ്ബിന്റെ കാരുണ്യമുണ്ടെൻ മനസ്സിനുള്ളിൽ..
രക്ഷിക്ക് റബ്ബേ നീ എന്നെ നീ എന്നെന്നും...
മഴയത്ത് കരയാനെനിയ്ക്കിഷ്ടമാണെന്നും
മഴയിൽ കുതിർന്നെന്റെ കണ്ണുനീരലിയുന്നു
മഴയിലലിഞ്ഞെന്റെ മനസ്സ് പിടയുന്നു
മറ്റാരും കാണാതെ കരഞ്ഞു ഞാൻ തീർക്കുന്നു.
----------------------------------------
സ്വപ്‌നത്തിലൊരു ആകാശം വരയ്ക്കുമ്പോൾ
നിബിൻ കള്ളിക്കാട്
നനഞ്ഞ മഞ്ഞിന്റെ വിറച്ച സ്വപ്‌നത്തിൽ
മൃതിനിദ്രയിലെത്തി രഹസ്യം പറയുന്നു
ചിത്രകാരാ നീയിനി വരയ്ക്കുകയാകാശം
ചുട്ടുപഴുത്തുരുകുന്ന കിനാവിന്റെയാകാശം,
ചീർത്ത വാക്കിന്നുരുകുന്ന ക്യാൻവാസിൽ
പുഞ്ചിരിതൻ പല മിനുസവർണങ്ങളിൽ,
നാളെകളുടെ നക്ഷത്രങ്ങളണയുന്ന പോൽ
തീക്കനൽപോലെ പൊള്ളുമൊരോർമ്മയിൽ
ചേർത്ത കിനാവിന്റെ ചോരയിലിനിമുക്കി
നേർത്ത നിരാശയെല്ലാമൊന്നെറിഞ്ഞുടയ്ക്കൂ..
ഉള്ളിലാളുന്നൊരോർമ്മകൾക്കന്നമായങ്ങനെ
നിന്നുരുകുമുള്ളിലെ മിഴിനീരിൻ സമുദ്രങ്ങൾ
പകലുകൾ മായവേ ചുട്ടുപൊള്ളുന്നൊരാ
കനലാളം വിഴുങ്ങിയുറങ്ങാത്ത രാത്രികളും
ചിത്രകാരാ നിൻ വിരൽത്തുമ്പിലാണാകാശം
ഹൃദയത്തിലിടറുമമാവാസിതൻ വെളിച്ചവും
ഉടലുറപ്പുകൾ മായുന്ന വേഗത്തിരകളിൽ
ഉമിത്തീപോലെയെരിയുന്ന കനവിനാഴത്തിൽ
വരയ്ക്കുക സ്വപ്‌നം കരിയുന്നൊരാകാശം
കവിതയിലുരുകവേ കവിയായി തുലയുന്ന
നീ നെയ്ത സ്വപ്‌നങ്ങൾ മരിച്ചൊരാകാശം
നിണമറ്റഭൂമിതൻ നോവും നിഴലുകളില്ലാതെ
പിണരറ്റ മിന്നലിൽ വെള്ളിവെളിച്ചവുമില്ലാതെ
ഇടിമുഴക്കത്തിൻ നടുങ്ങുമോർമ്മയുമില്ലാതെ
തുടിമുഴങ്ങുന്ന ഹൃദയത്തിന്റെ പാട്ടുമില്ലാതെ
ചിത്രകാരാ നീവരച്ചതോ കരിനീലയാകാശം
രക്തവർണത്തിലപമൃത്യുവിന്റെ കൈകളിൽ
നിന്നുമുണരാതെ നിത്യവുമന്ധമായിങ്ങനെ
സ്വപ്‌നത്തിനന്നമായെന്നുമുരുകിയുറങ്ങിടാൻ.
----------------------------------------
എന്റെ നോവിന്റെ കവിത
സജിത എ. ഖാദർ, ഈരാറ്റുപേട്ട
എന്റെ നോവിന്റെ കവിത കുറിക്കുവാൻ
വാക്കുകൾ തേടിയലഞ്ഞു ഞാനന്നേകയായ്
കേവലം വാക്കുകൾ കൊണ്ടെന്റെ നോവുകൾ
പെയ്‌തൊഴിയുമെന്നേറെ നിനച്ചു ഞാൻ
കാലചക്രത്തിന് കറക്കത്തിലെപ്പോഴും
നോവുകൾ മറവിയിലൊളിക്കുമെന്നാരോ
നോവാതിരിക്കുവാൻ പറഞ്ഞതാണെന്ന്
ഏറെ മിഴിവോടെനിക്കിന്ന് തെളിയുന്നു
നോവിന്റെ നനവിലെൻ കവിത മുളപൊട്ടി
അനുഭവത്തിൻ ചൂടും ചൂരും അതിന്നു വളമായി
അമർഷപ്പേമാരിയിൽ അകം തോരാതെ പെയ്ത
മഴക്കുളിരിലത് വളർന്നു പന്തലിച്ചു
ഉറങ്ങാതുണർന്നിരുന്ന നിശീഥിനിയിലെന്നും
പാതി തുറന്നിട്ട ജാലകപ്പഴുതിലൂടെ
ഞാൻ കണ്ട ജീവിതങ്ങളാണെന്റെ കവിതയ്ക്ക്
മഴവില്ലിനന്യമായ ചായം പൂശിയത്
പ്രതിരോധത്തിൻ ഇടിനാദമെൻ കവിതയ്ക്കു താങ്ങായി
പ്രതിഷേധത്തിൻ മിന്നൽപ്പിണരെൻ കവിതയ്ക്കു വെളിച്ചമായ്
നോവുകൾ കൊണ്ടു ഞാൻ തീർത്തൊരീയക്ഷരങ്ങൾ
കാരിരുമ്പിൻ കരുത്തുള്ള കവിതയായ് മാറുന്നു
മുട്ടിലിഴയാതെൻ ശിരസ്സുയർത്തി വിരൽ ചൂണ്ടി
നേരിന്റെ നേരെ മിഴികൾ തുറക്കുവാൻ
കണ്ണീർ മഷികൊണ്ടലങ്കാരമേകിയെൻ
വരികൾ തുടികൊട്ടും നോവിൻ കവിതയായ്
നോവിൻ കവിതയായ്
നോവിൻ കഥകളായ്
നോവാതിരിക്കുന്നോരൊക്കെയുമറിയുവാൻ
നേരിന്റെ തെളിമയിലെൻ കവിത തിളങ്ങണം
അരിശവും പിരിശവും വാക്കാൽ രമിക്കണം
തപിക്കും മനസ്സിന്റെയുരുക്കവുമറിയണം
നോവാതിരിക്കുവാൻ കവിതയായി ഒഴുകണം.
----------------------------------------
നാട്ടുനടപ്പ്
ഫായിസ് അബ്ദുല്ല, തരിയേരി
എന്റോടം മുറിച്ചു
രണ്ടോരി വെച്ചാൽ
തെക്കോരം സുബൈദക്കും
വടക്കേമ്പ്രം കദിയാക്കും കൊടുക്കണമെന്നാവും
നടപ്പ്.
എഴുപത് കുടില് മാത്രം
കെട്ടിയാടുന്നൊരു പച്ചക്കതിരുകൾക്കും കുറുകെ,
നീങ്ങുന്ന നിഴലിന്റെ പുതുസ്സളവുകളിൽ അവരിങ്ങനൊന്ന് നിലമെറിയും
'എണേ... നീയറിഞ്ഞിനാ..'
പെറ്റോടത്ത്,
ആറെണ്ണം കുലച്ചു നിന്നിട്ടും
ആരാന്റെ പേറിലെ
ചേറ് കാണാൻ
ബുർഖയണിഞ്ഞ്
ഹാജിയാപ്ലന്റെ കണ്ടി കീഞ്ഞു
വരുന്നൊരു വരവേയ്...
നാലു പെണ്ണുങ്ങളിരിക്കുന്ന
കിണറ്റിൻവക്കത്ത്
സുബൈദയും കദിയയും നിവർത്തുന്ന ആവലാതിപ്പൊതികളിൽ
ഇശാക്ക് പോകുന്ന കുട്ടി
കണ്ടെന്നു പറയുന്ന
പ്രേതകഥകൾ ഉള്ളതേയ്‌നെന്നു തോന്നിക്കും.
ഇമ്മച്ചിയെ...
ചോന്ന തസ്ബീഹും കല്ലുകൾ കൂട്ടിക്കെട്ടി,
മുള്ളേറ്റു കീറിയ
കറുത്ത കോന്തയിട്ട്
കാടിനു നടുവിൽ
കണ്ണുന്തി നിൽക്കുന്ന ആയിരം നാക്കുള്ള
രണ്ടു പെൺകുട്ടിയമ്മകൾ
എന്റെ വഴിയടക്കുന്നു.
ആണ്ടിലൊരിക്കൽ,
പള്ളിക്കലെ
നരകക്കഥയിൽ മാത്രം
അവരുടെ കണ്ണ് ചുവക്കും
അപ്പോഴൊക്കെ
കദിയാന്റെ മധുരം കൂട്ടിയുള്ള
നെടുവീർപ്പുകൾ
തൂണു പിടിച്ചു
'ഹഖ് പറഞ്ഞില്ലേൽ നാട് കുട്ടിച്ചോറായിപ്പോകൂലെ'യെന്നാക്കഥ
വൃഥാവിലിരുത്തും.
ഇഷ്ടപ്പെട്ടു കഴിയുന്നോരുടെ
ഇടയിലേക്ക്
അവിഹിതമായൊരു കട്ടുറുമ്പിനെ വിട്ട്
സൽമീക്കാന്റെ ഗൾഫ് ചാക്കിൽ
ഒറ്റക്കുത്തിറക്കി,
ചിരി കമിത്തി,
അതിര് കൂട്ടി കാഫ് വരക്കുന്നത് നിരീക്കുമ്പോൾ
പടച്ചോൻ പൊറുക്കൂലിതൊന്നും പറഞ്ഞുമ്മ കരയും
പുര മടുത്ത എല്ലാ പെണ്ണുങ്ങളും കരയും
ഊടുവക്കിലും നീലരാവിലും
സുബൈദ കുറ്റൊന്നും പറയലില്ലെന്ന്
പായാരം പറഞ്ഞ്
പ്രാണനെ പച്ചയിൽ കീറിയ
കനലിൽ
കമ്യുണിസ്റ്റ് പച്ച തേച്ചു പിടിപ്പിച്ചു
ഒന്നും പറയാതെ,
കുന്നുമ്പുറം വരെ
കൂട്ട് വരുമോന്ന്
ചോദിക്കുന്നേരം മാത്രം,
ഭൂമിയിലെ എല്ലാ ഫെമിനിച്ചിമാരും ജീവിക്കാനൊരു കൂട്ട് വേണമെന്നൊരു
ഒറ്റ നേര്
പറയുന്നുണ്ടെന്ന് തോന്നും.
ജൈഹൂന്റെ അയലക്കത്തൊന്നും
ഇങ്ങനെയൊന്നില്ലെന്ന് എഴുതിയ
ഒറ്റ നുണയിലാണ്
പെണ്ണൊരു നാട് ഭരിക്കുന്നതും ഭാഗിക്കുന്നതുമെന്ന് കുറി വെച്ചപ്പോൾ
അതാ..
ഒറ്റ നേരു വള്ളി പടർന്നു നാട്ടിലാർക്കും ഗതിയില്ലാത്തൊരു വിധി വരുന്നു
നാട് മുറിച്ചു പപ്പാതി വെച്ചു
നമ്മളൊക്കെയും
നെറി കെട്ട് ജീവിപ്പിച്ചു നിർത്തുന്ന
വല്ലാത്ത മുറിപ്പ്.






